കാരയിൽ–തലിച്ചാലം പാലം റോഡ്: കുഴിയില്ലാതൊരു വഴിയില്ല !
Mail This Article
തൃക്കരിപ്പൂർ ∙കണ്ണൂർ–കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കാരയിൽ–തലിച്ചാലം പാലം വഴിയുള്ള റോഡിന്റെ തകർച്ച ഗതാഗതം ദുരിതപൂർണമാക്കി. റോഡിനൊപ്പം പാലത്തിനു മുകളിലും വലിയ കുഴികളുണ്ട്. കുഴികളിൽ വീണ് യാത്രക്കാരും വാഹനങ്ങളും കഷ്ടപ്പെടുകയാണ്. റോഡിന്റെ കക്കുന്നം മേഖലയിൽ നേരത്തെ തകർച്ച തുടങ്ങിയിരുന്നു. മെക്കാഡം ടാറിങ് പ്രവൃത്തി പൂർത്തിയാക്കാത്തതാണ് തകർച്ചയ്ക്ക് കാരണമായത്. മുണ്ട്യത്താലിൻ കീഴിൽ ക്ഷേത്രത്തിനു വടക്കുഭാഗത്ത് മാസങ്ങൾക്ക് മുൻപേ റോഡ് തകർന്നു തുടങ്ങിയപ്പോൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയതാണ്.
പക്ഷേ, അധികൃതർ തിരിഞ്ഞു നോക്കിയില്ല. പിന്നീടാണ് പാലത്തിനു മുകളിൽ കുഴികൾ രൂപപ്പെട്ടത്. പയ്യന്നൂർ നഗരസഭയിലെയും തൃക്കരിപ്പൂർ, വലിയപറമ്പ്, പടന്ന തുടങ്ങിയ പഞ്ചായത്തുകളിലെയും നൂറുകണക്കിനു യാത്രക്കാർ ഉപയോഗിക്കുന്ന പാതയാണിത്. ഏഴിമല നാവിക അക്കാദമിയിലേക്കും പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്കും എത്തുന്ന യാത്രക്കാർ ഈ റോഡ് പ്രയോജനപ്പെടുത്താറുണ്ട്. വിനോദ സഞ്ചാരികളുടെയും പാതയാണിത്. പയ്യന്നൂരിലൂടെ വലിയപറമ്പ് ബീച്ചിലേക്കും മറ്റും ടൂറിസ്റ്റുകൾ എത്തുന്നത് ഇതുവഴിയാണ്. റോഡ് തകർച്ച മൂലം വാഹനങ്ങൾ വഴിമാറിപ്പോകുന്ന സാഹചര്യമുണ്ട്.