തിരികെ വരുമോ മലയോരത്തെ ദീർഘദൂര സ്വകാര്യ ബസുകൾ...?
Mail This Article
രാജപുരം ∙ ഒരു കാലത്ത് മലയോരത്തിന്റെ ജീവനാഡിയായിരുന്നു തെക്കൻ ജില്ലകളിലേക്കുള്ള ദീർഘദൂര സ്വകാര്യ ബസുകൾ. എന്നാൽ പിന്നീട് സർക്കാർനയ പ്രകാരം ഇല്ലാതായ ഈ ബസുകൾ ഹൈക്കോടതിയുടെ പുതിയ ഉത്തരവു പ്രകാരം തിരികെ എത്തുമെന്ന പ്രതീക്ഷയിൽ കുടിയേറ്റ മേഖല. സ്വകാര്യ ബസുകൾക്ക് 140 കിലോ മീറ്ററിൽ കൂടുതൽ ദൂരത്തിനു പെർമിറ്റ് അനുവദിക്കേണ്ടതില്ലെന്ന മോട്ടർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥ നടപ്പാക്കിയതോടെയാണ് ഈ മേഖലയിലെ ദീർഘദൂര ബസ് സർവീസ് നിലച്ചത്.എന്നാൽ ഈ വ്യവസ്ഥ ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദ് ചെയ്തതോടെ ഈ ബസുകൾ തിരികെ എത്തുമെന്ന പ്രതീക്ഷയാണുള്ളത്.
ഇപ്പോഴുള്ളത് കോൺട്രാക്ട് കാര്യേജ് ബസുകൾ
മലയോരത്തു നിന്ന് നേരത്തെ ന്യായമായ ടിക്കറ്റ് നിരക്കിൽ കോട്ടയം, പാല, ചങ്ങനാശേരി റൂട്ടുകളിൽ ഒട്ടേറെ സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നു. 2010ൽ ഗതാഗത വകുപ്പ് ഇവയെ സൂപ്പർഫാസ്റ്റ് കാറ്റഗറിയിൽ പെടുത്തി. തുടർന്ന് 2023 മാർച്ച് 1മുതൽ ദീർഘദൂര (140 കിലോ മീറ്ററിൽ കൂടുതൽ) സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകേണ്ടതില്ലെന്ന മോട്ടർ വാഹന വകുപ്പ് സ്കീം വ്യവസ്ഥ വന്നതോടെ ഇത്തരം ബസുകളുടെ പെർമിറ്റ് റദ്ദാക്കുകയായിരുന്നു. ഇതേ തുടർന്ന് സ്വകാര്യ ബസുകൾ പ്രതിസന്ധിയിലായി. പെർമിറ്റ് റദ്ദായ ബസുകളുടെ റൂട്ട് കെഎസ്ആർടിസി ഏറ്റെടുത്ത് സർവീസ് ആരംഭിച്ചു. ഇതിൽ പല റൂട്ടുകളിലും കെഎസ്ആർടിസി സർവീസ് തുടരുന്നില്ലെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു.
പെർമിറ്റ് റദ്ദായതിനെത്തുടർന്ന് ചില സ്വകാര്യ ബസുകൾ സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസ്സുകളായി സർവീസ് തുടർന്നു വരുന്നുണ്ട്. എവിടേക്കാണ് പോകുന്നതെന്ന ബോർഡ് വയ്ക്കാനോ സ്റ്റോപ്പുകളിൽ നിർത്തി ആളുകളെ കയറ്റാനോ ബസ് സ്റ്റാൻഡുകളിൽനിന്ന് ആളെ കയറ്റാനോ ഇത്തരം ബസുകൾക്ക് അനുമതിയില്ല. ഗതാഗത വകുപ്പ് തീരുമാനം മാറ്റുമെന്ന് പ്രതീക്ഷിച്ച് ഒരു വർഷത്തിലേറെ കാത്തിരുന്ന സ്വകാര്യ ബസുടമകൾ പലരും പിന്നീട് ബസ് വിൽക്കുകയോ കോൺട്രാക്ട് കാര്യേജ് വാഹനങ്ങളാക്കി മാറ്റുകയോ ചെയ്യുകയായിരുന്നു.
കൊന്നക്കാട് നിന്ന് കോട്ടയം ജില്ലയിലേക്ക് സർവീസ് നടത്തിയിരുന്ന ഷാജി, ജേക്കബ്, ഹോളി മരിയ ബസുകൾ ദീർഘ ദൂര പെർമിറ്റ് ലഭിക്കാതായതോടെ കോൺട്രാക്ട് കാര്യേജ് ആയി സർവീസ് നടത്തി വരികയാണ്. പെർമിറ്റ് ലഭിക്കുമെന്ന് കരുതി പിടിച്ച് നിൽക്കാൻ ശ്രമിച്ച് ചിറ്റാരിക്കാലിൽ നിന്നും പത്തനംതിട്ട വരെ സർവീസ് നടത്തിയിരുന്ന ഹോളിഫാമിലി ബസ് ഒരു വർഷം മുൻപ് സർവീസ് നിർത്തി. പാണത്തൂരിൽ നിന്ന് പുലർച്ചെ കോഴിക്കോട് വരെ സർവീസ് നടത്തിയിരുന്ന ഗീത ബസും ഇതേ കാരണത്താൽ പിന്നീട് സർവീസ് നിർത്തുകയായിരുന്നു. ബന്തടുക്കയിൽ നിന്ന് കോട്ടയം വരെ ചെറിയാൻ ബസ് സർവീസ് നടത്തിയിരുന്നു. നിലവിൽ കോൺട്രാക്ട് കാര്യേജ് ബസ്, കെഎസ്ആർടിസി ബസ് എന്നിവയാണ് യാത്രക്കാർക്ക് ആശ്രയം.
ബസുടമകൾ അപേക്ഷ നൽകും
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുതിയ ദീർഘദൂര സർവീസുകൾക്കുള്ള പെർമിറ്റിന് അപേക്ഷ നൽകാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. സ്വകാര്യ ദീർഘദൂര ബസുകൾ ടിക്കറ്റ് നിരക്കിൽ ഓടിത്തുടങ്ങിയാൽ ബസ് ഉടമകളോടൊപ്പം അതിന്റെ നേട്ടം ലഭിക്കുന്നത് മലയോര കുടിയേറ്റ മേഖലയിലെ യാത്രക്കാർക്ക് കൂടിയായിരിക്കും.
ചാർജ് കുറയും..!
നിലവിലെ സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസുകളിൽ ടിക്കറ്റ് നിരക്കിന് സ്ഥിരതയില്ലെന്ന് പരാതിയുണ്ട്. ഫെസ്റ്റിവൽ സീസണുകളിൽ സാധാരണ ദിവസങ്ങളിൽ വാങ്ങുന്നതിന്റെ ഇരട്ടിയോളം രൂപ നിരക്കായി നൽകേണ്ടി വരുന്നതായി യാത്രക്കാർ പറയുന്നു.പാണത്തൂരിൽ നിന്ന് കോട്ടയത്തേക്ക് നേരത്തെ സർവീസ് നടത്തിയിരുന്ന 2 സ്വകാര്യ ബസുകൾ പെർമിറ്റ് റദ്ദ് ചെയ്തതോടെ കോൺട്രാക്ട് കാര്യേജായി സർവീസ് തുടരുന്നുണ്ട്. നിലവിൽ എയർ കണ്ടിഷൻ ബസിന് 800 രൂപയാണ് പാണത്തൂരിൽ നിന്നും കോട്ടയം വരെയുള്ള നിരക്ക്. ഇത് ഫെസ്റ്റിവൽ സീസണിൽ 1200 രൂപ വരെ എത്തും. എന്നാൽ പുതിയ നിയമപ്രകാരം പെർമിറ്റോട് കൂടി സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചാൽ യാത്രക്കാർ ഇത്തരം ബസുകളെ കൂടുതലായി ആശ്രയിക്കുന്ന സ്ഥിതിയുണ്ടാകും. 5 കെഎസ്ആർടിസി ബസുകളും പാണത്തൂരിൽ നിന്ന് കോട്ടയം വരെ നിലവിൽ സർവീസ് നടത്തുന്നുണ്ട്. സൂപ്പർഫാസ്റ്റ് ബസിന് 580 രൂപയാണ് ടിക്കറ്റ് നിരക്ക്.