കനത്ത മഴയിൽ ഉത്തര മലബാർ ജലോത്സവം താൽക്കാലികമായി നിർത്തി; ഇന്ന് പുനരാരംഭിക്കും
Mail This Article
നീലേശ്വരം∙ആർപ്പുവിളികൾക്കും ആവേശക്കത്തലിനും മുകളിലേക്ക് പെയ്തിറങ്ങി മഴ. തേജസ്വിനിപ്പുഴയിൽ ഇന്നലെ ഉത്തര മലബാർ ജലോത്സവം ആരംഭിക്കുമ്പോഴൊന്നും മാനത്തില്ലാതിരുന്ന മഴ മേഘങ്ങൾ ഉദ്ഘാടനം കഴിഞ്ഞപ്പോഴേക്കും പൊഴിഞ്ഞുതുടങ്ങി. ഫ്ലാഗ്ഓഫ് സ്പീക്കർ എ.എൻ.ഷംസീർ നിർവഹിച്ചത് ചുരുളൻ വള്ളങ്ങൾക്കായാണെങ്കിലും മിന്നൽ വേഗത്തിൽ കുതിച്ചത് മഴ. പിന്നാലെ കാറ്റും മിന്നലുമെത്തി. അതോടെ മത്സരം നിർത്തി.
താൽക്കാലികമായി കെട്ടിയൊരുക്കിയ ഇരിപ്പിടങ്ങളിൽ തിങ്ങിനിറഞ്ഞു ഇരുന്നവരെല്ലാം ഇറങ്ങിയോടി. പാലത്തിനരികിലും സമീപത്തെ ക്ലബ് കെട്ടിടത്തിലും വീടുകളിലും അഭയം തേടി. പാലത്തിന് മുകളിൽ കാഴ്ചക്കാരായി നിന്ന നൂറുകണക്കിന് ആളുകൾ മഴ നന്നായി നനഞ്ഞു. മഴ മാറിയാലുടനെ മത്സരം നടക്കുമെന്ന പ്രതീക്ഷയിൽ കായലിൽ ചെറു വള്ളങ്ങളിലും വഞ്ചിവീടുകളിലുമായി ചുറ്റിക്കറങ്ങിയ വള്ളംകളി പ്രേമികൾക്ക് താൽക്കാലിക നിരാശ സമ്മാനിച്ച് ഒടുവിൽ അടുത്ത ദിവസത്തിലേക്ക് മത്സരങ്ങൾ മാറ്റിയതായി അറിയിപ്പെത്തി.
ഇന്നലെ ഉച്ചയോടെ ആരംഭിച്ച മത്സരയിനങ്ങളിൽ 15 പേർ തുഴയുന്ന വള്ളങ്ങളിൽ പുരുഷന്മാരുടെ മത്സരം പൂർത്തിയായതിന് ശേഷം സ്ത്രീകളുടെ മത്സരം പുരോഗമിക്കുന്നതിനിടെയാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. എകെജി പൊടോത്തുരുത്തി പുരുഷന്മാരിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചപ്പോൾ കൃഷ്ണപ്പിള്ള കാവുഞ്ചിറ, എകെജി മയിച്ച എന്നീ ക്ലബ്ബുകൾ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി. വേലിയിറക്കത്തിനൊപ്പം പുഴയിലെ ജലത്തിന്റെ അളവ് നന്നായി കുറയുമെന്നതിനാൽ സമയബന്ധിതമായി പൂർത്തിയാക്കാനായിരുന്നു സംഘാടകരുടെ ശ്രമം. അതിശക്തമായി പെയ്ത മഴയ്ക്കൊപ്പം കാറ്റും മിന്നലും വന്നതോടെ മത്സരം നടത്തുക പ്രായോഗികമല്ലാതാകുകയായിരുന്നു. വൈകിട്ട് 5.30 ഓടെ പുഴയുടെ പലഭാഗങ്ങളിലും വെള്ളം കുറഞ്ഞ് മണൽതിട്ടകളും തലയുയർത്തി തുടങ്ങിയിരുന്നു. വെളിച്ചക്കുറവ് കൂടെ പരിഗണിച്ചാണ് മത്സരം ഇന്നത്തേക്ക് മാറ്റിയത്.
ഉത്തര മലബാർ വികസനത്തിന്റെ നാഴികക്കല്ലായി ജലോത്സവം മാറും: സ്പീക്കർ
നീലേശ്വരം ∙ മലബാറിന്റെ വിനോദസഞ്ചാര വികസനത്തിൽ നാഴികക്കല്ലായി ഉത്തര മലബാർ ജലോത്സവം മാറുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ. ജലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കലക്ടർ കെ.ഇമ്പശേഖർ മുഖ്യാതിഥിയായി. സംഘാടകസമിതി ചെയർമാൻ എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സബ് കലക്ടർ പ്രതീക് ജയിൻ, നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്ത, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി.പ്രമീള (ചെറുവത്തൂർ), ടി.വി.സജീവൻ (വലിയപറമ്പ്), മുഹമ്മദ് അസ്‌ലം (പടന്ന), വി.കെ.ബാവ (തൃക്കരിപ്പൂർ), ഗിരിജാ മോഹൻ, ജോസഫ് മുത്തോലി, ഡിടിപിസി സെക്രട്ടറി ശ്യാം കൃഷ്ണൻ, മുൻ സെക്രട്ടറി ലിജോ ജോസഫ്, ടൂറിസം ഡിഡി ജി.ശ്രീകുമാർ, ബിആർസിസി മാനേജിങ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, കെ.സുധാകരൻ, പി.കെ.ഫൈസൽ, ബങ്കളം കുഞ്ഞിക്കൃഷ്‌ണൻ, ടി.സി.എ.റഹ്മാൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പി.പി.രാജു, കരീം ചന്തേര, ജെറ്റൊ ജോസഫ്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം.ഹമീദ് ഹാജി, സണ്ണി അരമന, വി.വി.കൃഷ്ണൻ, സുരേഷ് പുതിയേടത്ത്, സി.വി.സുരേഷ്, ആന്റക്‌സ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.