സ്കൂളിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ മരുന്നുകൾ ഉപേക്ഷിച്ച നിലയിൽ
Mail This Article
പാക്കം ∙ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ മരുന്നുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാലു ബോക്സുകളിലാക്കിയ നിലയിലും പൊട്ടിച്ച നിലയിലുമാണ് മരുന്നുകൾ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പള്ളിക്കര പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ആഴമുള്ള കുഴിയായതിനാൽ ഇറങ്ങി പരിശോധന നടത്താൻ കഴിഞ്ഞില്ലെന്നും ഇന്ന് ഏണി ഉപയോഗിച്ച് ഇറങ്ങി പരിശോധിച്ചാൽ മാത്രമേ ഏതുതരം മരുന്നാണെന്ന് വ്യക്തമാകൂവെന്ന് സജീവ് പറഞ്ഞു.
പുറത്തു കണ്ടത് വിറ്റാമിൻ ഗുളികകളാണെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്നുള്ള ഉപയോഗശൂന്യമായ മരുന്നാണിതെന്ന് സംശയമുണ്ട്.
നൂറുകണക്കിനു കുട്ടികൾ പഠിക്കുന്ന സ്കൂളിനു സമീപം ഉപേക്ഷിച്ചതിൽ ദുരൂഹതയുണ്ടെന്നും പരിശോധന നടത്തി മരുന്ന് എവിടെ നിന്നെത്തിച്ചതാണെന്നു ഏതുതരം മരുന്നാണെന്നു കണ്ടെത്തണമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.