ADVERTISEMENT

ഇരിയണ്ണി ∙ പച്ചപുതച്ച കാടിന്റെ നടുവിൽ കറുത്ത പരവതാനി വിരിച്ച പോലെ മനോഹരമാണ് ബോവിക്കാനം– ഇരിയണ്ണി റോഡ്. നവീകരണത്തിനു ശേഷം റൈഡർമാരുടെയും സഞ്ചാരികളുടെയും ഇഷ്ടപാതയായി മാറിയ ഈ റോഡ് ആദ്യമായി സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിനു വേദിയാവുകയാണ്.കേരള സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ അടുത്ത മാസം 2,3 തീയതികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ബോവിക്കാനം ടൗണിൽ നിന്ന് അര കിലോമീറ്റർ മാറി ബാവിക്കരയടുക്കം മുതൽ ഇരിയണ്ണി വരെയുള്ള 4 കിലോമീറ്റർ റോഡാണ് മത്സരങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.പരിപാടിയുടെ വിജയത്തിനുള്ള സംഘാടകസമിതി രൂപീകരണയോഗം 7 നു ഇരിയണ്ണി ഗവ.എൽപി സ്കൂളിൽ നടക്കും. സംസ്ഥാന സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി ബി.ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം റോഡ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഔദ്യോഗിക തീരുമാനം എടുത്തത്.

മികച്ച റോഡുകളിലൊന്ന്
2021ൽ നവീകരിച്ചതിനു ശേഷം ജില്ലയിലെ ഏറ്റവും മികച്ച റോഡുകളിലൊന്നായി ഈ റോഡ് മാറി. ‌ബാവിക്കരയടുക്കം മുതൽ ഇരിയണ്ണി വരെയുള്ള ഭാഗം നിരപ്പായതും വളവുകൾ കുറഞ്ഞതുമാണ്. ഇരിയണ്ണിയിലെ ഒരു വളവ് മാത്രമാണ് ഇവിടെ ആകെയുള്ളത്. 7 മീറ്റർ വീതിയും അനുയോജ്യം. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ മറ്റു റോഡ‍ുകളെ അപേക്ഷിച്ചു കുറവുമാണ്. ചില സമയങ്ങളിൽ അരമണിക്കൂർ ഇടവേളകളിലാണ് ബസുകൾ ഓടുന്നത്. ബിഎംബിസി ചെയ്തതിനു ശേഷം ബൈക്ക് റൈഡർമാരുടെ പ്രിയപ്പെട്ട സ്ഥലം കൂടിയായി ഇതു മാറി. രാവിലെയും വൈകിട്ടും സൈക്കിൾ ഓടിക്കാനും ഒട്ടേറെ പേരെത്തുന്നു. റീൽസ് എടുക്കാനെത്തുന്നവരും ഏറെ. കാലാവസ്ഥ മാറുന്നതിനനുസരിച്ചു ചാറ്റൽമഴയും കോടമഞ്ഞും ഇതിലൂടെയുള്ള യാത്രകൾ ആകർഷകമാക്കുന്നു.

200 ൽ ഏറെ മത്സരാർഥികൾ
2 ദിവസങ്ങളിലായി നടക്കുന്ന ചാംപ്യൻഷിപ്പിൽ 9 വിഭാഗങ്ങളിലായി 200 ൽ ഏറെ മത്സരാർഥികളാണു വിവിധ ജില്ലകളിൽ നിന്നായി പങ്കെടുക്കുന്നത്. പുരുഷ– വനിത വിഭാഗങ്ങൾ, 23 വയസ്സിനു താഴെയുള്ള യുവാക്കൾ, ജൂനിയർ (ആൺ, പെൺ), സബ് ജൂനിയർ (ആൺ, പെൺ), യൂത്ത്(ആൺ, പെൺ) എന്നിങ്ങനെ 9 വിഭാഗങ്ങളായി തിരിച്ചാണു മത്സരങ്ങൾ. ഇതിൽ വിജയികളാകുന്നവരെ അടുത്ത ഡിസംബർ 5 മുതൽ 10 വരെ ഒഡീഷയിൽ നടക്കുന്ന ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുപ്പിക്കും. പുരുഷ വിഭാഗത്തിനാണു ഏറ്റവും കൂടുതൽ ദൂരം. 40 കിലോമീറ്ററാണ് ഇവർ സൈക്കിൾ ചവിട്ടേണ്ടത്. ബോവിക്കാനത്തു നിന്ന് ഇരിയണ്ണിയിലേക്കും തിരിച്ചും 8 കിമീ ആണ് നീളം. ഇങ്ങനെ 5 ലാപ്പാണ് പുരുഷ മത്സരം. സബ് ജൂനിയർ, യൂത്ത് വിഭാഗങ്ങൾക്കാണു ദുരം കുറവ്. 8 കിലോമീറ്റർ. 

ജില്ലയിലെത്തുന്നത് മൂന്നാം തവണ
സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പ് ഇതു മൂന്നാം തവണയാണ് കാസർകോട് എത്തുന്നത്. 2012 ൽ ബേക്കലിലും 2015 ൽ തൃക്കരിപ്പൂരും ചാംപ്യൻഷിപ്പിനു വേദിയായി. ജില്ലാ ചാംപ്യൻഷിപ്പുകൾ നടത്തി അതിൽ വിജയികളിയാവരെയാണു സംസ്ഥാന മത്സരത്തിലേക്കു തിരഞ്ഞെടുക്കുന്നത്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള കുട്ടികളാണ് ഇവിടെ മാറ്റുരയ്ക്കാനെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com