മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിൽ 4 പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനംവകുപ്പ്
Mail This Article
ബോവിക്കാനം∙ മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിൽ ഭീതി വിതയ്ക്കുന്ന പുലികളുടെ എണ്ണം സംബന്ധിച്ച് ജനങ്ങളുടെ സംശയം ഒടുവിൽ ശരിവച്ച് വനം വകുപ്പ്. 4 പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനം റേഞ്ച് ഓഫിസർ സി.വി. വിനോദ് കുമാർ അറിയിച്ചു. മുളിയാർ പഞ്ചായത്ത് ജനജാഗ്രത സമിതി യോഗത്തിലാണ് വനംവകുപ്പ് ആദ്യമായി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്. മുളിയാർ പഞ്ചായത്തിലെ പാണൂർ തോട്ടത്തുമൂലയിലെ ഇ. മണികണ്ഠന്റെ വീട്ടിൽ നിന്നു നായയെ പുലി പിടിച്ച സാഹചര്യത്തിലാണ് അടിയന്തരമായി ജനജാഗ്രത സമിതി വിളിച്ചു ചേർത്തത്. കുണിയേരിയിൽ കൂട് സ്ഥാപിച്ചിട്ടും പുലി കുടുങ്ങിയില്ലെന്ന് അധികൃതർ പറഞ്ഞു.
ഒന്നിൽ കൂടുതൽ പുലികൾ ഉള്ള സാഹചര്യത്തിൽ അവയെ ജനങ്ങളുടെ സഹകരണത്തോടെ ഉൾക്കാട്ടിലേക്ക് ഓടിക്കാമെന്ന ആശയവും വനം വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ മുന്നോട്ടുവച്ചു. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും പുലികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചാൽ അവ ഇവിടെ നിന്നു പോകുമെന്നാണ് പറയുന്നത്. ഇത് യോഗം അംഗീകരിച്ചു. പുലിയുടെ സാന്നിധ്യം കൂടുതലായി കാണുന്ന സ്ഥലങ്ങളിൽ കൂട് സ്ഥാപിക്കും. ഇതിനായി കൂടുതൽ കൂടുകൾ എത്തിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു വർഷത്തിലേറെയായി നാട്ടുകാർ പുലിയെ കാണാൻ തുടങ്ങിയിട്ടും കാട്ടുപൂച്ചയെന്നു പറഞ്ഞ് തള്ളിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ വിമർശനമുണ്ടായി.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.ജനാർദനൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ ബി.കെ. നാരായണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇ.മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞമ്പു നമ്പ്യാർ, പഞ്ചായത്ത് അംഗങ്ങളായ സി. നാരായണിക്കുട്ടി, പി.രവീന്ദ്രൻ, വി.സത്യവതി, ആനക്കാര്യം കർഷക കൂട്ടായ്മ ചെയർമാൻ എം.രാഘവൻ നായർ, വി. വാസു, കെ.പ്രഭാകരൻ, മണികണ്ഠൻ ഓമ്പയിൽ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എം.കെ. ബാബു, കെ.ജയകുമാരൻ എന്നിവർ പ്രസംഗിച്ചു.