കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ തൂക്കുവേലി നിർമാണത്തിന് അനുമതി നൽകാതെ കൃഷിവകുപ്പ്
Mail This Article
മുള്ളേരിയ ∙ കാട്ടാനശല്യം തടയാൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന സോളർ തൂക്കുവേലിക്കു കൃഷിവകുപ്പിന്റെ ഉടക്ക്. ഇനി ബാക്കിയുള്ള 8 കിമീ വേലി നിർമിക്കാൻ ഈ വർഷം ബ്ലോക്ക് പഞ്ചായത്തും 5 പഞ്ചായത്തുകളും ചേർന്നു 75 ലക്ഷം രൂപ വകയിരുത്തിയെങ്കിലും കൃഷിവകുപ്പിന്റെ അനുമതി കിട്ടാത്തതിനാൽ ഫണ്ട് ചെലവഴിക്കാൻ പറ്റാത്ത സ്ഥിതിയാണ്.2021–22 വർഷം ആരംഭിച്ച പദ്ധതിയുടെ തുടർച്ചയാണെങ്കിലും സാങ്കേതികത്വം പറഞ്ഞാണ് കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഫയൽ മടക്കിയത്.
സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പദ്ധതി അംഗീകരിക്കാൻ കഴിയൂ എന്നാണു അദ്ദേഹത്തിന്റെ വാദം. കോഓർഡിനേഷൻ കമ്മിറ്റിയുടെ പ്രത്യേക അനുമതി വാങ്ങിയാണു 2 വർഷം മുൻപു പദ്ധതി നടപ്പിലാക്കിയതെങ്കിലും പുതിയ ധനകാര്യ കമ്മിഷൻ ആയതിനാൽ വീണ്ടും അനുമതി വാങ്ങണമെന്നാണു നിർദേശം.
പദ്ധതിക്കു ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതാണ്. കൃഷിയുമായി ബന്ധപ്പെട്ട പദ്ധതി ആയതിനാൽ കൃഷി ഡപ്യൂട്ടി ഡയറക്ടർ പരിശോധിച്ച് അനുമതി നൽകിയാൽ മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. അനുമതിക്കായി ബ്ലോക്ക് പഞ്ചായത്ത് ഫയൽ സമർപ്പിച്ചപ്പോഴാണ് തിരിച്ചയച്ചത്കാട്ടാനശല്യം തടയാൻ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന പദ്ധതി എന്ന നിലയിൽ സംസ്ഥാന സർക്കാരിന്റെ പ്രശംസ ഉൾപ്പെടെ ലഭിച്ച പദ്ധതിക്കു നേരെയാണു സാങ്കേതികത്വം പറഞ്ഞ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ മുഖം തിരിക്കുന്നത്. ആസൂത്രണ വകുപ്പിന്റെ പ്രത്യേക ഗ്രാന്റും ഇതിനു അനുവദിച്ചിരുന്നു.
വലിയ ചെലവുള്ള പദ്ധതി ആയതിനാൽ 5 വർഷം കൊണ്ടു പൂർത്തിയാക്കുന്ന രീതിയിലാണ് ഇതു തുടങ്ങിയത്. ആദ്യ വർഷം ബ്ലോക്ക് പഞ്ചായത്ത് 80 ലക്ഷം രൂപയും കാറഡുക്ക, മുളിയാർ, ദേലംപാടി, കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകൾ 5 ലക്ഷം രൂപ വീതവും ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷനെയാണു വേലിയുടെ നിർമാണം ഏൽപിച്ചത്. 21.5 കിലോമീറ്റർ ദൂരത്തിൽ വേലിയുടെ നിർമാണം പൂർത്തിയായി.
വാച്ച് ടവറിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ഇനി 8 കിമീ ദൂരത്തിൽ വേലി നിർമിക്കാൻ ബാക്കിയുണ്ട്. അതു കൂടി എത്രയും പെട്ടെന്നു പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണു ഈ വർഷം തുക നീക്കിവച്ചത്. കൃഷിവകുപ്പിന്റെ അനുമതി ലഭിച്ചാൽ 2 മാസത്തിനുള്ളിൽ തുക കോർപറേഷനു നൽകാൻ സാധിക്കും. അങ്ങനെയെങ്കിൽ ഈ വർഷം തന്നെ മുഴുവനായും വേലി നിർമാണം പൂർത്തിയാക്കാൻ കഴിയും.വേലി നിർമിക്കാത്ത ഭാഗങ്ങളിലൂടെ ഒറ്റയാന്മാർ ഇടയ്ക്കിടെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കാറുണ്ട്.