ജില്ലാ സ്കൂൾ ശാസ്ത്രമേള: ഹൊസ്ദുർഗ് ഉപജില്ല ഓവറോൾ ചാംപ്യന്മാർ
Mail This Article
കാസർകോട്∙ ജില്ലാ സ്‌കൂൾ ശാസ്ത്രമേളയിൽ 1368 പോയിന്റ് നേടി ഹൊസ്ദുർഗ് ഉപജില്ല ഓവറോൾ ചാംപ്യന്മാരായി. 1340 പോയിന്റോടെ കാസർകോട് ഉപജില്ല രണ്ടും ചെറുവത്തൂർ ഉപജില്ല 1227 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. മറ്റ് ഉപജില്ലകളുടെ പോയിന്റ് നില കൾ: കുമ്പള (1154), ബേക്കൽ (1139), ചിറ്റാരിക്കാൽ (1034), മഞ്ചേശ്വരം (924).
ശാസ്ത്രമേളയിൽ കാസർകോട് ഉപജില്ല ജേതാക്കളായപ്പോൾ ചെറുവത്തൂരും കുമ്പളയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഗണിതശാസ്ത്ര മേളയിൽ ചെറുവത്തൂർ ജേതാക്കളായി. കാസർകോടും ബേക്കലും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രവൃത്തിപരിചയമേളയിൽ ഹൊസ്ദുർഗിനാണ് ഒന്നാംസ്ഥാനം. കാസർകോടും കുമ്പളയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഐടി മേളയിൽ കാസർകോട് ജേതാക്കളായി. ബേക്കൽ രണ്ടും ചിറ്റാരിക്കാൽ മൂന്നും സ്ഥാനങ്ങൾ നേടി.
സ്കൂളുകളുടെ പോയിന്റ് നില
∙കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ് – 394
∙ചെമ്മനാട് സിജെഎച്ച്എസ്എസ് –284
∙ചായ്യോത്ത് ജിഎച്ച്എസ്എസ് –230
∙തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് –219
∙പിലിക്കോട് ജിഎച്ച്എസ്എസ് – 217
∙പെർഡാല എൻഎച്ച്എസ് –208
ശാസ്‌ത്രോത്സവം സമാപിച്ചു
ചെമ്മനാട് ∙ ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വന്ന റവന്യു ജില്ലാ സ്കൂൾ ശാസ്‌ത്രോത്സവത്തിന്റെ സമാപന സമ്മേളനം സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷത വഹി ച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ എസ്.എൻ.സരിത എന്നിവർ സമ്മാനദാനം നടത്തി. ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.രഘുരാമ ഭട്ട്, വിഎച്ച്എസ്ഇ പയ്യന്നൂർ മേഖലാ അസിസ്റ്റന്റ് ഡയറക്ടർ ഇ.ആർ.ഉദയകുമാർ, ഡിഇഒ വി.ദിനേശ, പി.എം.അബ്ദുല്ല, സി.എച്ച്.റഫീഖ്, മുഹമ്മദ് മുസ്തഫ, സക്കീന നജീബ്, ഡോ. എ.സുകുമാരൻ നായർ, പി.ടി.ബെന്നി എന്നിവർ പ്രസംഗിച്ചു.
ഇനി ‘ലംബക്കൃഷി’യും ആകാം; വിദ്യാർഥികളുടെ പരീക്ഷണത്തിന് കയ്യടി
ചെമ്മനാട് ∙ കൃഷി ചെയ്യാൻ സ്ഥലപരിമിതി നിങ്ങൾക്കു തടസ്സമാണോ?. എങ്കിൽ ലംബക്കൃഷി (വെർട്ടിക്കൽ ഫാമിങ്) അഥവാ കുത്തനെയുള്ള കൃഷി ഒന്നു പരീക്ഷിച്ചു നോക്കൂ. പറയുന്നത് പരപ്പ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ഇരട്ട സഹോദരിമാരായ ഇ.വി.ഹരിചന്ദനയും ഇ.വി.ഹരിനന്ദനയും. വ്യത്യസ്തമായ ഈ ആശയം ജില്ലാ ശാസ്ത്രോത്സവത്തിന്റെ സാമൂഹിക ശാസ്ത്രമേളയിൽ അവതരിപ്പിച്ച് ഇവർ നേടിയതു ഒന്നാം സ്ഥാനവും എ ഗ്രേഡും.
കൃഷി ചെയ്യാൻ സ്ഥലപരിമിതി നേരിടുന്നവർക്കും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും ആശ്രയിക്കാവുന്ന കൃഷി രീതിയാണിത്. പൈപ്പ്, മുളകൾ തുടങ്ങിയവ തിരശ്ചീനമായി കയറിൽ കെട്ടിയോ ചെടിച്ചട്ടികൾ തൂക്കിയിട്ടോ കൃഷി നടത്താം. നഗരപ്രദേശങ്ങളിൽ നേരത്തെ നടത്തിവരുന്ന ഈ രീതി ലൈഫ് പദ്ധതിയിൽ വീടും സ്ഥലവും ലഭിച്ചവർക്കും ലൈഫ് ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും ഉൾപ്പെടെ വിജയകരമായി നടത്താവുന്നതാണെന്ന് ഇവർ പറയുന്നു. ടെറസ് ഫാമിങ് രീതിയും ഇവർ അവതരിപ്പിച്ചു. ദാരിദ്ര്യ നിർമാർജനം ഭക്ഷ്യസുരക്ഷയിലൂടെ എന്നതായിരുന്നു ഇവരുടെ പ്രമേയം. കഴിഞ്ഞ 3 വർഷമായി ഇവർ തുടർച്ചയായി സ്റ്റിൽ മോഡലിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ആദ്യമായാണു ഒന്നാമതെത്തുന്നത്. കോളംകുളത്തെ എം.ഹരിയുടെയും ഇ.വി.അനുഷയുടെയും മക്കളാണ് ഈ സഹോദരിമാർ.
വീടിന് ഇതാ,പുതിയ ഡിസൈൻ
ചെമ്മനാട് ∙ പുതിയ വീട് പണിയുമ്പോൾ വ്യത്യസ്തതയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അവർക്കു മുന്നിലേക്കു പുതിയൊരു ഡിസൈൻ അവതരിപ്പിച്ച് ഗണിതശാസ്ത്ര മേളയിൽ എം.എസ്.സോന നേടിയതു ഒന്നാം സ്ഥാനവും എ ഗ്രേഡും. യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ‘സാഡിൽസ്’ മോഡലാണ് വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കൻഡറി സ്കൂളിലെ തയാറാക്കിയത്.
ഇത്തരം വീടിന്റെ മേൽക്കൂര ഒറ്റ നോട്ടത്തിൽ ത്രിഡി ചിത്രം പോലെ തോന്നിപ്പിക്കുമെന്നതാണു പ്രത്യേകത. വശങ്ങളിൽ നിന്നു നോക്കിയാൽ ‘റ’ അക്ഷരം പോലെയും തോന്നാം. അകത്തേക്കു വളഞ്ഞാണ് ഇതിന്റെ നിൽപ്. ആദ്യമായാണു സോന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നത്. എം.ഡി.ഷിബുവിന്റെയും സുഷമയുടെയും മകളാണ്.
വയനാട് ദുരന്തം സ്റ്റിൽ മോഡലിൽ
ചെമ്മനാട് ∙ വയനാട് ദുരന്തത്തിന്റെ നേർക്കാഴ്ചയൊരുക്കിയ ആതിഥേയരായ ചെമ്മനാട് സ്കൂളിലെ കുട്ടികൾക്കു ഹയർസെക്കൻഡറി വിഭാഗം സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം. ഐ. അഹമ്മദ് ഇസ്ഹാഖുമാണ് ഫാത്തിമത്ത് മഷ്മൂമയുമാണ് വിജയികളായത്. സാമൂഹ്യശാസ്ത്രമേളയിൽ വർക്കിങ് മോഡലിലാണ് ഇവരുടെ വിജയം. വർക്കിങ് മോഡലിൽ വയനാട് ഉരുൾപൊട്ടൽ മുഖ്യവിഷയമായിരുന്നു. ആദ്യമായാണ് ഇരുവരും മേളയിൽ പങ്കെടുക്കുന്നത്.