ADVERTISEMENT

കാഞ്ഞങ്ങാട് ∙ കരുവന്നൂർ ബാങ്ക് വിഷയം പാർ‌ട്ടിക്കുണ്ടാക്കിയ അവമതിപ്പിന്റെ പശ്ചാത്തലത്തിൽ ഇനി സഹകരണ മേഖലയിൽ നിന്നു വിരമിച്ചവരെയോ ജോലി ചെയ്യുന്നവരെയോ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ഡയറക്ടർമാരാക്കുകയോ ഭരണസമിതിയുടെ തലപ്പത്തു കൊണ്ടുവരികയോ ചെയ്യേണ്ടതില്ലെന്ന തീരുമാനം കാഞ്ഞങ്ങാട്ടെ സിപിഎമ്മിൽ വ്യാപകമായി ലംഘിക്കുന്നതായി ആരോപണം. പാർട്ടി കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിൽ ചൂടേറിയ വിമർശനങ്ങൾക്കു വഴിവച്ച വിഷയം സമ്മേളനം കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുകയാണ്. പാർട്ടി മുഖേന സഹകരണ സ്ഥാപനങ്ങളിൽ നിയമനം നൽകിയവരാണ് അഴിമതി നടത്തുന്നവരിൽ ഭൂരിഭാഗവുമെന്ന കണ്ടെത്തലായിരുന്നു ഇത്തരക്കാരെ ഇനി നിയമിക്കേണ്ടതില്ലെന്ന തീരുമാനത്തിനു പിന്നിൽ. ഇത്തവണ സമ്മേളനം ആരംഭിക്കുന്നതിനു മുൻപുള്ള പാർട്ടി നയരേഖയിൽ ഇതു വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതനുസരിച്ച് പാർട്ടിയുടെ മുതിർന്ന നേതാക്കളുൾപ്പെടെ സഹകരണ മേഖലയിൽ നിന്നെത്തിയ ചിലർ സഹകരണ സ്ഥാപനങ്ങളുടെ തലപ്പത്തു നിന്ന് രാജിവയ്ക്കുകയും ചെയ്തു.  എന്നാൽ പാർട്ടി നയത്തിനു വിരുദ്ധമായാണ് കാഞ്ഞങ്ങാട് ഏരിയയിലെ നേതൃത്വത്തിന്റെ നടപടിയെന്നാണ് അണികളുടെ വിമർശനം. പാർട്ടി നിയന്ത്രണത്തിലുള്ള പുതുക്കൈ ചേടിറോഡിലെ കാഞ്ഞങ്ങാട് അഗ്രികൾചറിസ്റ്റ് വെൽഫെയർ സഹകരണസംഘം തിരഞ്ഞെടുപ്പിൽ കോട്ടച്ചേരി സഹകരണ ബാങ്കിൽ നിന്നു വിരമിച്ച സെക്രട്ടറിയെ ഡയറക്ടറാക്കാനുള്ള തീരുമാനമാണ് ഒടുവിലത്തെ സംഭവം. ഈ മാസം 22നാണ് സംഘം തിരഞ്ഞെടുപ്പ്. പാർട്ടിയുടെ ജില്ലയിലെ പ്രമുഖ നേതാവിന്റെ സഹോദരിയും ഏരിയ നേതാവിന്റെ പിതൃസഹോദരിയുമായ ഇവർ നാമനിർദേശ പത്രിക നൽകിക്കഴിഞ്ഞു. എതിരില്ലാത്തതിനാൽ ഇനി ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ഇവർ ഭരണസമിതി അംഗമാകും. ഇവരെ ഭരണസമിതി പ്രസിഡന്റാക്കാനാണ് നേതൃത്വം പാർട്ടി നയം ലംഘിക്കുന്നതെന്നാണ് ഉയരുന്ന വിമർശനങ്ങളിലൊന്ന്. മാത്രമല്ല, ഇവർ സെക്രട്ടറിയായിരിക്കേയാണ് ബാങ്കിന്റെ നോർത്ത് കോട്ടച്ചേരി ശാഖയിൽ സ്വർണപ്പണയ തട്ടിപ്പ് നടന്നതെന്നും അണികൾ ചൂണ്ടിക്കാട്ടുന്നു. 

കാഞ്ഞങ്ങാട് അലാമിപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പീപ്പിൾസ് വെൽഫെയർ സഹകരണസംഘത്തിന്റെ പ്രസിഡന്റ് കോട്ടച്ചേരി സഹകരണ ബാങ്ക് ജീവനക്കാരനാണ്. പാർട്ടി ചുമതല വഹിക്കുന്നവർ സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹിയാകരുതെന്ന മാനദണ്ഡം ലംഘിച്ച് ഈ സംഘത്തിന്റെ വൈസ് പ്രസിഡന്റാക്കിയത് സിപിഎം ഹൊസ്ദുർഗ് ലോക്കൽ സെക്രട്ടറിയെയാണ്. ഈ സംഘത്തിന്റെ നേതൃത്വം ഇവർ കയ്യാളുന്നതിനെതിരേയാണ് ഈ മാസം 4ന് നടന്ന കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിൽ വിമർശനമുയർന്നത്.  സമ്മേളനം സമാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഏരിയ സെക്രട്ടറി പങ്കെടുത്ത ലോക്കൽ കമ്മിറ്റി യോഗത്തിൽ കാഞ്ഞങ്ങാട് അഗ്രികൾചറിസ്റ്റ് വെൽഫെയർ സഹകരണസംഘം തിരഞ്ഞെടുപ്പിൽ കോട്ടച്ചേരി സഹകരണ ബാങ്കിൽ നിന്നു വിരമിച്ച സെക്രട്ടറിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്നും തീരുമാനം തിരുത്താൻ ഏരിയ സെക്രട്ടറി തയാറായില്ലെന്നുമാണ് അണികളിൽ ഒരു വിഭാഗത്തിന്റെ വിമർശനം.

English Summary:

The Communist Party of India (Marxist) in Kanhangad, Kerala, is embroiled in controversy for allegedly violating its own policy of not appointing retired or serving members from the cooperative sector to leadership positions. This comes after a decision was taken to prevent conflicts of interest and potential corruption, especially in light of the recent Karuvannur Bank scandal. Despite strong criticism, the party leadership is accused of continuing to appoint individuals with ties to cooperative banks, raising concerns about transparency and accountability.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com