ADVERTISEMENT

രാജപുരം ∙ 15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം റബർ വില 255ൽഎത്തിയപ്പോൾ ഉണർന്ന റബർ കർഷകരെ നിരാശയിലാക്കി വീണ്ടും വിലയിടിവ്. റബറിന്റെ വിളവെടുപ്പ് സീസൺ ആരംഭിച്ചതോടെ ഉണ്ടായ വിലത്തകർച്ചയിൽ കർഷകർ കണ്ണീരണിയുകയാണ്. പ്രധാന ഉപഭോഗ രാജ്യമായ ചൈനയിൽ റബറിനു ഡിമാൻഡ് കുറഞ്ഞതാണ് വിലക്കുറവിനു കാരണമായി പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉൽപാദനം കുറയുമ്പോഴും വില വർധനയിൽ‌ പിടിച്ചു നിൽക്കാം എന്ന് കരുതിയ കർഷകർ ഇപ്പോൾ ദുരിതത്തിലായി. ടാപ്പിങ് നിർത്തി വച്ചിരുന്ന പല തോട്ടങ്ങളും റബർ വില വർധനയിൽ പ്രതീക്ഷയർപ്പിച്ച് മരുന്ന് അടിക്കുകയും റെയിൻ ഗാർഡ് ഇടുകയും ചെയ്തെങ്കിലും കർഷകന് യാതൊരു പ്രയോജനവും ലഭിക്കാത്ത അവസ്ഥയാണ്. അടിക്കടി ഉണ്ടാകുന്ന വിലക്കുറവിനെ തുടർന്ന് റെയിൻ ഗാർഡ് ഇട്ടതിന്റെ ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. 

റബറിന്റെ വില വർധനയിൽ പ്രതീക്ഷ അർപ്പിച്ച് പലിശയ്ക്ക് പണം വാങ്ങി റബർ തോട്ടങ്ങൾ പാട്ടത്തിന് എടുത്തവരും സങ്കടത്തിലാണ്. റബർ ഇറക്കുമതി പൂർണമായി നിരോധിക്കുകയും, ഇറക്കുമതി തീരുവ വർധിപ്പിച്ചും റബർ വില ഉയർത്തി കർഷകർക്ക് പ്രയോജനപ്പെടുന്ന നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.  കേരള സർക്കാരിന്റെ വില സ്ഥിരത ഫണ്ട് 250 രൂപയാക്കി വർധിപ്പിച്ച് കേന്ദ്ര-കേരള സർക്കാരും റബർ ബോർഡും ഉണർന്നു പ്രവർത്തിച്ചാൽ റബർ കർഷകരെ സാമ്പത്തിക ദുരിതത്തിൽ നിന്നും കരകയറ്റാൻ സാധിക്കും. റബർ കയറ്റി അയയ്ക്കാൻ ലൈസൻസുള്ള പ്ലാന്റേഷൻ കോർപറേഷൻ, റബർ മാർക്കറ്റിങ് ഫെഡറേഷൻ എന്നിവ കർഷകർക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. റബർ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടു വരണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കിലോയ്ക്ക് 250 രൂപ ലഭിച്ചിരുന്ന റബറിനു നിലവിൽ 175 രൂപ വരെ മാത്രമാണ് കർഷകർക്ക് വില ലഭിക്കുന്നത്. റബർ വില ഉയർന്നതിനെ തുടർന്ന് ടാപ്പിങ് തൊഴിലാളികൾ‌ കൂലി വർധിപ്പിച്ചതായും കർഷകർ പറയുന്നു.

റബർ വിലയിൽ പ്രതീക്ഷയർപ്പിച്ച് റബർ തോട്ടം ടാപ്പിങ് തുടങ്ങിയ കർഷകർക്ക് വിലത്തകർച്ച താങ്ങാനാവുന്നില്ല. റബറിന് സ്ഥിരമായുള്ള ഉൽപാദന ചെലവിനു അനുസരിച്ച് വില ലഭിക്കുവാൻ റബർ ബോർഡും, സർക്കാരുകളും ഉണർന്നു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കഴിഞ്ഞ ജൂൺ മാസം മുതൽ റബറിന് 241 രൂപയോളം വില കർഷകനു കിട്ടി. റബർ വ്യവസായികൾ ഇന്ത്യൻ വിപണിയിൽ ആവശ്യത്തിന് റബർ കിട്ടാനില്ല എന്ന തെറ്റായ കാരണം പറഞ്ഞ് വൻതോതിൽ റബർ ഇറക്കുമതി നടത്തിയതാണ് വിലയിടിവിനു കാരണം. അതേ സമയം റബർ അധിഷ്ഠിത ഉൽപന്നങ്ങൾക്ക് വില കയറിത്തന്നെ നിൽക്കുകയാണ്. വൻകിട റബർ വ്യവസായികളാണ് റബർ മാർക്കറ്റിനെ നിയന്ത്രിക്കുന്നത്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരും റബർ ബോർഡും ശക്തമായി ഇടപെടണം.

 

റബര്‍ കൃഷിയില്‍ നിന്നും വിലക്കുറവിന്റെ പേരില്‍ കര്‍ഷകര്‍ പിന്മാറുകയാണ്. റബര്‍ മേഖലയെ പരിപോഷിപ്പിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകണം.ഉല്‍പാദന ചെലവിന് ആനുപാതികമായി വിപണിയില്‍ വില ലഭിക്കാന്‍ റബര്‍ ബോര്‍ഡും ക്രിയാത്മകമായി ഇടപെടല്‍ നടത്തണം.

English Summary:

Rubber farmers in Rajapuram, Kerala, are facing a crisis due to a sudden crash in rubber prices. After enjoying a price of ₹255 per kilogram just recently, the price has plummeted to ₹175, leaving farmers struggling to recover their investments. Decreased demand from China, increased labor costs, and inaction from government bodies are being blamed for the crisis. Farmers are urging the government to implement measures like import bans, increased import duties, and a higher price stabilization fund to protect their livelihoods.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com