ADVERTISEMENT

കാസർകോട് ∙ ഹർത്താൽ –പണിമുടക്ക് ദിനങ്ങളിൽ പോലും ജീവനക്കാരുടെ സാന്നിധ്യമുണ്ടാകാറുള്ള കണ്ണൂർ, കാസർകോട് കലക്ടറേറ്റിൽ ഇന്നലെ ആളനക്കമില്ലായിരുന്നു.  അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീൻ ബാബുവിന്റെ മരണത്തിനുത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയപാർട്ടികളുടെയും സർക്കാർ ജീവനക്കാരുടെ സംഘടനകളുടെയും പ്രതിഷേധം അലയടിക്കുകയായിരുന്നു ഇന്നലെ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ. 

തങ്ങളിലൊരാളുടെ മരണത്തിനു കാരണക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജോലി ബഹിഷ്കരിച്ച് സമരത്തിലായിരുന്നു കലക്ടറേറ്റിലെ റവന്യു ജീവനക്കാർ. രണ്ടുദിവസമായി റവന്യു ജീവനക്കാർ പ്രതിഷേധ സമരത്തിലാണ്. അത്യാവശ്യ ജോലി തീർക്കാനുള്ളവർ മാത്രമേ ജോലിക്കെത്തിയുള്ളൂവെന്ന് ജീവനക്കാർ പറഞ്ഞു. യാത്രയയപ്പ് യോഗത്തിൽ അധ്യക്ഷത വഹിച്ചിരുന്ന ജില്ലാ കലക്ടർ തടയാത്തതിന്റെ പ്രതിഷേധവും ജീവനക്കാർക്കിടയിൽ ശക്തമാണ്. ജീവനക്കാരുടെ മാത്രം യോഗത്തിൽ ജനപ്രതിനിധി കടന്നുവന്ന് അധിക്ഷേപ പ്രസംഗം തുടങ്ങിയ ഉടൻതന്നെ കലക്ടർക്കു തടയാമായിരുന്നെന്ന് സമരരംഗത്തുള്ള ജീവനക്കാർ പറഞ്ഞു. കലക്ടറുടെ മൗനത്തിൽ സംശയമുണ്ടെന്നാണ് പലരും പറയുന്നത്. 

ജീവനക്കാർ ഒഴിഞ്ഞ കാസർകോട് കലക്ടറേറ്റ്
ജീവനക്കാർ ഒഴിഞ്ഞ കാസർകോട് കലക്ടറേറ്റ്

എഡിഎമ്മിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് ചൊവ്വാഴ്ച പരാതി നൽകിയിരുന്നെന്നും നടപടിയുണ്ടാകുമെന്ന് കലക്ടർ ഉറപ്പു നൽകിയതായും എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി.മഹേഷ് പറഞ്ഞു. യോഗത്തിലെ അധ്യക്ഷനെന്ന നിലയ്ക്ക് കലക്ടർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തടയാമായിരുന്നെന്ന് എൻജിഒ സംഘ് ജില്ലാ പ്രസിഡന്റ് ആർ.കെ. പ്രമോദ് പറഞ്ഞു.

180ഓളം പേർ ജോലി ചെയ്യുന്ന കാസർകോട് കലക്ടറേറ്റിലെ റവന്യു വകുപ്പിലെ  കലക്ടർ കെ.ഇമ്പശേഖർ, എഡിഎം പി.അഖിൽ എന്നിവരടക്കമുള്ള ചുരുക്കം ചില ജീവനക്കാർ മാത്രമായിരുന്നു ഇന്നലെ ജോലിക്കെത്തിയത്. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ തഹസിൽദാരും ഡപ്യൂട്ടി തഹസിൽദാരും അടക്കമുള്ളവർ മാത്രമേ ഓഫിസിൽ എത്തിയുള്ളൂ. ഭൂരിഭാഗം ജീവനക്കാരും അവധിയെടുത്തു. ചില ഓഫിസുകൾ തുറക്കാൻ പോലും ആരുമെത്തിയില്ല. വില്ലേജ് ഓഫിസുകളും മിക്കയിടത്തും അടഞ്ഞുകിടന്നു. 

എന്നാൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് സേവനം തടസ്സമാകാതിരിക്കാനായി ചില ജീവനക്കാർ മാത്രം ജോലിക്കെത്തിയിരുന്നു. ഇവർ ഒപ്പിടാതെയാണ് ജോലി ചെയ്തത്. ജീവനക്കാരുടെ കൂട്ട അവധിയായതിനാൽ ഇന്നലെ വിവിധ ആവശ്യങ്ങൾക്കായി എത്തിയവരുടെ എണ്ണവും കുറവായിരുന്നു.

കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ വിയോഗത്തിൽ ജീവനക്കാരുടെ ദു:ഖവും പ്രതിഷേധവും സൃഷ്ടിച്ച ശൂന്യതയായിരുന്നു കലക്ടറേറ്റ് റവന്യു സെക‌‌്ഷനിൽ ഇന്നലെ ദൃശ്യമായത്. ഇവിടെ എഡിഎം ആയിരിക്കെ ജീവനക്കാരുടെ ആദരവും സ്നേഹവും ഏറ്റുവാങ്ങിയാണ് കെ.നവീൻ ബാബു തിരഞ്ഞെടുപ്പിനു മുന്നോടിയായി കണ്ണൂരിലേക്ക് സ്ഥലം മാറിപ്പോയത്.

English Summary:

Breaking from their tradition of unwavering attendance, employees of Kannur and Kasaragod Collectorates joined a massive protest demanding accountability for the death of ADM K. Naveen Babu. The protest, fueled by allegations against District Panchayat President P.P. Divya, brought administrative functions to a standstill.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com