'നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരിൽ വ്ലോഗർമാരുടെ ചിത്രീകരണം തടഞ്ഞു
Mail This Article
കൊച്ചി ∙ ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലിൽ വിവാഹച്ചടങ്ങുകൾക്കും മറ്റ് മതപരമായ അനുഷ്ഠാനങ്ങൾക്കുമല്ലാതെയുള്ള വിഡിയോ ചിത്രീകരണം ഹൈക്കോടതി തടഞ്ഞു. സെലിബ്രിറ്റികളെ അനുഗമിച്ചു വ്ലോഗർമാർ വിഡിയോയെടുക്കുന്നതും നടപ്പന്തലിൽ അനുവദിക്കരുതെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിയും അഡ്മിനിസ്ട്രേറ്ററും വേണ്ട നടപടികൾ സ്വീകരിക്കണം. കിഴക്കേ ദീപസ്തംഭത്തിലൂടെ ഉൾപ്പെടെ ക്ഷേത്രത്തിന്റെ ഉൾഭാഗങ്ങളുടെ വിഡിയോ ചിത്രീകരിക്കുന്നതും അനുവദിക്കരുതെന്നും കോടതി നിർദേശിച്ചു.
ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയായ ജസ്‌ന സലീം ക്ഷേത്രപരിസരത്തു കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നോർത്ത് പറവൂർ സ്വദേശി പി.പി.വേണുഗോപാൽ, ഉദയംപേരൂർ നടക്കാവ് സ്വദേശി ബി.ബബിത മോൾ എന്നിവർ നൽകിയ ഹർജിയാണു പരിഗണിച്ചത്. ദർശനത്തിനായി ഓഗസ്റ്റ് 26ന് നടപ്പന്തലിൽ ക്യൂ നിൽക്കുന്ന വിശ്വാസികളുമായി തർക്കമുണ്ടാക്കുന്നതിന്റെയും ജൂൺ 15ന് നടപ്പന്തലിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങളും ഹർജിക്കാർ ഹാജരാക്കി.
വിഡിയോ ദൃശ്യത്തിൽ കാണുന്നതുപോലെ, നടപ്പന്തലിൽ ഭക്തരുമായി വഴക്കുണ്ടാക്കാൻ ആരെയും അനുവദിക്കരുതെന്നു കോടതി നിർദേശിച്ചു. നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല. ഭക്തർക്ക് ദർശന സൗകര്യമൊരുക്കാൻ മാനേജിങ് കമ്മിറ്റിക്ക് ഉത്തരവാദിത്തമുണ്ട്. കേരള പൊലീസ് നിയമപ്രകാരം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം പ്രത്യേക സുരക്ഷിത മേഖലയാണ്. കുട്ടികൾ, മുതിർന്ന പൗരൻമാർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ എന്നിവർ ഉൾപ്പെടെ ഭക്തർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തനങ്ങളൊന്നും നടപ്പന്തലിലുണ്ടാകുന്നില്ലെന്നു മാനേജിങ് കമ്മിറ്റി ഉറപ്പാക്കണം. ആവശ്യമെങ്കിൽ അഡ്മിനിസ്ട്രേറ്റർക്കു പൊലീസ് സഹായം തേടാമെന്നും കോടതി പറഞ്ഞു.