ADVERTISEMENT

ചിറ്റാരിക്കാൽ ∙ മലയോര ഹൈവേയിലെ ചെറുപുഴ–കോളിച്ചാൽ റീച്ചിലെ വനമേഖലകളിൽ റോഡ് നിർമാണത്തിനായി ഏറ്റെടുക്കുന്ന ഭാഗത്ത് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് അതിർത്തി നിർണയിക്കുന്ന പ്രവൃത്തി ഈ മാസം 30 നകം പൂർത്തീകരിക്കുമെന്നും, വനപാതയിലെ തകർന്ന റോഡുകൾ ഉടൻ കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കുമെന്നും കെആർഎഫ്ബി ഉദ്യോഗസ്ഥർ ജനകീയ സമിതി ഭാരവാഹികൾക്ക് ഉറപ്പുനൽകി.  ചെറുപുഴ–കോളിച്ചാൽ റീച്ചിലെ ഹൈവേ നിർമാണം 90 ശതമാനത്തോളം പൂർത്തീകരിച്ച് ഒരുവർഷത്തിലേറെയായിട്ടും ഈ റീച്ചിലെ കാറ്റാംകവല, മരുതോം വനപാതകൾ നവീകരിക്കാൻ ഇതുവരെ നടപടിയായിട്ടില്ല.

അതുകൊണ്ടുതന്നെ ഈ ഹൈവേയുടെ പ്രയോജനം യാത്രക്കാർക്ക് പൂർണമായും ലഭിക്കുന്നുമില്ല. നിർമാണ നടപടികൾ വേഗത്തിലാക്കാനുള്ള ഇടപെടലുകൾ നടത്താൻ നാട്ടുകാർ മലയോര ഹൈവേ ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ കെആർഎഫ്ബി ഓഫിസിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ വേഗത്തിലായത്.  തകർന്ന വനപാതകളിൽ 750 മീറ്റർ ദൂരം 3.80 മീറ്റർ വീതിയിൽ കോൺക്രീറ്റ് പ്രവൃത്തി നടത്താൻ കരാർ നൽകിയിട്ടുണ്ട്.

ശേഷിക്കുന്ന 1.200 കിലോമീറ്റർ ഭാഗത്ത് അറ്റകുറ്റപ്പണി നടത്താൻ 4 ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റ് തയാറാക്കുമെന്നും ഉദ്യോഗസ്ഥർ ജനകീയ സമിതി ഭാരവാഹികളെ അറിയിച്ചു.തുടർ നടപടികൾക്കായി അസിസ്റ്റന്റ് എൻജിനീയർ പി.വി.പുഷ്പയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇന്നു സ്ഥലം സന്ദർശിക്കും.  വനമേഖലയിൽ ഹൈവേ നിർമിക്കുന്നതിനുള്ള ഡിപിആർ 2 മാസത്തിനുള്ളിൽ തയാറാക്കി കിഫ്ബിക്ക് സമർപ്പിക്കും.

സ്ഥലം വിട്ടുകിട്ടുന്ന മുറയ്ക്കു ഈ പാതയിലെ വള്ളിക്കടവിൽ പുതിയ പാലം നിർമിക്കാനുള്ള നടപടികളും ആരംഭിക്കും. ഹൈവേ നിർമാണം വേഗത്തിലാക്കാൻ ജനകീയ സമിതി ഭാരവാഹികൾ 14 നു പൊതുമരാമത്ത്, ധനകാര്യ മന്ത്രിമാരെയും നേരിൽക്കാണുമെന്ന് ചെയർമാൻ ടി.പി.തമ്പാൻ പറഞ്ഞു.  കൂടിക്കാഴ്ചയിൽ കെആർഎഫ്ബി എക്സിക്യുട്ടിവ് എൻ‍ജിനീയർ കെ.പി.വിനോദ് കുമാർ, ജനകീയ സമിതി ചെയർമാൻ ടി.പി.തമ്പാൻ, കൺവീനർ അലക്സ് നെടിയകാല, ഭാരവാഹികളായ ജെന്നി തയ്യിൽ, സുരേഷ് മാലോം, രമണിശ്രീ കൊന്നക്കാട്, കെആർഎഫ്ബി ഉദ്യോഗസ്ഥരായ പി.വി.പുഷ്പ, ജയദീപ് കുമാർ എന്നിവരും പങ്കെടുത്തു.

English Summary:

Despite the near completion of the Cherupuzha-Kolichoor section of the Hill Highway, access roads through Kattamkavala and Maruthom forests remain neglected. KRBDC assures swift action to demarcate boundaries and renovate these forest paths, ensuring better connectivity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com