നിരന്തരം ഭാരവാഹനങ്ങൾ ഇരിയ– പൂണൂർ പാലം അപകടാവസ്ഥയിൽ
Mail This Article
ഇരിയ ∙ദേശീയപാത നിർമാണ കമ്പനിയുടെ മിക്സിങ് പ്ലാന്റിലേക്കുള്ള സാമഗ്രികളുമായി ഭാരവാഹനങ്ങൾ പോകുന്നതിനാൽ ഇരിയ– പൂണൂർ പാലം അപകടാവസ്ഥയിൽ. അമ്പലത്തറ–ചാലിങ്കാൽ റോഡിൽ പന്നിക്കുന്നിലെ പ്ലാന്റിലേക്ക് ദിനംപ്രതി നൂറിലേറെ ലോറികളാണ് ലോഡുമായി ഈ പാലം വഴി പോകുന്നത്. പൂണൂർ തോടിന് സാധാരണ റോഡ് പാലം കാത്തിരുന്ന നാട്ടുകാർക്ക് വർഷങ്ങൾക്കു ശേഷം അനുവദിച്ചുകിട്ടിയത് വെള്ളമൊഴുകാൻ കോൺക്രീറ്റ് പൈപ്പുകൾ ഉപയോഗിക്കുന്ന പാലമാണ്. അമിതഭാരവുമായി കൂറ്റൻ ലോറികൾ പോകുന്നതിനാൽ സമ്മർദം താങ്ങാനാവാതെ പൈപ്പുകൾ തകരുമെന്നും ഇത് പാലത്തിന്റെ തകർച്ചയ്ക്കും കാരണമാകുമെന്നാണ് നാട്ടുകാരുടെ പരാതി.ഇപ്പോൾ തന്നെ പാലത്തിനോടനുബന്ധിച്ച് തോടിനായി നിർമിച്ച പാർശ്വഭിത്തികൾ തകർന്നിട്ടുണ്ട്. നേരത്തെ പാണത്തൂർ സംസ്ഥാനപാതയിൽനിന്ന് അമ്പലത്തറ–ചാലിങ്കാൽ റോഡിലൂടെയാണ് ഈ വാഹനങ്ങൾ പോയിരുന്നത്.
ഈ റോഡ് പൂർണമായും തകർന്നതോടെ നാട്ടുകാർ പ്രതിഷേധമുയർത്തി.തുടർന്നാണ് ലോറികൾ ഇരിയ പൂണൂർ പാലം–കാഞ്ഞിരടുക്കം വഴി പോകാൻ തുടങ്ങിയത്. ഇരിയ–കാഞ്ഞിരടുക്കം റോഡ് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പാലം അപകടത്തിലാകുമെന്ന ആശങ്ക പൊതുമരാമത്ത് മന്ത്രി, ജില്ലാ കലക്ടർ, അമ്പലത്തറ പൊലീസ് എന്നിവർക്കു നൽകിയ പരാതിയിൽ അറിയിച്ചിട്ടുണ്ട്.ഭാരവാഹനങ്ങൾ പോകുന്നത് മൂന്നു കിലോമീറ്ററിലേറെ ദൈർഘ്യമുള്ള ഇരിയ–കാഞ്ഞിരടുക്കം റോഡിന്റെ തകർച്ചയ്ക്കും കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.പരാതി അവഗണിച്ച് ഭാരവാഹനങ്ങൾ പൂണൂർ പാലം വഴി പോയാൽ തടയുന്നതുൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് കടക്കാൻ നാട്ടുകാർ നിർബന്ധിതരാകും.