കോടതി ജീവനക്കാർക്കും ഇനി വീട്ടുവാടക നിരക്കുബത്ത 8 %
Mail This Article
കാസർകോട് ∙ വിദ്യാനഗറിൽ കോടതി ജീവനക്കാർക്കും സിവിൽ സ്റ്റേഷൻ ജീവനക്കാർക്കു ലഭിക്കുന്ന വീട്ടുവാടക നിരക്കുബത്ത (എച്ച്ആർഎ) തന്നെ ഇനിമുതൽ ലഭിക്കും. പുതുക്കിയ നിരക്കിലുള്ള വീട്ടുവാടക ബത്ത ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ഉത്തരവിറക്കി. അടിസ്ഥാന ശമ്പളത്തിന്റെ 8 ശതമാനമാണ് ലഭിക്കുക. 4 ശതമാനമായിരുന്നു ഇതുവരെ ലഭിച്ചിരുന്നത്.
ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ജില്ലാ ആസ്ഥാനം എന്ന ആനുകൂല്യം സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് നൽകിയിരുന്നു. ച െങ്കള പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും കാസർകോട് നഗരസഭ പരിധിയുടെ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത് എന്നതും നഗരത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന ജില്ലാ ആസ്ഥാനം ഇവിടെ മാത്രമാണെന്നതും പ്രത്യേക പരിഗണന ലഭിക്കുന്നതിന് കാരണമായി.
സിവിൽ സ്റ്റേഷനിൽ വിവിധ ഓഫിസുകളിലെ ജീവനക്കാർക്ക് നിലവിലെ വ്യവസ്ഥകളിൽ ഇളവു വരുത്തി ജില്ലാ ആസ്ഥാനത്തെ നഗരസഭാ പരിധിയിൽ ജോലി ചെയ്യുന്ന ജീവനക്കാർ എന്നു കണക്കാക്കി ക്ലാസ് ബി പ്രദേശങ്ങൾക്ക് ബാധകമായ നിരക്കിൽ അടിസ്ഥാന ശമ്പളത്തിന്റെ 8 ശതമാനം വീട്ടുവാടക ബത്തയാണ് ഫെബ്രുവരി മുതൽ ലഭിക്കുന്നത്. എന്നാൽ കോടതി ജീവനക്കാർക്ക് ഇതനുവദിച്ചിരുന്നില്ല.
സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് അനുവദിച്ചത് പോലെ തന്നെയുള്ള വീട്ടുവാടക ബത്ത കോടതി ജീവനക്കാർക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി റജിസ്ട്രാർ ജൂൺ ഒന്നിനു കത്ത് നൽകിയിരുന്നു. കാസർകോട് സിവിൽ സ്റ്റേഷനും കാസർകോട് കോടതി സമുച്ചയവും ചെങ്കള പഞ്ചായത്തിലെ വിദ്യാനഗറിൽ 10 മീറ്റർ (ഒരു മതിൽക്കെട്ട് കടന്ന്) വ്യത്യാസത്തിലാണ് സ്ഥിതിചെയ്യുന്നത്.
ചെങ്കളയിൽ ലഭിക്കുന്നത് 8 ശതമാനം
കാസർകോട് ∙ നഗരസഭ ജീവനക്കാർ ഉൾപ്പെടെ കാസർകോട് നഗരസഭ പരിധിയിലെ ജീവനക്കാർക്ക് വീട്ടുവാടക ബത്ത അടിസ്ഥാന ശമ്പളത്തിന്റെ 6 ശതമാനം മാത്രം ലഭിക്കുമ്പോൾ ചെങ്കള പഞ്ചായത്ത് പരിധിയിലെ സിവിൽ സ്റ്റേഷൻ, കോടതി കോംപ്ലക്സ് ജീവനക്കാർക്ക് 8 ശതമാനം നൽകുന്നത് വിവേചനമാണെന്ന് ജീവനക്കാർക്കിടയിൽ പരാതി ഉയർന്നു.
കാസർകോട് ടൗണിലെ സർക്കാർ ജീവനക്കാർക്ക് 6 ശതമാനവും ടൗണിനു പുറത്തുള്ള ചെങ്കള പഞ്ചായത്തിലുള്ള സിവിൽ സ്റ്റേഷൻ, കോടതി സമുച്ചയത്തിലെ ജീവനക്കാർക്ക് 8 ശതമാനവും എന്നത് ജീവനക്കാരെ ടൗൺ, പഞ്ചായത്ത് എന്നു പരിഗണിക്കുമ്പോൾ ഈ ഉത്തരവ് നീതിയുക്തമല്ലെന്നാണ് ആരോപിക്കുന്നത്. കാസർകോട് നഗരസഭ പരിധിയിലെ ജീവനക്കാർക്കും 8 ശതമാനം നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ജീവനക്കാർ കോടതിയെ സമീപിച്ചായിരുന്നു കാസർകോട് സിവിൽ സ്റ്റേഷനിലെയും കോടതി കോംപ്ലക്സിലെയും ജീവനക്കാർക്ക് 4 ശതമാനം എച്ചആർഎ 8 ശതമാനമായി ഉയർത്തിയത്.