‘വിവരാവകാശ നിയമത്തെ മാനിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി’
Mail This Article
കാസർകോട് ∙ എല്ലാ ഓഫിസുകളിലും 120 ദിവസത്തിനുള്ളിൽ വിവരാവകാശ നിയമ പ്രകാരം നൽകേണ്ട രേഖകൾ സൂക്ഷിച്ചു വയ്ക്കണമെന്ന നിർദേശം 19 വർഷമായിട്ടും പല ഓഫിസുകളിലും നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും അപേക്ഷകർക്കു കൃത്യമായി വിവരം നൽകാത്ത വിവരാവകാശ നിയമത്തെ മാനിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ടി.കെ.രാമകൃഷ്ണൻ പറഞ്ഞു.
കാസർകോട്ട് പരാതി പരിഹാര അദാലത്തിൽ നടത്തിയ തെളിവെടുപ്പിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമം സംബന്ധിച്ച് ഏറ്റവും താഴെത്തട്ടിലെ ഉദ്യോഗസ്ഥരിൽ പോലും അവബോധം ഉണ്ടാക്കും. ജില്ലാതലത്തിൽ ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്കു വേണ്ടി നടത്തുന്ന അവബോധ ശിൽപശാലയും സെമിനാറും നിയമസഭ നിയോജക മണ്ഡലം തലത്തിൽ വ്യാപിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം 30 ന് കളമശ്ശേരിയിൽ നടക്കും. ബന്ധപ്പെട്ട രേഖകൾ 120 ദിവസത്തിനുള്ളിൽ സൂക്ഷിച്ചു വയ്ക്കണമെന്ന നിർദേശം നടപ്പിലാക്കാത്ത ഓഫിസുകളെക്കുറിച്ച് കമ്മിഷൻ അന്വേഷണം നടത്തിവരുന്നുണ്ട്. കൃത്യമായി വിവരം നൽകാത്തത് കാരണം വർധിച്ചു വരുന്ന അപ്പീലുകൾ വളരെ പെട്ടെന്ന് തീർപ്പാക്കുന്നതിനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലയിലെ ഏതാനും ഫയലുകൾ ഉൾപ്പെടെ നടത്തിയ തെളിവെടുപ്പിൽ 11 അപ്പീലുകൾ പരിഗണിച്ച് കമ്മിഷൻ തീർപ്പാക്കി. കാസർകോട് സിവിൽ സ്റ്റേഷനിൽ എൽ ആർ തഹസിൽദാർ ഓഫിസിൽ നിന്ന് ആവശ്യപ്പെട്ട രേഖ നൽകിയെന്നു പറയുന്നുണ്ടെങ്കിലും പരാതിക്കാരനു അത് ലഭ്യമായതായി കണ്ടില്ല. മടിക്കൈ പഞ്ചായത്ത് ഓഫിസ്, ഈസ്റ്റ് എളേരി പഞ്ചായത്ത് ഓഫിസ്, കാസർകോട് ജനറൽ ആശുപത്രി, ഹൊസ്ദുർഗ് താലൂക്ക് ഓഫിസ്, കല്യാശേരി പഞ്ചായത്ത്, ആറളം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളുമായി ബന്ധപ്പെട്ടും ലഭിച്ച പരാതികളിൽ ഉടൻ നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്. തെളിവെടുപ്പിന് ഉദ്യോഗസ്ഥർ ഹാജരാകാത്തത്, ബന്ധപ്പെട്ട രേഖ സൂക്ഷിച്ചു വയ്ക്കാത്തതു, ആവശ്യപ്പെട്ട രേഖ നൽകാത്തത് ഉൾപ്പെടെ വസ്തുതകൾ ഇവിടെ കണ്ടെത്തിയതായി കമ്മിഷണർ പറഞ്ഞു.
ജില്ലയിലെ സർക്കാർ ഓഫിസുകളിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാർക്കും അപ്‌ലറ്റ് അതോറിറ്റി ഉദ്യോഗസ്ഥർക്കും നടത്തിയ ശിൽപശാല അദ്ദേഹം ഉദ്ഘാടനം ചെയ്തു. എഡിഎം പി. അഖിൽ, ഡപ്യൂട്ടി കലക്ടർ (ആർ ആർ) കെ രാജൻ, വിവരാവകാശ കമ്മിഷൻ അസിസ്റ്റൻറ് സെക്‌ഷൻ ഓഫിസർ ശ്രീനാഥ് എന്നിവർ പ്രസംഗിച്ചു.