കല്ലുമ്മക്കായ കൃഷി: വിത്ത് അംഗീകൃത സഹകരണ സംഘങ്ങൾ വഴി
Mail This Article
തൃക്കരിപ്പൂർ∙ ജില്ലയിൽ കല്ലുമ്മക്കായ കൃഷി വിത്ത് മത്സ്യബന്ധന വകുപ്പ് അംഗീകൃത സഹകരണ സംഘങ്ങൾ മുഖേന വിതരണം ചെയ്യും. എല്ലാ വർഷവും ഒക്‌ടോബർ മുതൽ ജനുവരി വരെയുള്ള കാലത്താണ് കല്ലുമ്മക്കായ വിത്ത് ശേഖരണം നടക്കുന്നത്. പെർമിറ്റ് സഹിതം മാത്രമേ വിത്ത് ശേഖരിക്കാൻ അനുമതിയുള്ളൂ. വിത്ത് ശേഖരിക്കുന്നതിനുള്ള പെർമിറ്റിനായി അംഗീകൃത മത്സ്യത്തൊഴിലാളികൾ ബന്ധപ്പെട്ട ഫിഷറീസ് സഹകരണ സംഘങ്ങൾ മുഖേന ജില്ലാ ഫിഷറീസ് ഓഫിസർക്ക് അപേക്ഷ നൽകണം.
ശേഖരിക്കുന്ന വിത്തുകൾ വകുപ്പ് നിശ്ചയിക്കുന്ന വിലയ്ക്ക് ഫിഷറീസ് വകുപ്പിന് കീഴിലുള്ള സഹകരണ സംഘങ്ങൾക്ക് നൽകുകയും ന്യായവിലയ്ക്ക് കർഷകർക്ക് വിതരണം നടത്തുകയും വേണം. വിനിമയ/ട്രാൻസ്പോർട്ടേഷൻ നിരക്ക് ഉൾപ്പെടെ 50 കിലോയുടെ വിത്ത് അടങ്ങുന്ന ഒരു ചാക്കിനു പരമാവധി 4700 രൂപ ഈടാക്കും. അംഗീകൃത സഹകരണ സംഘങ്ങളിൽ നിന്നു മാത്രമേ വിത്ത് വാങ്ങി കൃഷി ചെയ്യാൻ ലൈസൻസുള്ള കർഷകർക്ക് അനുമതിയുള്ളൂ. ലൈസൻസ് ലഭിച്ച കൃഷിയിടങ്ങളിൽ കർഷകരുടെ പേരും ലൈസൻസ് നമ്പറും പ്രദർശിപ്പിക്കണം. സബ്‌സിഡി അപേക്ഷകൾക്കായി സഹകരണ സംഘങ്ങളുടെ വിത്ത് ബില്ലുകൾ മാത്രമാണു പരിഗണിക്കുക.
കൃഷിക്കായി ലൈസൻസ് ലഭിച്ച കർഷകർ 25 ചതുരശ്ര മീറ്റർ വിസ്തൃതിയിലും സംഘങ്ങൾ 100 ചതുരശ്ര മീറ്റർ വിസ്തൃതിയിലും കൂടുതൽ കൃഷി ചെയ്യാൻ പാടില്ല. വിത്ത് ആവശ്യമുള്ള കർഷകർ അംഗീകൃത സഹകരണ സംഘങ്ങളുമായി ബന്ധപ്പെടണം. കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിനുള്ള ലൈസൻസ് അപേക്ഷ ഫോം തൃക്കരിപ്പൂർ മത്സ്യഭവനിൽ നിന്നു വിതരണം ചെയ്തു തുടങ്ങി. ആധാർ കാർഡ്, ഫോട്ടോ, എന്നിവയോടൊപ്പം ഫോം സമർപ്പിക്കണം. കൃഷി ചെയ്യുന്ന പ്രദേശം, ആവശ്യമായ വിത്ത് അളവ് എന്നിവ കർഷകർ ലൈസൻസ് അപേക്ഷയോടൊപ്പം രേഖപ്പെടുത്തണം. സംഘങ്ങൾ ഇതുസംബന്ധിച്ച വിവരങ്ങൾക്ക് അടുത്തുള്ള മത്സ്യഭവനുമായി ബന്ധപ്പെടേണ്ടതാണെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.