ചെമ്മനാട് ഇനി ക്യാമറക്കണ്ണിൽ; മാലിന്യം തള്ളുന്നവരെ പിടികൂടാൻ 10 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു
Mail This Article
കോളിയടുക്കം ∙ മാലിന്യം തള്ളുന്നവരെ പിടികൂടാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് ചെമ്മനാട് പഞ്ചായത്ത്. പാതയോരങ്ങളിൽ അറവുമാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നത് പതിവാക്കിയതോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങിയത്. ആദ്യഘട്ടത്തിലെ 14 യൂണിറ്റ് ക്യാമറകളിൽ 10 എണ്ണം സ്ഥാപിച്ചു. ബാക്കിയുള്ളവ അടുത്ത ദിവസം തന്നെ സ്ഥാപിക്കും. 22 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചത്.
പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിന് ‘നല്ല വീട് നല്ല നാട് ചേലോടെ ചെമ്മനാട്’ പദ്ധതിയുടെ ഭാഗമായി സിസിടിവികൾ സ്ഥാപിച്ചത്. കളനാട് പാലം, ചളിയങ്കോട് പാലം, കോളിയടുക്കം, കപ്പണയടുക്കം, കീഴൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. പഞ്ചായത്ത് ഓഫിസിനു പുറമേ മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽനിന്നും ക്യാമറകൾ നിരീക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനം ഒരുക്കുന്നുണ്ടെന്നു ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ പറഞ്ഞു.
മാലിന്യ മുക്ത നവകേരളം പദ്ധതിയിൽ ഉൾക്കൊള്ളിച്ച് ആരോഗ്യ ശുചിത്വമേഖലയിൽ 5 പദ്ധതികൾക്ക് കുടി പഞ്ചായത്തിൽ തുടക്കമായി. സിസിടിവിയുടെ സ്വിച്ച് ഓൺ കർമം കലക്ടർ കെ.ഇമ്പശേഖർ നിർവഹിച്ചു. പ്രസിഡന്റ് സുഫൈജ അബുബക്കർ അധ്യക്ഷത വഹിച്ചു. മേൽപറമ്പ് ഇൻസ്പെക്ടർ എ.സന്തോഷ്കുമാർ, നവകേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഹരിതകർമസേന ശേഖരിച്ച് വരുന്ന മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനും തരംതിരിക്കുന്നതിനുമായി വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവിൽ ചുറ്റുമതിലും ഉൾപ്പെടുത്തി നിർമിച്ച മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി (എംസിഎഫ്) കെട്ടിടത്തിന്റെ ഉദ്ഘാടനവും നവകേരളം പദ്ധതിയുടെ ഭാഗമായി നടന്നു. 3000 സ്ക്വയർ ഫീറ്റ് വിസ്തീർത്തിലാണ് പുതിയ എംസിഎഫ് കെട്ടിടം നിർമിച്ചത്. 15 യുപി, എൽപി വിദ്യാലങ്ങളിൽ സോക്ക് പിറ്റ് യൂണിറ്റുകളും ഹാൻഡ് വാഷ് യൂണിറ്റുകളും സ്ഥാപിച്ചു. വിവിധ പരിപാടികളിൽ വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ, സ്ഥിരസമിതി അധ്യക്ഷരായ ആയിഷ അബുബക്കർ, ഷംസുദ്ദീൻ തെക്കിൽ രമ ഗംഗാധരൻ പഞ്ചായത്ത് അംഗങ്ങളായ അഹമ്മദ് കല്ലട്ര, രാജൻ കെ പൊയിനാച്ചി, ടി.ജാനകി, കെ.കൃഷ്ണൻ, എച്ച്ഐ ബിനു, വിഇഒ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.