കമ്പിളിപ്പുഴു ആക്രമണം; വലഞ്ഞ് വാഴക്കർഷകർ
Mail This Article
കാഞ്ഞങ്ങാട്/ നീലേശ്വരം∙ അപ്രതീക്ഷിതമായെത്തിയ കമ്പിളിപ്പുഴു ആക്രമണത്തിൽ പകച്ച് വാഴക്കർഷകർ. മഴയും കാറ്റുമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് കരകയറുന്നതിനിടെയാണ് വാഴയിലകളെ നശിപ്പിക്കുന്ന കമ്പിളിപ്പുഴുവും രംഗത്തെത്തിയത്. ഇലകളിലെ ഹരിതകമാണ് പുഴുവിന്റെ ഇഷ്ടഭക്ഷണം. പച്ചപ്പ് നഷ്ടപ്പെടുന്നതോടെ വെള്ള നാരുകൾ ചേർന്നുള്ള പാളി മാത്രമായി ഇലകൾ ചുരുങ്ങും. കായ്ക്കൊപ്പം ഇലകളെയും വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ട് കൃഷിയിറക്കിയവരെ ഇത് പ്രതികൂലമായി ബാധിക്കും.
പൊതുവേ കമ്പിളിപ്പുഴു ആക്രമണം വാഴകളെ ബാധിക്കാറില്ലെന്ന് കർഷകർ പറയുന്നു. എന്നാൽ ഈ വർഷം എല്ലാ പ്രായത്തിലുമുള്ള വാഴയിലകളിലും കമ്പിളിപ്പുഴു കയറിപ്പറ്റി. എണ്ണത്തിൽ വലിയ വർധനയുള്ളതിനാലും ശരീരത്തിൽ തൊട്ടാൽ അലർജി പ്രശ്നങ്ങളുണ്ടാകുമെന്നതിനാലും കർഷകർക്ക് തോട്ടങ്ങളിൽ കയറാൻ തന്നെ പേടിയാണ്. വാഴകളും തൈകളും മുരടിച്ച് നശിക്കുന്നതിലേക്കാണ് പുഴുവിന്റെ ആക്രമണം എത്തുന്നത്. കുലയ്ക്കാനായ വാഴയിലാണ് ആക്രമണം ഉണ്ടാകുന്നതെങ്കിൽ കായകളുടെ വലിപ്പത്തെയും ബാധിക്കും. ഇത് ഉൽപാദനം കുറയുന്നതിന് വഴിവയ്ക്കുന്നതായാണ് കർഷകർ പറയുന്നത്.
കിനാലൂർ കരിന്തളം, ചെറുവത്തൂർ, പിലിക്കോട്, നീലേശ്വരം തുടങ്ങി വാഴക്കൃഷി കൂടുതലായുള്ള പ്രദേശങ്ങളിൽ ഇത്തരം പുഴുക്കളുടെ പ്രജനനം ശക്തമാണ്. ഈ വ്യാപനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് കാലാവസ്ഥാ വ്യതിയാനമാണെന്നാണ് കാർഷിക മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വേപ്പെണ്ണ– വെളുത്തുള്ളി മിശ്രിതവും ചാരവും വിതറുകയെന്ന മുൻകാല പ്രതിരോധ വഴികളൊന്നും ഇത്തവണ ഫലം കണ്ടില്ല. എന്നാൽ ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന തോട്ടങ്ങളിൽ വ്യാപകമായി പുഴുക്കൾ എത്തിയതോടെ കർഷകരും പ്രതിസന്ധിയിലായി.
മടിക്കൈ, കാഞ്ഞിരപൊയിൽ, തീയ്യർ പാലം, ചാളക്കടവ്, കാക്കടവ്, പെരിങ്ങാര, പുലിയന്നൂർ തുടങ്ങിയ മേഖലകളിൽ പുഴുവിന്റെ ആക്രമണത്തിനൊപ്പം ഇലവാട്ടം ഉണ്ടാകുന്ന സ്ഥിതിയും ഉണ്ട്. ഇലവാട്ടത്തെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കാറുണ്ടെങ്കിലും അത് പലയിടത്തും ലക്ഷ്യം കണ്ടില്ല. ഇലയുടെ നിറം മഞ്ഞനിറമായി മാറുന്ന ഈ രോഗം പ്രാധാനമായും ഇലക്കർഷകരെയാണ് ബാധിച്ചിരിക്കുന്നത്.