ഒടുവിൽ പിടിവീണു; സംസ്ഥാനാന്തര മോഷണസംഘത്തിലെ മുഖ്യപ്രതി പിടിയിൽ
Mail This Article
ബദിയടുക്ക∙ ജില്ലയിലെ ക്ഷേത്രങ്ങളിൽ ഉൾപ്പെടെ കേരള–കർണാടക സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ കവർച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ബംബ്രാണ കൊടിയമ്മയിൽ താമസിക്കുന്ന കർണാടക കബക കൊയില കളായി വീട്ടിൽ ഇബ്രാഹിം കലന്തറിനെ(42)യാണ് ബദിയടുക്ക എസ്ഐ കെ.കെ.നിഖിലിന്റെ നേതൃത്വത്തിലുള്ള സംഘം ഉപ്പളയിൽനിന്ന് അറസ്റ്റ് ചെയ്തത്.ജില്ലയിൽ മോഷണം വർധിച്ചതിനാൽ ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നിർദേശത്തെ തുടർന്നു ഓരോ സ്റ്റേഷനുകളിലും പ്രത്യേക ക്രൈം സ്ക്വാഡുകൾ രൂപീകരിച്ചിരുന്നു. കാസർകോട് സബ് ഡിവിഷനിൽ ഡിവൈഎസ്പി സി.കെ.സുനിൽകുമാറിന്റെ മേൽനോട്ടത്തിൽ സംഘം നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതിയെ പിടികൂടിയത്.
ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 3 നു പുലർച്ചെ മാന്യ അയ്യപ്പ ഭജനമന്ദിരത്തിന്റെ ഇരുമ്പു ഗേറ്റിന്റെയും ശ്രീകോവിലിന്റെയും പൂട്ട് തകർത്ത് അകത്ത് കടന്ന് അഞ്ചര ലക്ഷത്തിലേറെ വിലമതിക്കുന്ന അയ്യപ്പന്റെ വെള്ളി ഛായാചിത്ര ഫലകവും അതിന്മേൽ ചാർത്തിയ അര കിലോഗ്രാം തൂക്കമുള്ള വെള്ളിയിൽ തീർത്ത രുദ്രാക്ഷ മാല, ഇതിലുള്ള 2 ഗ്രാം സ്വർണ ലോക്കറ്റ് എന്നിവയാണ് കവർന്നത്. മൂന്നര കിലോഗ്രാം വെള്ളിയിൽ തീർത്തതാണ് ഛായാചിത്ര ഫലകം. ആകെ 6 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് നടത്തിയത്. മന്ദിരത്തിനു സമീപം അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സ് പുറത്തു നിന്നു പൂട്ടിയിട്ടായിരുന്നു കവർച്ച നടത്തിയത്. കവർന്ന വിഗ്രഹം കൂട്ടാളിയുടെ കൈവശമുണ്ടെന്നാണ് പ്രതിയുടെ മൊഴി. കവർച്ച സംഘമെത്തിയ കാർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.എസ്ഐ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രസാദ്, സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് ആരിഫ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
അറസ്റ്റിലായത് ഇരുപതിലേറെ കേസുകളിലെ പ്രതി
അയ്യപ്പ ഭജന മന്ദിരത്തിൽ കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ ഇബ്രാഹിം കലന്തർ ഇരുപതിലേറെ കേസുകളിലെ പ്രതിയാണെന്നു പൊലീസ്.പൊയിനാച്ചി ധർമ ശാസ്ത ക്ഷേത്രത്തിലും വിദ്യാനഗർ സ്റ്റേഷൻ പരിധിയിലെ എടനീർ ക്ഷേത്രത്തിലും കർണാടക ബണ്ട്വാളിലെ ക്ഷേത്രം, മടിക്കേരിയിലെ ബാങ്ക് കവർച്ച, കുശാൽനഗറിലെ വീട് കവർച്ച തുടങ്ങി ഒട്ടേറെ മോഷണക്കേസുകളിൽ പ്രതി ആണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.സംഘത്തിലെ പ്രധാന കണ്ണിയായതിനാൽ കർണാടക പൊലീസുമായി ചേർന്നു ഊർജിതമായ അന്വേഷണം നടത്തുകയാണെന്നു കാസർകോട് ഡിവൈഎസ്പി സി.െക.സുനിൽകുമാർ പറഞ്ഞു.
ഈ കവർച്ചാ സംഘത്തിൽപ്പെട്ട കർണാടക സ്വദേശി ഫൈസൽ മഞ്ചേശ്വരം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലാണ് ചെർക്കള- കല്ലടുക്ക സംസ്ഥാന പാതയോരത്തു നെല്ലിക്കട്ട ഗുരുദേവക്ഷേത്രത്തിൽ ശ്രീകോവിലിന്റെയും ഓഫിസിന്റെയും പൂട്ട് തകർത്തും പണം കവർന്നിരുന്നു. പൊയിനാച്ചി ദേശീയപാതയോരത്തുള്ള ധർമശാസ്താക്ഷേത്രത്തിന്റെ ശ്രീകോവിൽ, സേവാ കൗണ്ടർ, ഓഫിസ് മുറി എന്നിവയുടെ പൂട്ട് തകർത്ത് 55,000 രൂപയുടെ 8 ഗ്രാം സ്വർണം, 10,000 രൂപയുടെ ഡിവിആർ, ഭണ്ഡാരത്തിൽ നിന്നു 5000 രൂപ എന്നിവയും മോഷ്ടിച്ചിരുന്നു.
വിവരം ലഭിച്ചത് മഞ്ചേശ്വരത്ത് പിടിയിലായ സംഘത്തിൽ നിന്ന്
ജില്ലയിലെ ആരാധനാലയങ്ങളിൽ ഉൾപ്പെടെ കവർച്ച നടത്തിയ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത് കൊഡലമുഗറു ദൈഗോളിയിൽ നിന്നു പിടികൂടിയ സംഘത്തിൽ നിന്ന്. കവർച്ച ലക്ഷ്യമാക്കി മാരകായുധങ്ങളുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ടംഗ സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ ഞായാറാഴ്ച പുലർച്ചെ പൊലീസ് പിടികൂടിയിരുന്നു. മംഗളൂരു കൊടിയുള്ളാൽ ഫൈസൽ, തുംകൂർ കച്ചേരി മൊഹല്ലയിലെ സയിദ് അമാൻ എന്നിവരെയാണ് മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഇവരിൽ നിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഉൾപ്പെടെയുള്ള സംഘമാണ് കവർച്ചയ്ക്കു പിന്നിലെന്നു തെളിഞ്ഞത്. 3 ഗ്ലൗസ്, മങ്കി ക്യാപ്, ഗ്യാസ് സിലിണ്ടർ, 2 ഓക്സിജൻ സിലിണ്ടർ, ഗ്യാസ് കട്ടർ, കൊടുവാൾ, പിക്കാസ് എന്നിവയും ടൂൾ ബോക്സും പിടിച്ചെടുത്തു. കാറും കസ്റ്റഡിയിലെടുത്തു.നിലവിൽ മൂന്നുപേരെയാണ് പിടികൂടിയത്. ഇനിയും സംഘത്തിലുള്ള മൂന്നിലേറെ പേരെ പിടികൂടാനുണ്ട്.