ഉത്തര മലബാർ ജലോത്സവം ഇന്ന്; ആവേശത്തുഴയെറിഞ്ഞ്....
Mail This Article
നീലേശ്വരം ∙ ഓളപ്പരപ്പുകൾക്ക് മീതെ ആവേശത്തുഴ വീഴാൻ ഇനി മണിക്കൂറുകൾ മാത്രം. തേജസ്വിനിയുടെ തീരങ്ങളിൽ നിന്നുയരുന്ന ആർപ്പുവിളികളിൽ മുങ്ങി ഉത്തര മലബാർ ജലോത്സവത്തിന് ഇന്ന് ഉച്ചയോടെ തുടക്കമാകും. അച്ചാംതുരുത്തി – കോട്ടപ്പുറം തീരത്താണ് സ്റ്റേജ് ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 4ന് സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. എംപി രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയാകും.
ആളെയിറക്കാം; പക്ഷേ പരിധിയുണ്ട്
ജില്ലയിൽ നിന്നുള്ള ടീമുകൾക്ക് പുറമെ പുറത്ത് നിന്നുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കാനെത്തുന്നുണ്ട്. മറ്റ് ജില്ലകളിലെ തുഴച്ചിലുകാർക്കും തുഴയാം. പക്ഷെ 10 ൽ അധികരിക്കരുത്. ജില്ലയുടെ ആവേശമായ ജലമേളയിൽ മഹാത്മ ഗാന്ധി ട്രോഫി സ്വന്തമാക്കാൻ ടീമുകൾ കടുത്ത പോരാട്ടമാണ് നടത്തുക. അതുകൊണ്ട് തന്നെ ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നും മറ്റുമായി സാങ്കേതിക മികവുള്ള തുഴച്ചിൽകാരെ കൊണ്ടുവന്നു മത്സരത്തിന് ഇറക്കാറുണ്ട്. എന്നാൽ ഇത്തവണ അത് നടക്കില്ല. കണ്ണൂർ, കാസർകോട് ജില്ലയ്ക്ക് പുറത്തുള്ളവരാണെങ്കിൽ 25 പേരുടെ മത്സരത്തിൽ 10 പേരും 15 പേരുടെ മത്സരത്തിൽ 5 പേർക്കും മാത്രമേ ഒരു വള്ളത്തിൽ തുഴയെറിയാൻ കഴിയൂ.
സമയം പാലിച്ചാൽ പോയിന്റും കിട്ടും
ടീമുകൾക്ക് റിപ്പോർട്ടിങ് പോയിന്റ് ഇത്തവണ ഏർപ്പെടുത്തിയിടുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ അവർക്ക് നൽകിയ സമയത്തിന് അനുസരിച്ച് റിപ്പോർട്ടിങ് പോയിന്റിൽ ടീമുകൾ റിപ്പോർട്ട് ചെയ്യണം. ഇത് വഴി മത്സരം വേഗത്തിൽ നടത്താൻ കഴിയും.
ലക്ഷ്യം ചാംപ്യൻസ് ട്രോഫി ജലമേള
ഉത്തര മലബാർ ജലോത്സവത്തെ അടുത്ത വർഷം മുതൽ ചാംപ്യൻസ് ട്രോഫി ജലമേളയായി ഉയർത്താനാണ് ലക്ഷ്യമെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ എം.രാജഗോപാലൻ എംഎൽഎ പറഞ്ഞു. ഇതിനുവേണ്ട ശ്രമം തുടങ്ങി. ലക്ഷ്യത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് എംഎൽഎ പറഞ്ഞു.
കപ്പിനായി തീപാറും പോരാട്ടം
കഴിഞ്ഞ വർഷത്തെ ജേതാക്കളായ പാലിച്ചോൻ അച്ചാംതുരുത്തി വിജയത്തിൽ കുറഞ്ഞതൊന്നും ഇത്തവണയും ലക്ഷ്യമിടുന്നില്ല. ശക്തമായ വെല്ലുവിളിയുയർത്തി പുത്തൻ ചുരുളൻ വള്ളങ്ങളുമായി ഒട്ടേറെ ടീമുകൾ ഇത്തവണ മത്സര രംഗത്തുണ്ട്. അഴീക്കോടൻ അച്ചാംതുരുത്തി, വയൽക്കര വെങ്ങാട്ട്, ന്യൂ ബ്രദേഴ്സ് മയിച്ച, വയൽക്കര മയിച്ച, എകെജി മയിച്ച, ഇഎംഎസ് മുഴക്കീൽ, കൃഷ്ണപ്പിള്ള കാവുംചിറ, വിഷ്ണുമൂർത്തി കുറ്റിവയൽ എകെജി പൊടൊതുരുത്തി, റെഡ്സ്റ്റാർ കാര്യങ്കോട് തുടങ്ങിയ പ്രമുഖ ക്ലബ്ബുകളെല്ലാം മാസങ്ങളായി ഒരുക്കത്തിലാണ്.
സ്ഥലം
∙ തേജസ്വിനിപ്പുഴയുടെ അച്ചാംതുരുത്തി – കോട്ടപ്പുറം തീരം. പ്രത്യേകം തയാറാക്കുന്ന ഗാലറി
സൗകര്യം സമയം
∙ ഉച്ചയ്ക്ക് 1.30ന് മത്സരങ്ങൾ തുടങ്ങും. ഉദ്ഘാടനം വൈകിട്ട് 4ന് 18
ആകെ പങ്കെടുക്കുന്നത് 18 ടീമുകൾ. ആദ്യ മത്സരം വനിതകളുടെത്. അതിന് ശേഷം പുരുഷന്മാരുടേത് ആരംഭിക്കും. 15
ചുരുളൻ വള്ളങ്ങൾ മാത്രമാണ് മത്സരിക്കുന്നത്. 15 പേർ തുഴയുന്ന വള്ളങ്ങളുടെ മത്സരങ്ങൾക്ക് ശേഷം 25 പേർ തുഴയുന്ന വള്ളങ്ങൾ മത്സരിക്കാനിറങ്ങും 60
ജലമേളയ്ക്ക് തുഴയുന്നതിന് വേണ്ടി മറ്റ് ജില്ലകളിൽ നിന്നായി 60 പേരാണ് എത്തുന്നത്. വിവിധ ടീമുകളാണ് ഇവരെ കൊണ്ടുവരുന്നത്. ആലപ്പുഴയിൽ നിന്നാണ് അധിക പേരും എത്തുന്നത്. 950
ജലമേളയിൽ ടീമുകൾക്ക് ഇത്തവനെ ഏറെ വിയർക്കേണ്ടിവരും ലക്ഷ്യത്തിലേക്ക് എത്താൻ. ട്രാക്കിന്റെ നിളം 950 മീറ്റർ. വീതി 8 മീറ്റർ. 6 ടീമുകൾക്ക് ഒരേ സമയം മത്സരിക്കാൻ കഴിയുന്ന രീതിയിലാണ് ട്രാക്ക് ഒരുക്കിയിട്ടുള്ളത്.