കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ അപകടവഴി അടച്ചുപൂട്ടി റെയിൽവേ
Mail This Article
കാഞ്ഞങ്ങാട്∙ കഴിഞ്ഞമാസം 3 പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന റെയിൽവേ സ്റ്റേഷനിലെ ട്രോളിപാത്തിലേക്കുള്ള വഴി അടച്ചുപൂട്ടി റെയിൽവേ. മേൽനടപ്പാലം എന്ന ജനകീയ ആവശ്യത്തിൽ റെയിൽവേ മുന്നോട്ടുപോകുന്നില്ല എന്ന ആരോപണം ഉയരുന്നതിനിടെയാണ് യാത്രക്കാരെയും കാൽനട യാത്രക്കാരെയും കൂടുതൽ ദുരിതത്തിലാഴ്ത്തി റെയിൽവേയുടെ നടപടി. മേൽനടപ്പാലം പണി ആരംഭിക്കാതെ വഴി അടച്ചുപൂട്ടരുത് എന്നാവശ്യപ്പെട്ട് ഡിവിഷനൽ മാനേജർക്ക് കത്ത് നൽകുമെന്ന് അപകടശേഷം സ്റ്റേഷൻ സന്ദർശിക്കുന്നതിനിടെ കലക്ടർ പറഞ്ഞിരുന്നു.സ്റ്റേഷനിലേക്കുള്ള പ്രധാനവഴിയിൽ നിന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് നടന്നെത്താവുന്ന എളുപ്പവഴിയാണ് കാൽനട യാത്രക്കാരിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് സ്റ്റേഷന്റെ മറുവശത്തേക്ക് പോകുന്നവരും ഇതേവഴിയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ വഴി അനധികൃതമാണെന്നാണ് റെയിൽവേ പറയുന്നത്.
കഴിഞ്ഞദിവസം ജീവനക്കാരെ എത്തിച്ച് ഇരുമ്പുതൂണുകൾ നാട്ടി ഈ വഴി അടച്ചെങ്കിലും യാത്രക്കാർക്ക് തിങ്ങിഞെരുങ്ങി കടക്കാനുള്ള സ്ഥലം അവശേഷിപ്പിച്ചാണ് പ്രവൃത്തി നടത്തിയത്.അതുകൊണ്ടുതന്നെ കൂടുതൽ യാത്രക്കാരും തങ്ങളുടെ ഊഴത്തിനായി ഒന്നാം പാളത്തിലും സമീപത്തുമായി കൂടിനിൽക്കുകയാണ്. ഇത് അപകടസാഹചര്യം വർധിപ്പിക്കാനേ ഇടയാക്കൂവെന്ന് യാത്രക്കാരും പറയുന്നു.പാർക്കിങ് ഗ്രൗണ്ടിന്റെ പണി വേഗത്തിൽ പൂർത്തിയാക്കിയതിന് ശേഷം നിലവിലുള്ള പാർക്കിങ് ഗ്രൗണ്ടിൽ മേൽനടപാലം വരുമെന്നാണ് റെയിൽവേ നൽകിയ ഉറപ്പ്. ട്രെയിൻ പാഞ്ഞുകയറി 3 പേർ മരിച്ചതിന് ശേഷം സംഭവിച്ച പ്രതിഷേധങ്ങളെ തുടർന്ന് നൽകിയ ആ ഉറപ്പ്, ആ പ്രതിഷേധങ്ങൾ അടങ്ങിയതിനൊപ്പം തന്നെ റെയിൽവേയും മറന്നുവെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. വഴി അടയ്ക്കുന്നതിൽ റെയിൽവേ കാണിക്കുന്ന താൽപര്യം മേൽപാലം നിർമാണ നിർമാണത്തിൽ റെയിൽവേയ്ക്കില്ലെന്നും അവർ പറയുന്നു.