ADVERTISEMENT

കാഞ്ഞങ്ങാട് ∙ അനാസ്ഥയുടെയും കുറ്റകരമായ ഉദ്യോഗസ്ഥ– ജനപ്രതിനിധി ഭരണ നിർവഹണത്തിന്റെയും ജീവിച്ചു തീർക്കുന്ന ഉദാഹരണമാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ. പ്രതികരിക്കാനോ ചോദ്യം ചെയ്യാനോ ആരുമില്ലാത്ത അവസ്ഥ. വർഷങ്ങൾക്ക് മുൻപ് കോട്ടച്ചേരി റെയിൽവേ മേൽപാലം പണികഴിപ്പിക്കുമ്പോൾ അതിന്റെ ഭാഗമായി ഒരു നടപ്പാത ഈ സ്റ്റേഷന് അടുത്ത് ഒരുക്കിയിരുന്നു. അതിന്റെ ഇപ്പോഴത്തെ അവസ്ഥ ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പറയും. മെല്ലെപ്പോക്കിന്റെയും അവഗണനയുടെയും അതടക്കമുള്ള യാഥാർഥ്യങ്ങളാണ് കാഞ്ഞങ്ങാട് സ്റ്റേഷനിലേത്. ഉത്രാടദിനത്തിൽ 3 ജീവനുകൾ പൊലിഞ്ഞു. ഈ പാളങ്ങളിൽ ഇനിയും ജീവനുകൾ പിടഞ്ഞുവീഴാതിരിക്കാൻ ഉണരേണ്ടവർ ഉണരുക തന്നെവേണം.

1. കോട്ടച്ചേരി മേൽപാലത്തോടു ചേർന്ന് നിർമിച്ച കോണിപ്പടികൾ. 2. റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാന റോഡ്. 3. ശനിയാഴ്ച ട്രോളി പാത്തിലൂടെ പാളം കടക്കുന്നതിനിടെ ട്രെയിൻതട്ടി 3 പേർ മരിച്ചത് ഇവിടെ.
1. കോട്ടച്ചേരി മേൽപാലത്തോടു ചേർന്ന് നിർമിച്ച കോണിപ്പടികൾ. 2. റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാന റോഡ്. 3. ശനിയാഴ്ച ട്രോളി പാത്തിലൂടെ പാളം കടക്കുന്നതിനിടെ ട്രെയിൻതട്ടി 3 പേർ മരിച്ചത് ഇവിടെ.

അപകടം എവിടെ?
പുഴകളിലെ ചതിക്കുഴി പോലെയാണ് കാഞ്ഞങ്ങാട് സ്റ്റേഷന്റെ വലതുഭാഗത്തായുള്ള ട്രോളിപാത്ത് അഥവാ നടപ്പുവഴി. സ്റ്റേഷന്റെ പ്രധാന കവാടത്തിലേക്ക് എത്താതെ യാത്രക്കാർക്ക് നേരിട്ട് ഒന്നാം പ്ലാറ്റ്ഫോമിന്റെ അവസാനഭാഗത്തേക്കും രണ്ടാം പ്ലാറ്റ്ഫോമിന്റെ ആദ്യഭാഗത്തേക്കും (ഷൊർണൂർ വശത്തേക്ക് പോകുന്നയാൾ എങ്കിൽ) നേരിട്ടെത്താനാകുന്ന വഴിയാണിത്. പാളങ്ങൾ കുറുകെ കടന്ന് റെയിൽവേ സ്റ്റേഷന്റെ പ്രധാന റോഡിലേക്ക് വരെയാണ് ഈ വഴിയുള്ളത്. യാത്രക്കാർ മാത്രമല്ല, സ്റ്റേഷന് മറുവശത്തെ ആവിക്കര ഭാഗത്തേക്കുള്ള കാൽനട യാത്രക്കാരും ഈ വഴിയാണ് ഉപയോഗിക്കുന്നത്. ഇടതടവില്ലാതെ ആളുകൾ സഞ്ചരിക്കുന്ന വഴിയാണിത്.

ആവിക്കരയിലേക്ക് വേറെ വഴിയില്ലേ?
ആവിക്കരയിലേക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുള്ള നടപ്പുവഴി ഉറപ്പാക്കിയാണ് കോട്ടച്ചേരി മേൽപാലം വന്നപ്പോൾ കൈവരികളോടുകൂടിയ നടപ്പാത കൂടെ സജ്ജീകരിച്ചത്. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് അൽപം മാറിയാണ് നടപ്പാതയുടെ തുടക്കം. കുത്തനെയുള്ള പടികൾ കയറി എത്തിയാൽ മേൽപാലത്തിന് മുകളിലേക്ക് കയറാം. മേൽപാലത്തിന്റെ ആവിക്കര വശത്തും സമാനമായ നടപ്പാത ക്രമീകരിച്ചിരുന്നു. എന്നാൽ നടപ്പാതയിലേക്കുള്ള വഴി വെള്ളത്തിൽ മുങ്ങി. 

പിന്നാലെ കാടുകയറി. ചതുപ്പിന് സമാനമായ ഇവിടെ മലിനജലം കെട്ടിക്കിടക്കുകയാണ്. വെള്ളത്തിലൂടെ നീന്തി വന്നാൽപോലും ഇതിനിടയിൽ സ്ഥാപിച്ചിരിക്കുന്ന മുള്ളുവേലി യാത്രക്കാരെ തടയും. റെയിൽവേ പാളത്തിലൂടെ നടന്നുവന്നാൽ പോലും നടപ്പാലത്തിലേക്ക് അടുക്കാനാകില്ല എന്നതാണ് വസ്തുത. ആസൂത്രണമില്ലായ്മയുടെ സകല പരിധികളും ലംഘിച്ചാണ് നടപ്പാലം ചതുപ്പിൽ പണിതു വച്ചിരിക്കുന്നത്. അതോടെ ആവിക്കരയിലേക്ക് പേകേണ്ടവർ പതിവുപോലെ സ്റ്റേഷനിലെ ട്രോളിപാത്ത് ഉപയോഗിക്കുന്നത് തുടരുകയായിരുന്നു.

അപ്രതീക്ഷിതം; അതിവേഗം
അപകടവും മരണവും പരുക്കേൽക്കുന്നതും തുടർക്കഥയായ സ്റ്റേഷനാണ് കാഞ്ഞങ്ങാട്ടുള്ളത്. വരുമാനത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ള സ്റ്റേഷനാണെങ്കിലും പ്രധാന ട്രെയിനുകളൊന്നും നിർത്താറില്ല. അതുകൊണ്ടുതന്നെ കടന്നുപോകുന്ന ട്രെയിനുകൾക്ക് പലപ്പോഴും പരമാവധി വേഗമായിരിക്കും. പല ട്രെയിനുകളും എത്തുന്നത് അപ്രതീക്ഷിതമായാണ്. അങ്ങനെയെത്തിയ കോയമ്പത്തൂർ– ഹിസാർ എക്സ്പ്രസാണ്  കഴിഞ്ഞ ദിവസം 3 പേരുടെ ജീവൻ കവർന്നെടുത്ത് കുതിച്ചത്.

ആവിക്കര ഭാഗത്തേക്ക് കാൽനട യാത്രക്കാർക്ക് കടക്കാനായി കോട്ടച്ചേരി മേൽപാലത്തിനൊപ്പം നിർമിച്ച കോണിപ്പടികൾ. ഈ പ്രദേശം ഇപ്പോൾ ചതുപ്പാണ്.
ആവിക്കര ഭാഗത്തേക്ക് കാൽനട യാത്രക്കാർക്ക് കടക്കാനായി കോട്ടച്ചേരി മേൽപാലത്തിനൊപ്പം നിർമിച്ച കോണിപ്പടികൾ. ഈ പ്രദേശം ഇപ്പോൾ ചതുപ്പാണ്.

വേണ്ടത് മേൽനടപ്പാലം
അപകടങ്ങൾ തുടർക്കഥയായതോടെ സ്റ്റേഷന്റെ വടക്കുഭാഗത്തായി മേൽ നടപ്പാലം വേണമെന്ന് ആവശ്യമുയർന്നു. റെയിൽവേ ഇതിന് സമ്മതം മൂളിയെങ്കിലും നിർമാണം മാത്രം നടന്നില്ല. ഈ മേൽപാലം ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ദിവസത്തെ അപകടം ഉണ്ടാകുമായിരുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. നിലവിലുള്ള മേൽനടപ്പാലം സ്റ്റേഷന്റെ ഒത്ത നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. ട്രെയിനിന്റെ മുന്നിലുള്ള ബോഗികളിൽ നിന്ന് ഇറങ്ങുന്നയാൾക്ക് പിന്നോട്ട് നടന്ന് മേൽപാലം കയറി വീണ്ടും അത്രതന്നെ ദൂരം നടന്നാലാണ് പുറത്തേക്ക് ഇറങ്ങാനാകുന്നത്. അതുകൊണ്ടുതന്നെ യാത്രക്കാർ തൊട്ടുമുന്നിലുള്ള ട്രോളിപാത്ത് പുറത്തേക്ക് കടക്കാനായി തിരഞ്ഞെടുക്കും. അങ്ങനെ വന്നാൽ വീണ്ടും അപകടങ്ങൾ ആവർത്തിക്കും. ഈ ഭാഗത്ത് അടിയന്തരമായി മേൽപാല നിർമാണം ആരംഭിക്കണമെന്നാണ് യാത്രക്കാരും സംഘടനകളും ആവശ്യപ്പെടുന്നത്.

English Summary:

This article exposes the dangerous conditions at Kanhangad Railway Station, where administrative negligence and lack of essential infrastructure like a foot overbridge have led to tragic accidents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com