ADVERTISEMENT

കാഞ്ഞങ്ങാട് ∙ റെയിൽവേ പാളത്തിലൂടെ നടക്കുന്നത് അപകടകരമാണെന്ന് ഈ യാത്രക്കാർക്ക് എല്ലാവർക്കും അറിയാം. എന്നിട്ടും കടക്കുന്നത് ഗതികേടുകൊണ്ടാണെന്ന് യാത്രക്കാർ പറയും. നിലവിലുള്ള മേൽനടപ്പാതയിലേക്ക് എത്തണമെങ്കിൽ അരകിലോമീറ്ററോളം ദൂരം നടക്കണം. ബോഗി ട്രെയിനിന്റെ മുന്നിലാണെങ്കിൽ വീണ്ടും അത്രതന്നെ ദൂരം നടക്കണം. സ്റ്റേഷന്റെ മുന്നിലേക്കെത്തിയാൽ വാഹനമാണെങ്കിൽ‍ ബ്ലോക്കിൽ കുടുങ്ങും. തിരിക്കാൻ പോലും നട്ടംതിരിയും. നടക്കാനാണെങ്കിൽ വിയർത്തു കുളിക്കും. അതിനിടയിൽ ട്രെയിൻ സ്റ്റേഷൻ തന്നെവിട്ടുപോകും. ഈ കാരണങ്ങളാണ് യാത്രക്കാരെ ട്രോളിപാത്ത് എന്ന എളുപ്പവഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. വെറും 20 മീറ്റർ നടന്നാൽ പ്രധാന പാതയിൽ നിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്കോ രണ്ടാം പ്ലാറ്റ്ഫോമിലേക്കോ നേരിട്ടെത്താം. കാഞ്ഞങ്ങാട്  ഉത്രാടദിനത്തിൽ അപകടത്തിൽപെട്ട വിവാഹസംഘത്തിന്റെ വാഹനം ഈ ഇടവഴിക്ക് മുന്നിൽ ഡ്രൈവർ നിർത്തിയതിന്റെ പ്രധാന കാരണവും ഒരുപക്ഷേ മേൽപറഞ്ഞ കാരണങ്ങളാകാം.

മേൽപാലം വന്നപ്പോൾ നടവഴി നഷ്ടമായവർ
കോട്ടച്ചേരി മേൽപാലം വന്ന് വാഹനഗതാഗതം സുഗമമായപ്പോൾ ദുരിതത്തിലായത് ആവിക്കര ഭാഗത്തെ കാൽനട യാത്രക്കാരാണ്. മേൽപാലത്തിന്റെ ഭാഗമായി നടപ്പാത പണിതെങ്കിലും അതിലേക്ക് എത്തണമെങ്കിൽ ചതുപ്പിൽ നീന്തണം. മേൽപാലം വന്നപ്പോൾ അടച്ചുപൂട്ടിയ റോഡിന്റെ വശങ്ങളിലൂടെയും അപകടം നടന്ന ട്രോളിപാത്തിലൂടെയുമാണ് ഇവരിപ്പോൾ യാത്ര ചെയ്യുന്നത്. സ്റ്റോപ് ഇല്ലാത്ത വാഹനങ്ങളുടെ വിവരങ്ങൾ അനൗൺസ്മെന്റ് ആയി നൽകാറില്ലാത്തതിനാൽ പലരും ജീവൻ കയ്യിലെടുത്താണ് പാളത്തിലേക്ക് ഇറങ്ങുന്നത്. കാഞ്ഞങ്ങാട് സ്റ്റേഷനോട് ചേർന്ന് പാതയിൽ വളവ് ഉള്ളതിനാൽ മംഗലാപുരം വശത്തേക്കുള്ള അതിവേഗ ട്രെയിനുകളും രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള പാളത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഷൊർണൂർ ഭാഗത്തേക്കുള്ള അതിവേഗ ട്രെയിനുകൾ നടുവിലുള്ള പാതയിലൂടെയും പോകും. ചുരുക്കത്തിൽ ഈ സ്റ്റേഷനിൽ നിന്നുള്ള രണ്ട് പാതയിലും, ഇവിടെ സ്റ്റോപ്പില്ലാത്ത അതിവേഗ ട്രെയിനുകൾ കുതിച്ചെത്താം.

വഴി അടച്ചല്ല പോംവഴി
ഉത്രാടദിനത്തിൽ ട്രെയിനിടിച്ച് 3 കോട്ടയം സ്വദേശിനികളാണ് ഇവിടെ മരിച്ചത്. ട്രോളിപാത്തിലൂടെ കടക്കുന്നതിനിടെയാണ് അപകടം നടന്നത്. ഈ അപകട സാഹചര്യം ഇല്ലാതാക്കണം എന്നാവശ്യപ്പെടുമ്പോഴും അതിനുള്ള പോംവഴി, ഈ വഴി അടയ്ക്കുക എന്നതല്ല. സ്ഥിരമായ ബദൽ സാഹചര്യം ഒരുക്കുകയാണ് റെയിൽവേ ചെയ്യേണ്ടത്. മേൽനടപ്പാലം എന്ന ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് അധികൃതർ തിരിച്ചറിയണം. മലയോരത്ത് നിന്നുള്ളവർ മണിക്കൂറുകളോളം യാത്ര ചെയ്താണ് ദീർഘദൂര യാത്രകൾക്ക് ഈ സ്റ്റേഷനിലെത്തി ചേരുന്നത്. പ്രധാന ട്രെയിനുകളിൽ പലതും നിർത്തുന്നില്ലെങ്കിലും വരുമാനത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം ഈ സ്റ്റേഷനാണെന്ന വസ്തുത റെയിൽവേ അധികൃതരും മനസ്സിലാക്കണം.

അവഗണിക്കരുത് ജീവനാണ്
മേൽനടപാലമെന്ന യാത്രക്കാരുടെയും സംഘടനകളുടെയും ആവശ്യം നിസ്സാരമെന്ന് വിലയിരുത്തി ഇനിയും അവഗണിക്കാനാണ് റെയിൽവേ നീക്കമെങ്കിൽ ഈ പാളങ്ങളിൽ ഇനിയും അപകടങ്ങൾ ആവർത്തിക്കപ്പെടും. ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് നീളുന്ന തരത്തിൽ മേൽനടപ്പാലം പണിയുകയാണ് കാഞ്ഞങ്ങാട് സ്റ്റേഷനിൽ റെയിൽവേ കാലതാമസമില്ലാതെ ചെയ്യേണ്ടത്. അത് പ്ലാറ്റ്ഫോമുകൾക്ക് പുറത്തേക്ക് നീളണമോ എന്നവിഷയത്തിൽ ഭരണതലത്തിൽ ചർച്ചകൾ അതിവേഗം തീർക്കുകയും വേണം. മുൻപ് അനുമതി ലഭിച്ചുവെന്ന് പറയപ്പെടുന്ന പ്രോജക്ടിന് എന്തുസംഭവിച്ചു എന്ന പരിശോധനയും ഇതിനിടയിൽ ഉണ്ടാകണം. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും സജീവ ഇടപെടലാണ് ഇക്കാര്യത്തിൽ യാത്രക്കാർ പ്രതീക്ഷിക്കുന്നത്.

English Summary:

This article highlights the dangerous practice of pedestrians crossing railway tracks in Kanhangad due to the inconvenient location of the existing foot overbridge. It underscores the urgency for constructing a new foot overbridge to ensure passenger safety and prevent future accidents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com