വ്യാജരേഖ ഉണ്ടാക്കി ഭൂമി തട്ടിയെടുത്തെന്ന പരാതി: കണ്ണടച്ച് അധികൃതർ; ഓഫിസുകൾ കയറിയിറങ്ങി വയോധികൻ
Mail This Article
വിദ്യാനഗർ ∙ വ്യാജആധാരങ്ങൾ ഉണ്ടാക്കി ഭൂമി തട്ടിയെടുത്തുവെന്ന പരാതി കൊടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും റവന്യു അധികൃതർ ഇത് കണ്ടെത്താൻ ശ്രമിക്കുന്നില്ലെന്ന് പരാതി. പ്രായത്തിന്റെ അവശതകളുമായി മുട്ടത്തോടി കങ്കാനമൂല വീട് കെ.എം.മുഹമ്മദ് ഇതിനു വേണ്ടി ഓഫിസുകൾ കയറിയിറങ്ങുന്നു. കാസർകോട് സിവിൽസ്റ്റേഷൻ, കോടതി കോംപ്ലക്സിന്റെ താഴെ കങ്കാണമൂലയിൽ വിവിധ സർവേ നമ്പറുകളിൽ 20.33 ഏക്കർ സ്ഥലം ഇങ്ങനെ തട്ടിയെടുത്തുവെന്നും സർക്കാർ നിരക്ക് 15 കോടി രൂപയാണെങ്കിലും 33 കോടി രൂപയ്ക്കു ഇത് ഇവർ വിൽപന നടത്തിയെന്നുമാണ് ആരോപണം.
പരാതിയിൽ ചെങ്കള വില്ലേജ് ഓഫിസർ മുഖേന അന്വേഷണം നടത്തിയതിൽ പരാതിയിൽ പരാമർശിക്കുന്ന സ്ഥലം വിവിധ കൈവശക്കാരുടെ പേരിലാണെന്നും ഇവർ നികുതി അടയ്ക്കുന്നുണ്ട് എന്നുമാണ് തഹസിൽദാർ 2019 മാർച്ച് 18നുള്ള കത്തിൽ അറിയിച്ചത്. വ്യാജ ആധാരം ചമച്ചതായ പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നുള്ള വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ വിഷയം സംബന്ധിച്ച് ഉചിതമായ ഏജൻസികൾ മുഖേന അന്വേഷണം നടത്തുന്നതിനുള്ള ശുപാർശ കലക്ടർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചിരുന്നു.
എന്നാൽ 5 വർഷം പിന്നിട്ടിട്ടും അതിൽ തുടർ നടപടികളില്ല. മുഹമ്മദ് ഇപ്പോഴും പരാതി കൊടുത്തു കൊണ്ടിരിക്കുന്നു. ഓഫിസുകൾ കയറിയിറങ്ങി തന്റെ പരിഭവം പറയുന്നു. മദ്രാസ് സർക്കാരിന്റെ കാലത്ത് മാത്രമല്ല ബ്രിട്ടിഷ് സർക്കാരിന്റെ കാലത്ത് തന്നെയുള്ള രേഖകളും വിവരങ്ങളും പറഞ്ഞ് സമർപ്പിച്ച പരാതികളിൽ തുടർ നടപടികളെടുക്കാൻ ഒന്നുമില്ലാത്തതിനാൽ ആ ഫയൽ ക്ലോസ് ചെയ്തുവെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. കണ്ണൂരിലും കാസർകോട്ടുമായി 20 വർഷത്തിലേറെ വാട്ടർ അതോറിറ്റിയുടെ ഹെഡ് ഓപ്പറേറ്ററായിരുന്നു മുഹമ്മദ്.
സർക്കാരിനു നിശ്ചിത വില നൽകി പിതാമഹൻ വാങ്ങിയ സ്ഥലമാണ് ഇങ്ങനെ വ്യാജ ആധാരം ഉണ്ടാക്കി പലരും തട്ടിയെടുത്തതെന്നാണ് പരാതി. ഇത് തിരിച്ചു ലഭ്യമാക്കിയാൽ 10 ഏക്കറും സർക്കാരിനു നൽകാൻ തയാറാണെന്നും തനിക്ക് വീട് പണിയാനും മറ്റുമായ സ്ഥലം കിട്ടിയാൽ മതിയെന്നുമാണ് 75 പിന്നിട്ട മുഹമ്മദ് പറയുന്നത്. മേൽ സ്വത്ത് ഞങ്ങളുടെ പിതാവിനു സൗത്ത് കനറ മദ്രാസ് സർക്കാർ കാലത്ത് 1904 ൽ അനുവദിച്ചതെന്നാണ് മുഹമ്മദ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ബോധ്യപ്പെടുത്തിയിരുന്നത്. 2012ൽ തന്റെ ഭാര്യ മരിച്ച സമയത്താണ് വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിയതെന്നാണ് ആരോപണം.