ADVERTISEMENT

തൃക്കരിപ്പൂർ ∙ കവ്വായിക്കാായലിൽ വിനോദ യാത്രക്കാരുമായി ഓട്ടം നടത്തുകയായിരുന്ന വഞ്ചിവീടിനു തീപിടിച്ചു. ആളപായമില്ല. ഇന്നലെ രാവിലെ പതിനൊന്നോടെ കായലിൽ ഇടയിലക്കാട്–മെട്ടമ്മൽ ഭാഗത്ത് വഞ്ചിവീട് എത്തിയപ്പോഴാണ് മേൽക്കൂരയിൽ നിന്നു തീയും പുകയും ഉയർന്നത്. കരയുടെ കിഴക്ക് ഭാഗത്തു നിന്നു ഒച്ചയും ബഹളവും ഉയർന്നതിനെ തുടർന്നാണ് വഞ്ചിവീടിന്റെ ജീവനക്കാരും അതിനകത്തുള്ള യാത്രക്കാരും സംഭവം അറിഞ്ഞത്.ഉടൻ തന്നെ മേൽക്കൂര ഭാഗത്തേക്ക് ജീവനക്കാർ ഓടിക്കയറി തീയണച്ചു. ഷോട്ട് സർക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.

രാവിലെ പത്തിനു ശേഷം വെള്ളാപ്പ്–ഇടയിലക്കാട് ബണ്ടിന്റെ കിഴക്കു ഭാഗത്തു നിന്നാണ് യാത്രക്കാരുമായി വഞ്ചിവീട് പുറപ്പെട്ടത്. യാത്ര അര മണിക്കൂർ പിന്നിട്ടപ്പോഴാണ് തീ പിടിത്തമുണ്ടായത്. ഇടയിലക്കാട് ഭാഗത്ത് കരയിൽ അടുപ്പിച്ച ശേഷം തീ പൂർണമായും കെടുത്തിയെന്നു ഉറപ്പാക്കി യാത്രക്കാരെ വെള്ളാപ്പ് കടവിൽ എത്തിച്ച് യാത്ര അവസാനിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് അപായത്തിൽ പെട്ട വഞ്ചിവീട്.

ജീവിതത്തിലേക്കുള്ള വിസിൽ
വഞ്ചിവീട്ടിൽ നിന്നു തീയും പുകയും ഉയരുന്നത് മെട്ടമ്മൽ ഭാഗത്തെ വീടുകളിലുണ്ടായിരുന്ന സ്ത്രീകളാണ് ആദ്യം കണ്ടത്. ഇതോടെ ഇവർ ഒച്ചയിട്ടു. പരിസരത്ത് പണിയെടുത്തു കൊണ്ടിരുന്ന വി.സുകുമാരൻ സ്ത്രീകളുടെ ഈ നിലവിളി കേട്ടു. സുകുമാരൻ കായൽക്കരയിലേക്ക് ഓടിയടുത്തു. ഇതിനിടെ തുടർച്ചയായി നീണ്ട വിസിലടിയും ഉച്ചത്തിലുള്ള ശബ്ദവുമുണ്ടാക്കി. തുടർച്ചയായി വിസിൽ ശബ്ദം കേട്ടതോടെ ശബ്ദം വന്ന ഭാഗത്തേക്ക് ജീവനക്കാർ ശ്രദ്ധിച്ചു. അപ്പോഴാണ് വിവരം ബോട്ടിലുള്ളവർ അറിയുന്നതും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതും. അതേസമയം വഞ്ചിവീട്ടിലെ അപായത്തിൽ സഹായം തേടി ആരും വിളിച്ചിട്ടില്ലെന്നു തൃക്കരിപ്പൂർ അഗ്നിരക്ഷാ നിലയ അധികൃതർ മനോരമയോട് പറഞ്ഞു.

തീപിടിത്തം അറിയാൻ സംവിധാനമില്ല
മേഖലയിൽ വിനോദ സഞ്ചാരികൾ വലിയ തോതിൽ ഉപയോഗപ്പെടുത്തുന്നതാണ് കവ്വായി കായലിലെ വഞ്ചിവീട് യാത്ര. ബോട്ടപകടങ്ങളുടെ പശ്ചാത്തലത്തിൽ കർക്കശമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരാറുണ്ട്. ഇത്തരം ആവശ്യങ്ങൾ നിലനിൽക്കുമ്പോഴാണ് തീ പിടിച്ചത് പോലും അറിയാതെ വഞ്ചിവീട് യാത്ര തുടർന്നത്. കരയിൽ നിന്നുള്ള വിസിലും അലർച്ചയുമാണ് ഇന്നലെ ഉണ്ടായ അപകടത്തിന്റെ മുന്നറിയിപ്പായി ബോട്ടിലുള്ളവർക്ക് നൽകിയത്. വഞ്ചിവീടിനു തീ പിടിച്ചാൽ അറിയാൻ യന്ത്ര സംവിധാനം വേണ്ടതല്ലേയെന്ന ചോദ്യമുണ്ട്. നിലവിൽ കോട്ടപ്പുറം മുതൽ ഏഴിമലയുടെ താഴ്‌വരയോളം കവ്വായി കായലിൽ ഓട്ടം നടത്തുന്ന 35 ൽ പരം വഞ്ചിവീടുകളുണ്ട്

English Summary:

A houseboat carrying tourists caught fire in the Kavvayi backwaters of Kerala. Quick action by locals alerted the staff, preventing casualties. The incident highlights the need for fire detection systems and stricter safety regulations for houseboats in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com