കാസർകോട് ജില്ലയിൽ ഇന്ന് (05-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
സെർവിക്കൽ കാൻസർ സ്ക്രീനിങ് ക്യാംപ്: കാഞ്ഞങ്ങാട് ∙ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രസൂതി തന്ത്രം സ്ത്രീ രോഗം പദ്ധതിയുടെ ഭാഗമായി 21 വയസ്സ് മുതൽ 65 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് നവംബർ മാസം എല്ലാ വ്യാഴാഴ്ചയും രാവിലെ 10 മുതൽ 1 വരെ ഗർഭാശയഗള കാൻസർ (സെർവിക്കൽ കാൻസർ) സ്ക്രീനിങ് ക്യാംപ് നടക്കും. ക്യാംപിന് ശേഷം രോഗലക്ഷണമുള്ള സ്ത്രീകൾക്ക് സൗജന്യമായി പാപ്സമിയർ ടെസ്റ്റ് ചെയ്ത് രോഗ നിർണയവും നടത്തുമെന്ന് ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു. ഫോൺ: 7907304528.
അധ്യാപക ഒഴിവ്
മാവുങ്കാൽ ∙ രാംനഗർ എസ്ആർഎംജിഎച്ച്എസ് സ്കൂളിൽ യുപി വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 7ന് 11 ന് സ്കൂൾ ഓഫിസിൽ.
പരപ്പ ∙ ഗവ. ഹയർസെക്കൻഡറി ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്, മലയാളം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 6ന് 10.30ന് നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.
അംഗഡിമുഗർ ∙ അംഗഡിമുഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് (2) താൽക്കാലിക ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 7ന് 10.30 ന് സ്കൂൾ ഓഫിസിൽ നടക്കും.
ആയുർവേദ സ്പെഷ്യൽറ്റി മെഡിക്കൽ ക്യാംപ്
തൃക്കരിപ്പൂർ ∙ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് തൃക്കരിപ്പൂർ പഞ്ചായത്ത് ഗവ. ആയുർവേദ ആശുപത്രി കൊയങ്കരയിൽ വിവിധ വിഭാഗങ്ങളിലായി നടത്തുന്ന ആയുർവേദ സ്പെഷ്യൽറ്റി മെഡിക്കൽ ക്യാംപുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ നിർവഹിച്ചു.
പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഷംസുദ്ദീൻ ആയിറ്റി അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓഫിസർ ഡോ.എ.വി.സാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ചന്ദ്രമതി, പഞ്ചായത്ത് അംഗങ്ങളായ സത്താർ വടക്കുമ്പാട്, ഫായിസ് ബീരിച്ചേരി, എം.രജീഷ്ബാബു, ഗീത ഗണേഷ്, മുൻ അംഗം ടി.അജിത എന്നിവർ പ്രസംഗിച്ചു.
ഇന്നു മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള മെഡിക്കൽ ക്യാംപും 7 നു അലർജി, സോറിയാസിസ്, വെരിക്കോസ്, എക്സിമ തുടങ്ങിയ മറ്റ് ത്വക് രോഗങ്ങൾക്കും നവംബർ 8 നു ജീവിതശൈലിജന്യ രോഗങ്ങൾക്കും 10 നു കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾക്കുള്ള മെഡിക്കൽ ക്യാംപും നടത്തുമെന്നു ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു. വിവരങ്ങൾക്കും ടോക്കൺ ബുക്കിങ്ങിനും ബന്ധപ്പെടണം. 9496137593, 9495073724.
പിഴ ഈടാക്കും
കാസർകോട് ∙ നഗരസഭ വെളിയിട മലമൂത്ര വിസർജന മുക്ത നഗരസഭയായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇതിനു വിരുദ്ധമായി ഇത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽപെട്ടാൽ 500 രൂപ പിഴയായി ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.