കാസർകോട് ജില്ലയിൽ മഞ്ഞപ്പിത്തം; ജാഗ്രതാ നിർദേശം
Mail This Article
കാഞ്ഞങ്ങാട്∙ ജില്ലയിലെ വടക്കൻ മേഖലകളിൽ ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ ജാഗ്രതാ നിർദേശം നൽകി. കാസർകോട്, ചെങ്കള, മീഞ്ച തുടങ്ങിയ പഞ്ചായത്തുകളിലാണ് രോഗബാധ തിരിച്ചറിഞ്ഞത്. ജില്ലയിൽ കഴിഞ്ഞമാസം മാത്രം 24 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഈ വർഷം 198 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 102 പേർ ലക്ഷണങ്ങളോടെ ചികിത്സ തേടി.
കണ്ണൂർ ജില്ലയിൽ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് രണ്ട് പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയത്. രോഗപ്പകർച്ച തടയാന്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി.രാംദാസ് അറിയിച്ചു. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് രോഗം പകരുന്നത്.
രോഗ ലക്ഷണങ്ങൾ
മഞ്ഞപ്പിത്തം (ചർമത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം), ഇരുണ്ട നിറമുള്ള മൂത്രം, കടുത്ത ക്ഷീണം, ഓക്കാനം, ഛർദി, വയറുവേദന, തലവേദന, പേശിവേദന, പനി
പ്രതിരോധ മാർഗങ്ങൾ
∙മലമൂത്ര വിസർജനം ശുചിമുറിയിൽ മാത്രം ചെയ്യുക
∙കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക
∙കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക
∙ഐസിന്റെ ശുചിത്വം ഉറപ്പ് വരുത്താതെ പാനീയങ്ങൾ, ജ്യൂസ്, ഐസ് എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന മറ്റു ഉൽപന്നങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക.
∙മലിനമായവെള്ളത്തിൽ കുളിക്കുന്നത്, മലിനമായ വെള്ളം ഉപയോഗിച്ച് പാത്രങ്ങൾ, പഴ വർഗങ്ങൾ, പച്ചക്കറികൾ കഴുകുന്നത് എന്നിവ ഒഴിവാക്കുക.