ദേശീയപാത സർവീസ് റോഡിലെ യാത്രാദുരിതം: പരിഹാരം, തീരദേശ റോഡ് വികസനം
Mail This Article
മൊഗ്രാൽ ∙ ദേശീയപാതയുടെ സർവീസ് റോഡിൽ യാത്രാദുരിതം കടുക്കുന്ന സാഹചര്യത്തിൽ തീരദേശ റോഡിലെ ഗതാഗത സൗകര്യം വിപുലപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. അടുത്ത വർഷം മാർച്ചോടെ തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത പൂർണമായും ഗതാഗതത്തിനു തുറന്നു കൊടുത്താലും സർവീസ് റോഡിലെ ഗതാഗതം സംബന്ധിച്ച പരാതികൾക്ക് പരിഹാരം ഉണ്ടാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനു പരിഹാരമായി ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ നിലവിലുള്ള തീരദേശ റോഡുകളെ കൂട്ടി യോജിപ്പിച്ചാൽ ഒരു പരിധി വരെ സഹായമാകും. തീരദേശ പാതയും സംസ്ഥാന പാതയുമായി ചേരുന്ന വിധത്തിൽ ആവശ്യമായ മാറ്റങ്ങളോടെ വികസിപ്പിച്ചാൽ ദേശീയപാതയിൽ സർവീസ് റോഡുകളിലെ തിരക്കും ദുരിതവും കുറയാൻ സഹായമാകും.
ദേശീയപാത സർവീസ് റോഡിലെ ദുരിതം
നിലവിൽ ദേശീയപാതയിലെ സർവീസ് റോഡിൽ ബസോ ലോറിയോ മുന്നിൽ പെട്ടാൽ ഇതിനെ മറികടക്കാൻ തന്നെ ഏറെ സമയമെടുക്കണം. യാത്രക്കാരെ കയറ്റാനും ഇറക്കാനും ബസ് നിർത്തുമ്പോൾ മറ്റു വാഹനങ്ങൾ പിറകിൽ കാത്തു നിൽക്കണം . ഈ കുരുക്കിൽ ഇരു ചക്രവാഹനങ്ങൾ ഡ്രെയ്നേജ് സ്ലാബിനു മുകളിൽ കയറിയാണ് ഓടുന്നത്. അടുത്തിടെ ബസിൽ നിന്നിറങ്ങുകയായിരുന്ന 2 വിദ്യാർഥികൾ ഭാഗ്യം കൊണ്ട് അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പല സ്ഥലങ്ങളിലും ഈ സ്ഥിതിയുണ്ട്.
ഓട്ടോ യാത്രയും ചെലവേറി
ദേശീയപാത സർവീസ് റോഡിൽ ഇരു ഭാഗത്തും രണ്ടു വരി വീതം പാതയാണ് എന്നു പറയുന്നുണ്ടെങ്കിലും അത് പൂർണ അർഥത്തിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന സൗകര്യം ഇപ്പോഴില്ല. സർവീസ് റോഡിനു മറുഭാഗത്തേക്ക് ഇപ്പോൾ ഓട്ടോറിക്ഷ വാടകയ്ക്കു വിളിച്ചാൽ വരാത്ത സാഹചര്യമുണ്ട്. റിട്ടേൺ ഓട്ടം ആളില്ലാതെ മറുഭാഗത്തേക്ക് അടിപ്പാത വഴി പോകേണ്ടി വരുന്നത് തന്നെ കാരണം. എന്നാൽ ഈ നഷ്ടത്തിലും നിലവിലുള്ള നിരക്കിൽ തന്നെ പിടിച്ചു നിൽക്കുന്ന ഓട്ടോ ഡ്രൈവർമാരുണ്ട്. സർവീസ് റോഡ് കുരുക്കിൽ യാത്രക്കാരും ഡ്രൈവർമാരും പലപ്പോഴും വഴക്ക് പതിവാണ്.
തീരദേശ റോഡ് വികസനം വേണ്ടത് ഇങ്ങനെ
ജില്ലാ ആസ്ഥാനത്ത് കാസർകോട് നെല്ലിക്കുന്ന് കടപ്പുറം-ചേരങ്കൈ റോഡ് വഴി നിലവിൽ സിപിസിആർഐ-ചൗക്കി വരെ തീരദേശ ഗതാഗത സൗകര്യമുണ്ട്. ഇത് മൊഗ്രാൽപുത്തൂർ തീരദേശവുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മൊഗ്രാൽപുത്തൂർ പടിഞ്ഞാർ നിലവിൽ ദേശീയപാതയിൽ നിന്ന് റെയിൽവേ അടിപ്പാത സൗകര്യമുണ്ട്. ചേരങ്കൈ- ചൗക്കി തീരദേശ റോഡിനെ മൊഗ്രാൽപുത്തൂറുമായി ബന്ധിപ്പിച്ചാൽ ദേശീയപാതയിൽ നിന്നു മാറി തീരദേശ റോഡിലൂടെ തന്നെ കാസർകോട് ടൗണിൽ പ്രവേശിക്കാം. ഇത് മൊഗ്രാൽ - കാസർകോട് സർവീസ് റോഡിലെ യാത്രാദുരിതത്തിനു പരിഹാരമാകും.
കാസർകോട് നഗരസഭയും മൊഗ്രാൽപുത്തൂർ പഞ്ചായത്തും ഇതിനു മുൻകയ്യെടുക്കണമെന്നാണ് ആവശ്യം. ഇത് യാഥാർഥ്യമായാൽ കുമ്പള കോയിപ്പാടി വഴി മൊഗ്രാൽ കൊപ്പളത്തിലേക്കുള്ള തീരദേശ റോഡ് വഴി മൊഗ്രാൽപുത്തൂരിലെ തീരദേശ റോഡിനെ ആശ്രയിച്ചാൽ തീരമേഖലയിൽ 15 കിലോമീറ്റർ റോഡ് സർവീസ് യാഥാർഥ്യമാകും. പടിഞ്ഞാറു ഭാഗത്തുള്ളവർക്ക് ദേശീയപാത സർവീസ് റോഡിനെ ആശ്രയിക്കാതെ തീരദേശത്ത് തന്നെ വലിയ ഗതാഗത സൗകര്യത്തിനു വഴി തുറക്കും. എന്നാൽ റോഡിനു വീതി കൂട്ടണം. നിലവിൽ 3 കിലോമീറ്റർ വീതിയേയുള്ളൂ.
മൊഗ്രാൽ – കാസർകോട് ദേശീയപാത സർവീസ് റോഡ് ദൂരം 8 കിലോമീറ്റർ ആണെങ്കിലും തീരദേശ റോഡ് ലിങ്ക് ചെയ്താൽ 4 കിലോമീറ്റർ കൂടുതൽ യാത്ര ചെയ്യേണ്ടി വരും. എന്നാലും പടന്നക്കാട് – കാഞ്ഞങ്ങാട് സൗത്ത് ദേശീയപാത, കാഞ്ഞങ്ങാട് സൗത്ത്– കോട്ടച്ചേരി സംസ്ഥാന പാതയിൽ ഗതാഗത തടസ്സം ഉണ്ടായാൽ പടന്നക്കാട് തീരദേശ റോഡ് വഴി കാഞ്ഞങ്ങാട്, കോട്ടച്ചേരി സംസ്ഥാന പാതയുമായി ബന്ധപ്പെടാൻ സൗകര്യമുള്ളത് പോലെ തന്നെ കാസർകോട്– മൊഗ്രാൽ തീരദേശ പാതയെ ആവശ്യമായ മാറ്റം വരുത്തിയാൽ ഉപയോഗപ്പെടുത്താൻ സഹായമാകും.