ADVERTISEMENT

കാസർകോട് ∙ സഫിയയ്ക്ക് ഇനി മടങ്ങാം. കാലങ്ങളായി പിതാവ് മൊയ്തുവിന്റെയും മാതാവ് ആയിശുമ്മയുടെയും നെഞ്ചിലെരിയുന്ന വേദനയ്ക്ക് നേരിയ ആശ്വാസം. 18 വർഷം മുൻപു കൊല്ലപ്പെട്ട മകളുടെ കേസിൽ തെളിവായി സൂക്ഷിച്ച തലയോട്ടി മാതാപിതാക്കൾക്കു വിട്ടുനൽകാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഗോവയിൽ കരാറുകാരായ കാസർകോട് മുളിയാർ സ്വദേശി കെ.സി.ഹംസയ്ക്കും ഭാര്യ മൈമൂനയ്ക്കുമൊപ്പം വീട്ടുജോലി ചെയ്യുമ്പോൾ 13–ാം വയസ്സിലാണു കുടക് അയ്യങ്കേരി സ്വദേശിനിയായ സഫിയ കൊല്ലപ്പെട്ടത്.

2006 ഡിസംബറിൽ ഇവർ കുട്ടിയെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയെന്നും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നുമായിരുന്നു കേസ്. പാചകത്തിനിടെ കുട്ടിക്കു പൊള്ളലേറ്റപ്പോൾ ബാലപീഡനക്കേസ് ഭയന്നു കൊലപ്പെടുത്തി എന്നായിരുന്നു കുറ്റസമ്മത മൊഴി. ഗോവയിൽ നിർമാണത്തിലിരുന്ന അണക്കെട്ടിനു സമീപത്തുനിന്നാണ് 2008 ജൂൺ 5ന് സഫിയയുടെ അസ്ഥികൂടം പുറത്തെടുത്തത്. കുറ്റപത്രത്തിനൊപ്പം തലയോട്ടിയടക്കമുള്ള ശരീരഭാഗങ്ങൾ ക്രൈംബ്രാഞ്ച് ഹാജരാക്കുകയും ചെയ്തു.

മകളെ മതാചാരപ്രകാരം സംസ്കരിക്കണമെന്ന ആഗ്രഹവുമായി കഴിഞ്ഞ മാസമാണു സഫിയയുടെ മാതാപിതാക്കൾ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ സി.ഷുക്കൂറിനെ സമീപിച്ചത്. തുടർന്നു തലയോട്ടി വിട്ടുകിട്ടാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. ജഡ്ജി സാനു എസ്.പണിക്കരാണ് തലയോട്ടി മാതാപിതാക്കൾക്കു നൽകാൻ വിധിച്ചത്. മകളുടെ ശരീരഭാഗം ഏറ്റുവാങ്ങാൻ മാതാപിതാക്കൾ വ്യാഴാഴ്ച കോടതിയിലെത്തും. കേസിലെ ഒന്നാം പ്രതി കെ.സി.ഹംസയ്ക്കു വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി.

English Summary:

In a bittersweet victory for the parents of murdered 13-year-old Safiya, the Kasaragod District Principal Sessions Court has ordered the release of her skull, which was kept as evidence. This ruling allows Safiya's parents to give her a proper burial after 18 long years. Safiya was murdered in Goa in 2006, with her remains discovered in 2008. Though the accused was sentenced to death, the sentence was later commuted to life imprisonment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com