കോൺക്രീറ്റ് ചെയ്ത് അടച്ചിട്ട റോഡിൽ അതിക്രമിച്ച് വാഹനങ്ങൾ കയറ്റി
Mail This Article
ചിറ്റാരിക്കാൽ ∙ മലയോര ഹൈവേയിലെ കാറ്റാംകവല വനപാതയിൽ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കിയശേഷം ബാരിക്കേഡ് സ്ഥാപിച്ച് അടച്ചിട്ട റോഡിൽ, കഴിഞ്ഞ ദിവസം രാത്രി ചിലർ അതിക്രമിച്ചു തുറന്ന് വാഹനങ്ങൾ കയറ്റിയതായി പരാതി. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയറും മലയോര ഹൈവേ ജനകീയ വികസന സമിതി ഭാരവാഹികളും ചിറ്റാരിക്കാൽ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് പൊലീസ് അധികൃതർ ഇന്നലെ സ്ഥലം സന്ദർശിച്ചു.
കഴിഞ്ഞ ശനിയാഴ്ചയോടെയാണ് കാറ്റാംകവല റോഡിൽ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കിയത്. കോൺക്രീറ്റ് ഉറയ്ക്കുന്നതിനായി റോഡിലേക്ക് വാഹനങ്ങൾ കയറ്റാതിരിക്കാൻ കാറ്റാംകവല ടൗണിനു സമീപവും, കാവുംതല ജംക്ഷനിലും സിമന്റുകട്ട സ്ഥാപിച്ച് റോഡ് അടച്ചിരുന്നു.
എന്നാൽ ഞായറാഴ്ച രാത്രിയോടെ ചിലർ ഇവിടെ സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കി റോഡിലൂടെ വാഹനങ്ങൾ കയറ്റുകയായിരുന്നു. ഇന്നലെ രാവിലെ റോഡ് തുറന്നനിലയിൽ കണ്ട നാട്ടുകാരിൽ ചിലരാണ് അധികൃതരെ വിവരമറിയിച്ചത്. ഇതേത്തുടർന്ന് കാറ്റാംകവല ഭാഗത്ത് റോഡ് വീണ്ടും മണ്ണിട്ട് അടയ്ക്കുകയും ചെയ്തു. മലയോര ഹൈവേയിലെ ചുള്ളി–മരുതോം വനപാതയിലും ഇപ്പോൾ കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.