41 ഡിഗ്രിയിലെത്തി മധുര: ഇത്ര ചൂട് വന്നത് 22 വർഷം മുൻപ്; രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചൂട്
Mail This Article
ചെന്നൈ ∙ സെപ്റ്റംബറിലെ അപ്രതീക്ഷിത ചൂടിൽ വിയർത്തൊലിക്കുന്ന നഗരത്തിന് ആശ്വാസം ഉടനില്ല. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചൂട് അനുഭവിക്കുന്ന നഗരത്തിൽ നാലു ദിവസം കൂടി ഇതേ താപനില തുടരുമെന്നാണു മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം താപനില 40 ഡിഗ്രി സെൽഷ്യസിനടുത്തെത്തി. സംസ്ഥാനത്തു വൈദ്യുതി ഉപഭോഗവും കുതിച്ചുയർന്നു.
നഗരത്തിൽ രണ്ടാം വേനൽ
മാർച്ച് അവസാനം മുതൽ സെപ്റ്റംബർ വരെയാണ് വേനൽക്കാലം. സെപ്റ്റംബറിൽ രേഖപ്പെടുത്തുന്ന ഏറ്റവും കാഠിന്യമേറിയ ചൂടാണ് ഇപ്പോൾ അനുഭവിക്കുന്നത്. കേരളത്തിൽ ജൂണിൽ മഴ പെയ്യുന്നതിന്റെ ഭാഗമായി ചെന്നൈയിലും ജൂണിൽ ചൂടിനു ശമനം ഉണ്ടാകുകയും ജൂലൈയിൽ വീണ്ടും ചൂട് കൂടുകയുമാണ് പതിവ്. രണ്ടാം വേനൽ എന്നാണു ജൂലൈയിലെ ചൂട് അറിയപ്പെടുന്നത്. എന്നാൽ ഇത്തവണ താരതമ്യേന കൂടുതൽ മഴ ലഭിച്ചതിനാൽ ജൂലൈയിൽ കാര്യമായ ചൂടുണ്ടായിരുന്നില്ല. അതിനാൽ ഇപ്പോഴത്തെ ചൂടിനെ രണ്ടാം വേനൽ എന്നാണു കാലാവസ്ഥാ വിദഗ്ധർ വിശേഷിപ്പിക്കുന്നത്.39.2 ഡിഗ്രി സെൽഷ്യസാണു കഴിഞ്ഞ ദിവസം നഗരത്തിൽ േരഖപ്പെടുത്തിയ താപനില.
22 വർഷം മുൻപാണു സെപ്റ്റംബറിൽ ഇത്രയധികം താപനില രേഖപ്പെടുത്തിയത്. 2002 സെപ്റ്റംബർ 28നും 39.2 ഡിഗ്രിയായിരുന്നു താപനില. 1972 സെപ്റ്റംബർ 5നു രേഖപ്പെടുത്തിയ 38.6 ഡിഗ്രിയാണ് അതിനു മുൻപത്തെ കൂടിയ താപനില. ഈ മാസം 16നു രേഖപ്പെടുത്തിയ 38.4 ഡിഗ്രിയാണ് നാലാമത്തെ കൂടിയ താപനില. സെപ്റ്റംബർ ചരിത്രത്തിലെ ഏറ്റവും കൂടിയ നാലു താപനിലകളിൽ രണ്ടെണ്ണവും ഇത്തവണയാണെന്നു കണക്കുകൾ കാണിക്കുന്നു. നാലു ദിവസം കൂടി കടുത്ത ചൂട് അനുഭവപ്പെടുമെന്നാണു കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും അസഹനീയമായ ചൂടാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും മധുരയിലാണു കൂടുതൽ താപനില. മധുര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം താപനില 41 ഡിഗ്രിയിലെത്തി. ഈറോഡിൽ 39.6 ഡിഗ്രിയായിരുന്നു താപനില. പൊതുവേ തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്ന കൂനൂരും ചൂടിൽ വിയർക്കുകയാണ്. 26 ഡിഗ്രിയാണു കഴിഞ്ഞ ദിവസം കൂനൂരിലെ താപനില. കൂനൂരിൽ സെപ്റ്റംബറിൽ അനുഭവപ്പെടുന്ന 90 വർഷത്തിനിടയിലെ കൂടിയ താപനിലയാണിത്.
വഴിമാറി ഈർപ്പം
കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാണ് ചെന്നൈ, മധുര തുടങ്ങിയ സ്ഥലങ്ങളിൽ ചൂട് കൂടാൻ കാരണമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. പടിഞ്ഞാറൻ കാറ്റിൽ നിന്നുള്ള ഈർപ്പം വഴിമാറി ഉത്തരേന്ത്യയിലേക്കു നീങ്ങിയതോടെയാണു സംസ്ഥാനത്ത് ചൂട് കൂടിയത്. നിലവിൽ തമിഴ്നാടിനു മുകളിലുള്ള പടിഞ്ഞാറൻ കാറ്റിന് ഈർപ്പം കുറവാണ്. സാധാരണ ഈ സമയങ്ങളിൽ ഈർപ്പം കൂടുതലായതിനാലാണു സെപ്റ്റംബറിൽ അധികം ചൂട് അനുഭവപ്പെടാത്തത്. കുറഞ്ഞ ഈർപ്പം കാരണം മേഘം കുറയുകയും ഇതുവഴി കൂടുതൽ സൂര്യപ്രകാശം ഏൽക്കുകയും ചെയ്യുന്നുവെന്നും വിദഗ്ധർ പറയുന്നു.
വൈദ്യുതി ഉപയോഗം: പുതിയ റെക്കോർഡ്
കടുത്ത ചൂട് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും പ്രതിഫലിച്ചു തുടങ്ങി. സെപ്റ്റംബർ 1ന് 13,709 മെഗാവാട്ട് വൈദ്യുതിയായിരുന്നു ആവശ്യം. എന്നാൽ കഴിഞ്ഞ ദിവസം ആവശ്യം 17,974 മെഗാവാട്ടായി ഉയർന്നു. സെപ്റ്റംബർ 1ന് 314.966 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആയിരുന്നു ഉപയോഗിച്ചതെങ്കിൽ കഴിഞ്ഞ ദിവസം 404.293 ദശലക്ഷം യൂണിറ്റായി ഉയർന്നു. കഴിഞ്ഞ മേയ് 2നു രേഖപ്പെടുത്തിയ 20,830 മെഗാവാട്ട് ആണ് ഇതുവരെയുള്ള റെക്കോർഡ് ഉപയോഗം. എന്നാൽ നിലവിലെ ചൂട് പരിഗണിക്കുമ്പോൾ ഈ റെക്കോർഡ് മറികടക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ, വൈദ്യുതി മേഖലകളിലുള്ളവർ പറയുന്നു.