ADVERTISEMENT

കാഞ്ഞങ്ങാട് ∙ റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തെ മേൽനടപ്പാലത്തിന്റെ നിർമാണം 3 മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് റെയിൽവേ. അപകട സ്ഥലം സന്ദർശിച്ച കലക്ടർ കെ.ഇമ്പശേഖറുമായി നടത്തിയ ചർച്ചയിൽ സ്റ്റേഷൻ മാസ്റ്റർ രാജീവ് കുമാർ മിശ്രയാണ് മേൽനടപ്പാല നിർമാണം ഉടൻ ആരംഭിക്കുമെന്ന് വ്യക്തമാക്കിയത്. ഇതിന്റെ നിർമാണം വേഗത്തിലാക്കാൻ നിർദേശിച്ച് ഡിവിഷനൽ മാനേജർ‍ക്ക് കലക്ടർ അടിയന്തരമായി കത്തുനൽകും. 

ഉത്രാടദിനത്തിൽ കോട്ടയം സ്വദേശിനികളായ 3 പേരുടെ മരണത്തിന് ഇടയാക്കിയ ട്രോളിപാത്ത്, ബദൽ വഴികൾ ഒരുക്കാതെ അടച്ചുപൂട്ടരുതെന്ന നിർദേശം കത്തിൽ ഉൾപ്പെടുത്തുമെന്നും കലക്ടർ വ്യക്തമാക്കി. മേൽ‍നടപ്പാലമില്ലാതെ യാത്രക്കാരും പ്രദേശവാസികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ‘നടപ്പാത ഇഴയുമ്പോൾ’ എന്ന പരമ്പരയിലൂടെ മലയാള മനോരമ തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നു.

ആശങ്കകൾ പാളം കടക്കും
പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്നതിനൊപ്പം സ്റ്റേഷന്റെ ഇരുഭാഗത്തേക്കും യാത്രാ സൗകര്യം ഉറപ്പാക്കിയാണ് മേൽനടപ്പാലം നിർമിക്കുക. 

നിലവിലുള്ള പാർക്കിങ് ഗ്രൗണ്ടിൽ നിന്നാണ് ആരംഭിക്കുന്നത്. തെക്കുഭാഗത്ത് പുരോഗമിക്കുന്ന പാർക്കിങ് ഗ്രൗണ്ടിന്റെ നിർമാണം 3 മാസത്തിനുള്ളിൽ പൂർത്തിയാകും. ഇപ്പോഴുള്ള പാർക്കിങ് ഗ്രൗണ്ട് അവിടേക്കു മാറ്റിയതിന് ശേഷമാകും മേൽനടപ്പാലത്തിന്റെ നിർമാണം തുടങ്ങുക. 

ആവിക്കര പ്രദേശത്തേക്ക് കടക്കുന്നവർക്കും ഈ പാത ഉപയോഗിക്കാനാകുമെന്ന് കലക്ടർ, സബ് കലക്ടർ പ്രദീക് ജയിൻ, നഗരസഭാധ്യക്ഷ കെ.വി.സുജാത എന്നിവരോട് സ്റ്റേഷൻ മാസ്റ്റർ വിശദീകരിച്ചു. യാത്രക്കാരും പ്രദേശവാസികളും നിലവിൽ ഉപയോഗിക്കുന്ന ട്രോളിപാത്ത് ബദൽ വഴികൾ ഒരുക്കാതെ അടച്ചു പൂട്ടരുതെന്ന് റെയിൽവേക്ക് നിർദേശം നൽകും. 
മേൽനടപ്പാലം സംബന്ധിച്ച ഫയൽ നിലവിൽ റെയിൽവേ ഡിവിഷനൽ മാനേജരുടെ പക്കലാണുള്ളത്. അദ്ദേഹത്തിന്റെ അനുമതി ലഭിച്ചാലുടൻ നിർമാണം ആരംഭിക്കാനാകും. അനുമതി വേഗത്തിൽ ലഭ്യമാക്കാനാണ് കലക്ടറുടെ ശ്രമം. ഇതിനായി സബ് കലക്ടറെ അദ്ദേഹം ചുമതലപ്പെടുത്തി.

നടവഴി; സർവകക്ഷിയോഗം അടുത്ത ആഴ്ച
കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിനോട് ചേർന്ന് നിർമിച്ച നടവഴി ഉപയോഗ ക്ഷമമാക്കുന്നത് സംബന്ധിച്ച് അടുത്ത ആഴ്ച സർവകക്ഷി യോഗം ചേരാൻ സബ് കലക്ടർക്ക് കലക്ടർ നിർദേശം നൽകി. നടവഴി കടന്നുപോകുന്ന സ്ഥലത്തിന്റെ ഉടമകളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് യോഗം. റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാനപാതയുടെ വശങ്ങളിലെ അനധികൃത പാർക്കിങ് കർശനമായി നിയന്ത്രിക്കാൻ പൊലീസിന് കലക്ടർ നിർദേശം നൽകി. 
അതിന്റെ ഭാഗമായി മുന്നറിയിപ്പ് ബോർഡ് വച്ച് പാർക്കിങ് നിയന്ത്രിക്കും. 
നഗരസഭ ഉപാധ്യക്ഷൻ ബിൽടെക് അബ്ദുല്ല, സ്ഥിരസമിതി അധ്യക്ഷരായ കെ.അനീശൻ, കെ.ലത, കെ.വി.സരസ്വതി, കൗൺസിലർമാരായ എം.ശോഭന, എ.കെ.ലക്ഷ്മണൻ, ടി.ബാലകൃഷ്ണൻ, സി.രവീന്ദ്രൻ, ആർപിഎഫ് എസ്ഐ കതിരേഷ് ബാബു എന്നിവർ സംഘത്തിലുണ്ടായിരുന്നു.

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് റിസർവേഷൻ കൗണ്ടറിന് ചുവപ്പുകൊടി
കാഞ്ഞങ്ങാട് ∙ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ പൂർണമായും നിർത്തലാക്കി. ജനറൽ കൗണ്ടറിലൂടെ മാത്രമേ ഇനി മുതൽ റിസർവേഷൻ ടിക്കറ്റുകൾ എടുക്കാൻ കഴിയൂ. നേരത്തെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ രണ്ടു റിസർവേഷൻ കൗണ്ടർ ഉണ്ടായിരുന്നു. രാവിലെ 8 മുതൽ 2 വരെ ഒരു കൗണ്ടറും പിന്നീട് 2 മുതൽ 8 വരെ മറ്റൊരു കൗണ്ടറും. ഇതിൽ ഒരു കൗണ്ടർ ആദ്യം നിർത്തി. പിന്നീട് ഒരു കൗണ്ടറിലൂടെ മാത്രം രാവിലെ 8 മുതൽ 4 ടിക്കറ്റ് റിസർവ് ചെയ്യാമെന്നായി. ഇപ്പോൾ ഈ കൗണ്ടറും നിർത്തി.

റിസർവേഷൻ കൗണ്ടർ നിർത്തിയതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. നിലവിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റും റിസർവേഷൻ ടിക്കറ്റും ഒരേ കൗണ്ടറിലൂടെ മാത്രമാണ് ലഭിക്കുക. കൂടാതെ ട്രെയിൻ സംബന്ധിച്ച വിവരം അറിയണമെങ്കിലും ഇതേ കൗണ്ടറിലെ ജീവനക്കാരനെ സമീപിക്കണം. ഇൻഫർമേഷൻ കൗണ്ടർ നേരത്തെ തന്നെ റെയിൽവേ പൂട്ടിക്കെട്ടിയിരുന്നു. ജനറൽ കൗണ്ടറിലെ ജീവനക്കാരൻ തന്നെയാണ് അനൗൺസ്മെന്റും നടത്തേണ്ടത്. ഇതിനിടയിൽ ടിക്കറ്റിനായി കാത്തു നിൽക്കുന്നവരുടെ നിര നീളും.

നിലവിൽ രണ്ടു എടിവിഎം സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമേ യുടിഎസ് ആപ്പും നിലവിലുണ്ട്. ഇതുവഴി ആളുകൾ ടിക്കറ്റ് എടുക്കട്ടേയെന്നാണ് റെയിൽവേ അധികൃതരുടെ നിലപാട്. പരമാവധി ‍ഡിജിറ്റലൈസേഷൻ എന്നതാണ് ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായാണ് കൗണ്ടറുകൾ കുറച്ചു കൊണ്ടു വരുന്നതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ പെട്ടെന്നുള്ള പിന്മാറ്റം സാധാരണക്കാരായ യാത്രക്കാരെ ഏറെ ബാധിക്കുന്ന സ്ഥിതിയാണ്. കാഞ്ഞങ്ങാടിന് പുറമേ കാസർകോട്, പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറും നിർത്തലാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ.

English Summary:

Following a fatal accident, construction of a footbridge at Kanhangad Railway Station will commence within three months, addressing passenger safety concerns. The project aims to provide convenient access to platforms and alleviate issues caused by the lack of a safe crossing. However, the recent closure of the ticket reservation counter adds to passenger woes, highlighting the need for improved facilities and services.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com