ADVERTISEMENT

ബോവിക്കാനം ∙ വാഹനാപകടങ്ങൾക്കു കുപ്രസിദ്ധിയാർജ്ജിച്ച ചെർക്കള–ജാൽസൂർ പാതയിലെ കോട്ടൂർ വളവിൽ വീണ്ടും അപകടം. ബെംഗളൂരുവിൽ നിന്നു ചെർക്കളയിലേക്കു കുപ്പിവെള്ളത്തിന്റെ ലോഡുമായി പോവുകയായിരുന്ന ലോറിയാണു നിയന്ത്രണം വിട്ടു മറിഞ്ഞത്.ഇന്നലെ പുലർച്ചെ 3.30നാണു അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ലോറി അരികിലെ ഭിത്തിയിലിടിച്ചു മറിയുകയായിരുന്നു. ഡ്രൈവർ മൈസൂരു പാണ്ഡവപുരം സ്വദേശി രാജു (34) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. തൊട്ടടുത്ത വീട്ടുകാർ ശബ്ദം കേട്ട് എത്തിയാണു ആശുപത്രിയ‌ിലെത്തിച്ചത്. 

3 വർഷമായി നടപടികളില്ല
കോട്ടൂർ വളവിനെ അപകടമുക്തമാക്കാനുള്ള മോട്ടർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ 3 വർഷം കഴിഞ്ഞിട്ടും കടലാസിൽ. വളവിന്റെ വീതി വർധിപ്പിക്കണമെന്ന പ്രധാന നിർദേശമുൾപ്പെടെ ഒന്നിൽ പോലും മരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.ചെർക്കള ഭാഗത്തേക്കു പോകുന്ന വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നതു മുഴുവൻ. ചെരിവുള്ള ഇറക്കവും ഇടുങ്ങിയ വളവുമാണ് അപകടങ്ങൾക്കു കാരണമെന്നാണു മോട്ടർ വാഹന വകുപ്പ് പറയുന്നത്. 

ചെർക്കള–ജാൽസൂർ പാതയിലെ കോട്ടൂർ വളവിൽ നിയന്ത്രണംവിട്ട് മറിഞ്ഞ ലോറി.
ചെർക്കള–ജാൽസൂർ പാതയിലെ കോട്ടൂർ വളവിൽ നിയന്ത്രണംവിട്ട് മറിഞ്ഞ ലോറി.

മുളിയാർ സ്വദേശിയായ ഈശ്വര ഭട്ട് ലോറി മറിഞ്ഞു പരുക്കേറ്റതിനു പിന്നാലെയാണു എൻഫോഴ്സ്മെന്റ് ആർടിഒ ആയിരുന്ന എം.ടി.ഡേവിസിന്റെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കിയത്.കലക്ടർ ചെയർമാനായ ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗത്തിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. വളവിൽ റോഡിന്റെ വീതി വർധിപ്പിക്കുക, അലൈൻമെന്റിൽ മാറ്റം വരുത്തുക തുടങ്ങിയവയായിരുന്നു നിർദേശങ്ങൾ.

നടപടിക്കായി മരാമത്ത് വകുപ്പിനു കൈമാറുകയും ചെയ്തു. എന്നാൽ, 3 വർഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ചെറുതും വലുതുമായ അമ്പതിലേറെ അപകടങ്ങളാണ് ഇവിടെയുണ്ടായത്. 2010 ജനുവരിയിൽ ബെംഗളൂരുവിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു 3 പേർ മരിച്ചതിനു പിന്നാലെ റോഡിൽ ഇവിടെ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു. വീതി അൽപം വർധിപ്പിച്ചു ഡിവൈഡർ സ്ഥാപിച്ചു. കാസർകോട് നിന്ന് ബെംഗളൂരു, മടിക്കേരി, കുടക്, സുള്ള്യ ഭാഗങ്ങളിലേക്കും തിരിച്ചും ദിവസേന നൂറുകണക്കിനു വാഹനങ്ങൾ പോകുന്ന പ്രധാന പാതയാണിത്.

English Summary:

A lorry carrying bottled water overturned at the accident-prone Kottur curve on the Cherkala-Jalsoor road. The driver sustained minor injuries. This incident highlights the dangers of this particular stretch of road.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com