പള്ളത്തിൽ കലുങ്ക് നിർമാണം: പൈപ്പ് മുറിച്ചുമാറ്റി സ്റ്റോപ്പർ ഇട്ടു; ജലവിതരണം മുടങ്ങിയിട്ട് ഒരാഴ്ച
Mail This Article
പാലക്കുന്ന് ∙ പള്ളത്തിൽ കലുങ്ക് നിർമാണ പ്രവൃത്തിയുടെ ഭാഗമായി വീണ്ടും പൈപ്പ് മുറിച്ചു മാറ്റി സ്റ്റോപ്പർ ഇട്ടു. ഇതോടെ സംസ്ഥാന പാതയുടെ കിഴക്ക് ഭാഗത്ത് പള്ളം, പാലക്കുന്ന്, കോട്ടിക്കുളം പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ (ബിആർഡിസി) ജലവിതരണം മുടങ്ങിയിട്ട് ഒരാഴ്ചയായി.ഇത് രണ്ടാം തവണയാണ് ഇവിടെ ജലവിതരണം താറുമാറാകുന്നത്. ഒരു മാസം മുൻപ് കിഴക്ക് ഭാഗത്ത് നിർമാണത്തിന്റെ ഭാഗമായി കുഴിയെടുക്കുമ്പോൾ കുടിവെള്ള പൈപ്പ് മുറിച്ചു സ്റ്റോപ്പർ ഇട്ടപ്പോൾ ഇതേ അവസ്ഥയായിരുന്നു.
ജല അതോറിറ്റിയുടെ വെള്ളം മാത്രം ആശ്രയിച്ചിരുന്നവരാണ് ഏറെ കഷ്ടത്തിലായത്. നാട്ടുകാർ വ്യാപകമായി പ്രതിഷേധിച്ചപ്പോൾ പൈപ്പിട്ട് കുടിവെള്ള വിതരണം പുനരാരംഭിക്കുകയായിരുന്നു. ഇപ്പോൾ കിഴക്ക് ഭാഗത്ത് കോൺക്രീറ്റ് ബെഡ് പണിക്കായി പൈപ്പ് മുറിച്ച് സ്റ്റോപ്പർ ഇട്ടതോടെയാണ് ജനങ്ങൾ വീണ്ടും ദുരിതത്തിലായത്. ഒരാഴ്ചയായി ഇത് തുടരുന്നു. ഇത് എപ്പോൾ ശരിയാകുമെന്ന് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയാണിവിടെ. ഉത്തരം പറയേണ്ടവരെല്ലാം കൈമലർത്തുകയാണെന്നാണ് 300ൽ ഏറെ ഉപയോക്താക്കളുടെ പരാതി.
പൈപ്പ് പൊട്ടി പലേടത്തും വെള്ളം പാഴാകുന്നു
പള്ളം തെക്കേക്കര ഭാഗങ്ങളിൽ വിവിധ ഇടങ്ങളിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ പൊട്ടി ശുദ്ധജലം ഒഴുകി പാഴാകുന്നതായി പരാതി വ്യാപകമായി. ഒരു മാസത്തിലേറെയായി ഈ വിധം വെള്ളം പാഴായിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് ബന്ധപ്പെട്ടവർ. ഇതു കാരണം വീടുകളിൽ എത്തേണ്ട വെള്ളത്തിന്റെ ഒഴുക്കും കുറയുകയാണെന്നാണ് പരാതി.