ദേശീയ സ്വാതന്ത്ര്യ സമര-സാംസ്‌കാരിക ഇടനാഴി: പദ്ധതിയുടെ വിശദമായ റിപ്പോർട്ട് നൽകാൻ കലക്ടറുടെ നിർദേശം
Mail This Article
കാഞ്ഞങ്ങാട് ∙ ദേശീയ സ്വാതന്ത്ര്യ സമര-സാംസ്കാരിക ഇടനാഴിയെന്ന സ്വപ്നം യഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ കാഞ്ഞങ്ങാട്. അലാമിപ്പള്ളി സൗഭാഗ്യ നഗർ മുതൽ മഡിയൻ കൂലോം വരെയാണ് പ്രസ്തുത ഇടനാഴി. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കലക്ടർ കെ.ഇമ്പശേഖർ നിർദേശം നൽകി. കാസർകോട് ജില്ലയുടെ മുഖഛായ മാറ്റുന്ന ‘നമ്മുടെ കാസർകോട്’ പരിപാടി അവലോകന യോഗത്തിലായിരുന്നു പൈതൃക ഇടനാഴി നിർദേശമുണ്ടായത്.
ദേശീയ പ്രസ്ഥാനത്തിന്റെയും കർഷക പ്രസ്ഥാനത്തിന്റെയും പോരാട്ട കേന്ദ്രങ്ങളായിരുന്ന ഇവിടങ്ങളിലൂടെ കാസർകോട് ജില്ലയിലെ മഹാരഥന്മാരായ മഹാകവി പി.കുഞ്ഞിരാമൻ നായർ, എ.സി.കണ്ണൻ നായർ, രസിക ശിരോമണി കോമൻ നായർ, വിദ്വാൻ പി.കേളു നായർ, വിദ്വാൻ കെ.കെ.നായർ, സ്വാതന്ത്ര്യ സമര സേനാനി കെ.മാധവൻ എന്നിവരുടെ സ്മരണ നിലനിർത്തുന്ന തരത്തിൽ ചിത്രങ്ങളും ശിൽപങ്ങളും ഉദ്യാനങ്ങളുമടങ്ങിയ ഒരു ഇടനാഴി വികസിപ്പിച്ചാൽ അത് ജില്ലയുടെ സാംസ്‌കാരിക തനിമയ്ക്ക് മുതൽക്കൂട്ടാകുമെന്ന് സാംസ്‌കാരിക പ്രവർത്തകർ നിർദേശിച്ചു.
ശിൽപി കാനായി കുഞ്ഞിരാമനും ഈ പ്രദേശത്താണ് താമസിക്കുന്നത്. പരമ്പരാഗത തൊഴിലുകൾ ആയ കൈത്തറി, ലോഹ, ദാരു ശിൽപ നിർമാണം, തെയ്യം ചമയങ്ങളുടെ നിർമാണം, കളിമൺ ഉൽപന്നങ്ങളുടെ നിർമാണം എന്നിവയുടെ പരമ്പരാഗത കേന്ദ്രം കൂടിയാണ് ഈ പ്രദേശങ്ങൾ. പരമ്പരാഗത രീതിയിൽ എണ്ണയാട്ടുന്ന പ്രദേശം (കിഴക്കുംകര മുച്ചിലോട്ട്) കൂടിയായിരുന്നു ഇവിടെ. ഇതുവഴി കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്താനും കഴിയും.
പരമ്പരാഗത നിർമാണ രീതികൾ വിനോദ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനും ഇടനാഴി ഉപകരിക്കും.പദ്ധതി യഥാർഥ്യമാകാൻ 500 മീറ്റർ മാത്രമേ പുതിയതായ റോഡ് നിർമിക്കേണ്ടതുള്ളൂ. ബാക്കി ഭാഗങ്ങളിൽ ആവശ്യത്തിന് റോഡ് സൗകര്യമുണ്ട്. മഡിയൻ കൂലോം, അടോട്ട്, കൈത്തറി ഗ്രാമം, മഹാകവി പിയുടെ ഭവനം, വിദ്വാൻ പി.കേളുനായരുടെ സ്മാരകം, വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കിഴക്കുംകര എ.സി.കണ്ണൻ നായർ സ്മാരക ഗവ. യുപി സ്‌കൂൾ എന്നീ സ്ഥലങ്ങൾ കലക്ടർ സന്ദർശിച്ചു.
സ്വതന്ത്ര സമര-സാംസ്‌കാരിക ഇടനാഴി എന്ന ആശയം ജില്ലയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് വളരെയേറെ ഗുണപ്രദമാണെന്ന് കലക്ടർ പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുവാൻ സാധിക്കുന്ന വിധം പദ്ധതിയുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കലക്ടർ നിർദേശിച്ചത്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത്ത്കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, സാംസ്‌കാരിക പ്രവർത്തകൻ കെ.പ്രസേനൻ, ശ്യാംകുമാർ പുറവങ്കര, കമാൻഡർ പി.വി.ദാമോദരൻ, ബ്രിഗേഡിയർ ,കെ.എൻ.പ്രഭാകരൻനായർ, എം.കുഞ്ഞമ്പു പൊതുവാൾ തുടങ്ങിയവർ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു.