ADVERTISEMENT

രാജപുരം ∙ കപ്പൽ യാത്രയ്ക്കിടെ കാണാതായ മാലക്കല്ല് സ്വദേശി ആൽബർട്ട് ആന്റണി (22) യെ കണ്ടെത്താൻ കടലിൽ വീണ്ടും പരിശോധന തുടങ്ങി. ആൽബർട്ടിനെ കാണാതായ മേഖലയിൽ അന്നു തന്നെ കപ്പൽ തിരച്ചിൽ ആരംഭിച്ചെങ്കിലും സൂചനകൾ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിവച്ചതായി കുടുംബത്തിന് അറിയിപ്പ് ലഭിച്ചിരുന്നു. ഇന്നലെയാണ് ഓസ്ട്രേലിയൻ കപ്പൽ വീണ്ടും തിരച്ചിൽ ആരംഭിച്ചതായി വിവരം വീട്ടുകാർക്ക് ലഭിച്ചത്.

അതേ സമയം ആൽബർട്ട് ജോലി ചെയ്തിരുന്ന കപ്പൽ യാത്ര തുടങ്ങി. മകനെ കുറിച്ചുള്ള വിവരം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കുടുംബം.കഴിഞ്ഞ 4നാണ് മാലക്കല്ല് അഞ്ചാലയിലെ റിട്ട.ഡപ്യൂട്ടി തഹസിൽദാർ കുഞ്ചരക്കാട്ട് കെ.എം.ആന്റണിയും, എം.എൽ.ബീനയുടെയും മകൻ ആൽബർട്ട് ആന്റണിയെ ജോലി ചെയ്യുന്ന ട്രൂ കോൺറാഡ് കപ്പലിൽ നിന്നും കാണാതാകുന്നത്.

ഇതു സംബന്ധിച്ച് കമ്പനി അധികൃതർ രേഖാമൂലം ബന്ധുക്കൾക്ക് അറിയിപ്പ് നൽകിയിരുന്നു. തുടർന്ന ആൽബർട്ടിനെ കാണാതായ മേഖലയിൽ കപ്പൽ തിരച്ചിൽ നടത്തിയിരുന്നു.സൂചനയൊന്നും ലഭിക്കാത്തതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചതായി ഞായറാഴ്ച ഉച്ചയോടെ കമ്പനി അറിയിച്ചിരുന്നു. 

സിനർജി മാരി.ടൈം കമ്പനിയുടെ എം.വി. ട്രൂ കോൺറാഡ് എന്ന ചരക്ക് കപ്പലിലെ ഡെക്ക് ട്രെയ്‌നി കെഡറ്റായിരുന്നു ആൽബർട്ട് ആന്റണി. ചൈനയിലെ ഹോങ്കോങ്ങില്‍ നിന്നും ബ്രസീലിലേയ്ക്കുള്ള യാത്രയ്ക്കിടെ വെള്ളിയാഴ്ച രാവിലെ പ്രാദേശിക 11.45ന് കൊളംബോ തുറമുഖത്ത് നിന്നു 300 നോട്ടിക്കൽ മൈൽ അകലെ കപ്പല്‍ എത്തിയപ്പോഴാണ് ആൽബർട്ടിനെ കാണാതാകുന്നത്. 

മുഖ്യമന്ത്രിക്ക് നിവേദനം നൽകി
മാലക്കല്ല് സ്വദേശിയായ യുവാവിനെ ചൈനയിൽ നിന്നുള്ള കപ്പൽ യാത്രയ്ക്കിടെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ചന്ദ്രശേഖരൻ എംഎൽഎ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിവേദനം നൽകി..സംഭവം അറിഞ്ഞ തൊട്ടടുത്ത ദിവസം ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഇ-മെയിൽ സന്ദേശം അയച്ചിരുന്നു. 

 ആൽബർട്ട്‌ ആന്റണിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനു അടിയന്തര ഇടപെടൽ നടത്തണമെന്ന് അഭ്യർഥിച്ച് എഐസിസി വർക്കിങ് കമ്മിറ്റി അംഗം രമേശ്‌ ചെന്നിത്തല എംഎൽഎ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനു കത്തയച്ചു. കഴിഞ്ഞ ദിവസം രമേശ്‌ ചെന്നിത്തല ആൽബർട്ടിന്റെ പിതാവിനെ ഫോണിൽ ബന്ധപ്പെട്ട് മകനെ കണ്ടെത്താനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി എന്നിവർ ആൽബർട്ടിന്റെ പിതാവ് ആന്റണിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആൽബർട്ടിനെ കണ്ടെത്താനുള്ള നടപടികൾ വേഗത്തിലാക്കാനുള്ള ഇടപെടൽ നടത്തിയതായി കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ഇ-മെയിൽ സന്ദേശവും ഇന്നലെ കുടുംബത്തിന് ലഭിച്ചു.

English Summary:

Hope rekindled as an Australian vessel joins the search for missing 22-year-old Albert Antony from Rajapuram, who disappeared during a ship journey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com