ദേശീയപാത നിർമാണം: പുഴയിൽ മണ്ണിട്ടതിനെത്തുടർന്ന് വാഴക്കൃഷി നശിച്ചു
Mail This Article
കാഞ്ഞങ്ങാട് ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പുഴയിൽ മണ്ണിട്ടതിനെ തുടർന്നു ഏക്കറുകളോളം വാഴക്കൃഷി നശിച്ചു. 300ൽ അധികം കർഷകരുടെ ഒന്നര ലക്ഷത്തിലധികം വാഴത്തൈകൾ നശിച്ചതായാണ് ഏകദേശ കണക്ക്. കൃഷിനാശമുണ്ടായ അരയി വെള്ളരിക്കണ്ടം, കോടാളി, വിരിപ്പുവയൽ, ചിറക്കാൽ, കാർത്തിക വയൽ തുടങ്ങി പനങ്കാവു വരെ നീളുന്ന പ്രദേശങ്ങൾ കലക്ടർ കെ.ഇമ്പശേഖർ സന്ദർശിച്ചു. സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസർ പി.രാഘവേന്ദ്രയ്ക്ക് നിർദേശം നൽകി.
5 ദിവസങ്ങൾക്ക് മുൻപാണ് ദേശീയപാത നിർമാണത്തിനായി നീലേശ്വരം പുഴയിൽ മണ്ണിട്ടത്. അതോടെ ജലമൊഴുക്ക് തടസ്സപ്പെട്ടു. പുഴയിൽ നീരൊഴുക്ക് കുറഞ്ഞ ദിവസങ്ങളായതിനാൽ അധികൃതരും വെള്ളം കയറാനുള്ള സാധ്യത പരിശോധിച്ചിരുന്നില്ല. പ്രതിഷേധത്തെ തുടർന്നു ഇന്നലെ പുഴയിലെ മണ്ണ് നീക്കി വെള്ളക്കെട്ടിന് പരിഹാരം കണ്ടു. എന്നാൽ, ഇന്നലെ രാത്രി വൈകിയും കൃഷിയിടത്തിൽ നിന്നു വെള്ളം ഇറങ്ങിയില്ല. നീലേശ്വരം പുഴയിൽ മണ്ണിട്ടതാണ് അരയി, കാർത്തിക പ്രദേശങ്ങളിലെ കൃഷിയിടത്തിലേക്ക് വെള്ളം കയറാൻ കാരണമായത്.
നശിച്ചത് രണ്ടുമാസം പ്രായമുള്ള വാഴത്തൈകൾ
രണ്ടുമാസം മുൻപ് നട്ട വാഴക്കന്നുകളാണ് ചീഞ്ഞു നശിച്ചത്. ദിവസങ്ങൾക്ക് മുൻപേ ചെറിയതോതിൽ വെള്ളം കയറി തുടങ്ങിയിരുന്നു. പിന്നീട് ഞായറാഴ്ച കർഷകർ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് കൃഷിയിടം വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടത്. കുഞ്ഞുവാഴകളെല്ലാം വെള്ളത്തിന് അടിയിലായിരുന്നു. വയലുകളിലും മറ്റുമായി 300ലധികം കർഷകർ വാഴ നട്ടിരുന്നു. ചില വാഴത്തോപ്പുകളിലേക്ക് നടന്നു പോകാൻ കഴിയാത്തവിധം വെള്ളം കയറിയിരുന്നു.
അരയിലെ അച്യുതൻ, ടി.രാജൻ, സി.കെ.നാരായണൻ, കുമാരന് കണ്ണങ്കൈ, കെ.കുമാരൻ, നാരായണൻ കൂലോത്ത്, മണിരാജ് കാർത്തിക, സി.കരുണാകരൻ, എം.പി.രതീഷ്, പി.പി.നാരായണി, സി.കുമാരൻ, സി.കുട്ട്യൻ, നാരായണൻ കുന്നുമ്മൽ, അമ്പാടി, രാമചന്ദ്രൻ കാർത്തിക, നാരായണൻ കാർത്തിക തുടങ്ങിയ ഒട്ടേറെ കർഷകരുടെ കൃഷിയിടങ്ങളാണ് വെള്ളത്തിലായത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു ഇ.ചന്ദ്രശേഖരൻ എംഎൽഎ, നഗരസഭാധ്യക്ഷ കെ.വി.സുജാത, കലക്ടർ കെ.ഇമ്പശേഖർ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
നഷ്ടപരിഹാരം ഉറപ്പാക്കണം
തൈയ്ക്ക് 120 രൂപ വരെ ചെലവാക്കിയാണ് കർഷകർ വാഴ നട്ടത്. അതിലേറെ ചെലവായവരും ഉണ്ട്. സമീപ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച നേന്ത്രവാഴത്തൈകളും നശിച്ച കൂട്ടത്തിലുണ്ട്. തോട്ടങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും തൈകളുടെ ആരോഗ്യത്തെ ഗുരുതരമായി സംഭവം ബാധിക്കും. 60 ശതമാനത്തിലേറെ തൈകളും ചീഞ്ഞു വീഴാനാണ് സാധ്യതയെന്ന് കർഷകർ പറയുന്നു. അവശേഷിക്കുന്നവയുടെ വളർച്ചയും മുരടിക്കും. വായ്പയെടുത്ത് കൃഷിയിറക്കിയവരുടെ തോട്ടമാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയത്. അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കാതെ പിടിച്ചുനിൽക്കാനാകില്ലെന്ന് കർഷകർ പറയുന്നു.