ADVERTISEMENT

ചെറുവത്തൂർ ∙ മഴ മാറിനിന്ന ആകാശത്തിന് കീഴെ അച്ചാംതുരുത്തിയുടെ വെയിൽച്ചിരി. ഉത്തര മലബാർ ജലോത്സവത്തിൽ 25 പേർ തുഴയുന്ന ചുരുളൻ വള്ളങ്ങളിൽ അഴീക്കോടൻ അച്ചാംതുരുത്തിക്ക് കിരീടം. പ്രഥമ  മഹാത്മാഗാന്ധി ട്രോഫിക്കായി 2016ൽ കാര്യങ്കോട് നടന്ന മത്സരത്തിനെ ഓർമിപ്പിക്കും വിധമായിരുന്നു പോരാട്ടം. വീറും വാശിയും ഇരുകരകളിലേക്കും, ഓളങ്ങളിൽ ഒഴുകിനടന്ന ജലയാനങ്ങളിലേക്കും നീണ്ട ആ മത്സരത്തിലും ജയം അഴീക്കോടൻ അച്ചാംതുരുത്തിക്കായിരുന്നു.

ഉത്തര മലബാർ ജലോത്സവത്തിൽ 25 പേർ തുഴയും വള്ളങ്ങളുടെ മത്സരത്തിൽ അഴീക്കോടൻ അച്ചാംതുരുത്തി ഒന്നാമതായി ഫിനിഷ് ചെയ്യുന്നു. ചിത്രം: അഭിജിത്ത് രവി / മനോരമ
ഉത്തര മലബാർ ജലോത്സവത്തിൽ 25 പേർ തുഴയും വള്ളങ്ങളുടെ മത്സരത്തിൽ അഴീക്കോടൻ അച്ചാംതുരുത്തി ഒന്നാമതായി ഫിനിഷ് ചെയ്യുന്നു. ചിത്രം: അഭിജിത്ത് രവി / മനോരമ

കഴിഞ്ഞ വർഷത്തെ ജലോത്സവത്തിൽ പാലിച്ചോൻ അച്ചാംതുത്തിയാണ് ജേതാക്കളായത്. തുടർച്ചയായ ജയങ്ങളുടെ ആനന്ദത്തിമിർപ്പിലാണ് അച്ചാംതുരുത്തിയെന്ന കൊച്ചുഗ്രാമവും. മത്സരത്തിൽ എകെജി പൊടോതുരുത്തി രണ്ടും, വയൽക്കര വെങ്ങാട്ട് മൂന്നും സ്ഥാനങ്ങൾ നേടി. ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപ കാഷ് പ്രൈസും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 40,000രൂപ, 10,000രൂപ കാഷ് പ്രൈസും സ്ഥിരം ട്രോഫിയുമാണ് സമ്മാനം. 15 ആൾ തുഴയും പുരുഷൻമാരുട‍െ മത്സരത്തിൽ എകെജി പൊടോതുരുത്തിക്കാണ് ഒന്നാം സ്ഥാനം.

കൃഷ്ണപിള്ള കാവുംഞ്ചിറ രണ്ടും, എകെജി മയിച്ച മൂന്നും സ്ഥാനം നേടി. യഥാക്രമം 30,000രൂപ, 20,000രൂപ,10.000രൂപ കാഷ് പ്രൈസും സ്ഥിരം ട്രോഫിയും വിജയികൾക്ക് ലഭിക്കും.വനിതകളുടെ 15ആൾ തുഴയും മത്സരത്തിൽ വയൽക്കര വെങ്ങാട്ട് ആണ് ഒന്നാം സ്ഥാനക്കാർ. രണ്ടും മൂന്നും സ്ഥാനങ്ങൾ ക‍ൃഷ്ണപ്പിള്ള കാവുഞ്ചിറക്കാണ്. യഥാക്രമം 30,000രൂപ, 20,000രൂപ, 10,000രൂപ കാഷ് പ്രൈസും സ്ഥിരം ട്രോഫിയുമാണ് സമ്മാനം. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും 10,000രൂപ സമാശ്വാസ സമ്മാനമായി നൽകും.

ഉത്തര മലബാർ ജലോത്സവം കാണാനായി തേജസ്വിനിപ്പുഴയോരത്ത് എത്തിയവർ. ചിത്രം: മനോരമ
ഉത്തര മലബാർ ജലോത്സവം കാണാനായി തേജസ്വിനിപ്പുഴയോരത്ത് എത്തിയവർ. ചിത്രം: മനോരമ

എം.രാജഗോപാലൻ എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്തു. അടുത്ത വർഷം ഉത്തര മലബാർ ജലോത്സവം ചാംപ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്താൻ നിവേദനം വഴി മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും  മറുപടി പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്നും എംഎൽഎ പറഞ്ഞു. ഡിടിപിസി സെക്രട്ടറി ശ്യാം കൃഷ്ണൻ പ്രസംഗിച്ചു. നവംബർ ഒന്നിന് നടക്കേണ്ടിയിരുന്ന ജലോത്സവം വെടിക്കെട്ട് അപകടത്തെ തുടർന്ന് 17ലേക്ക് മാറ്റുകയായിരുന്നു. 

എന്നാൽ മത്സരത്തിന്റെ ഫ്ലാഗ്ഓഫ് സ്പീക്കർ എ.എൻ.ഷംസീർ നിർവഹിച്ചതിന് പിന്നാലെ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടായതോടെ മത്സരം ഇന്നലെ രാവിലെ നടത്തുകയായിരുന്നു. അവധിദിനമായ ഞായറാഴ്ച മത്സരം കാണാനെത്തി മടങ്ങിയതിലേറെ കാണികൾ ഇന്നലെ ഇരുകരകളിലുമായി എത്തിയിരുന്നു. തങ്ങളുടെ കരകൾക്കും ക്ലബ്ബുകൾക്കുമായി കയ്യടിച്ചും ആർപ്പുവിളിച്ചും കുട്ടികളടക്കം സജീവമായി. ഹൗസ് ബോട്ടുകളും വിദേശികളടക്കമുള്ള വിനോദസഞ്ചാരികളും രാവിലെ തന്നെ മത്സരം കാണാനായി പുഴയിലെത്തിയിരുന്നു.

ഉത്തര മലബാർ ജലോത്സവത്തിൽ 15 പേർ തുഴയും മത്സരത്തിൽ (വനിത) വയൽക്കര വെങ്ങാട്ട്‌ ഒന്നാമതായി ഫിനിഷ്‌ ചെയ്യുന്നു. 
ചിത്രം: മനോരമ
ഉത്തര മലബാർ ജലോത്സവത്തിൽ 15 പേർ തുഴയും മത്സരത്തിൽ (വനിത) വയൽക്കര വെങ്ങാട്ട്‌ ഒന്നാമതായി ഫിനിഷ്‌ ചെയ്യുന്നു. ചിത്രം: മനോരമ

പ്രതിസന്ധികൾ കടന്ന് അഴീക്കോടന്റെ വിജയക്കുതിപ്പ് 
ചെറുവത്തൂർ ∙വാടകയ്ക്കെടുത്ത വള്ളത്തിലാണ് അഴീക്കോടൻ അച്ചാംതുരുത്തി പ്രഥമ ഉത്തര മലബാർ ജലോത്സവത്തിൽ കിരീടം ചൂടിയത്. കണ്ണൂർ ജില്ലയിലെ മംഗലശ്ശേരിയിൽ നിന്നെത്തിച്ച ആ ചുരുളൻ വള്ളത്തിൽ കരുത്തരായ യുവാക്കൾ അണിനിരന്നതോടെ കിരീടം നേടിയെടുത്തെങ്കിലും പ്രധാന പ്രവർത്തനം കലാ– സാംസ്കാരിക മേഖലയിലായതിനാൽ ഏറെ ചെലവുള്ള വള്ളംകളി മത്സരത്തിന് ക്ലബ്ബിന് പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.സ്വന്തം നാട്ടിൽ നടക്കുന്ന ഉത്തര മലബാർ ജലോത്സവത്തിൽ വിജയം ഉറപ്പിക്കണം എന്ന വാശിയാലാണ് 18 ലക്ഷത്തോളം രൂപ ചെലവിട്ട് പുതിയ ചുരുളൻ വള്ളം പണിത് മത്സരത്തിന് ഇറങ്ങിയത്.

ആലപ്പുഴയിലെ വിജയൻ ആചാരിയും ക്ലബ് അംഗവും തുഴച്ചിൽക്കാരനുമായ ടി.പി.വിചിത്രനും ചേർന്നാണ് 2 മാസം കൊണ്ട് വള്ളം പണിതത്. പിന്നീട് ഇങ്ങോട്ട് രണ്ട് മാസക്കാലമായി 50 ഓളം തുഴച്ചിൽകാർ രാവിലെയും വൈകിട്ടും വിദഗ്ധരായ തുഴച്ചിൽ പരിശീലകരുടെ നേതൃത്വത്തിൽ തീവ്രമായ പരിശീലനമായിരുന്നു. ഇതിനായി ഏകദേശം 2.5ലക്ഷം രൂപ ചെലവായി. നീലേശ്വരം വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് കേരളപ്പിറവി ദിനത്തിൽ നടത്താനിരുന്ന ഉത്തര മലബാർ ജലോത്സവം മാറ്റിവച്ചതും ചെലവ് വർധിക്കാൻ ഇടയായി. അച്ചാംതുരുത്തി ഗ്രാമത്തിൽ ഇന്നലെ നാട്ടുകാർ ആഹ്ലാദ പ്രകടനം നടത്തി. 

utharamalabar-boat-race5

ഷിബിൻ രാജിന്റെ കണ്ണീരോർമയിൽ തുഴയെറിഞ്ഞ് കൃഷ്ണപ്പിള്ള കാവുഞ്ചിറ
ചെറുവത്തൂർ ∙ നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ മരിച്ച ഓർക്കുളത്തെ ഷിബിൻ രാജിന്റെ വേദനിക്കുന്ന ഓർമകളുമായി ജലോത്സവത്തിൽ മത്സരിച്ച കൃഷ്ണപ്പിള്ള കാവുഞ്ചിറയ്ക്ക് 15ആൾ തുഴയും പുരുഷൻമാരുടെ മത്സരത്തിൽ രണ്ടും, വനിതകളുടെ മത്സരത്തിൽ രണ്ടും, മൂന്നും സ്ഥാനം ലഭിച്ചു. കഴിഞ്ഞ വർഷം അച്ചാംതുരുത്തിയിൽ തന്നെ നടന്ന ജലോത്സവത്തിൽ കൃഷ്ണപ്പിള്ള ടീമിനു വേണ്ടി 25ആൾ തുഴയും മത്സരത്തിൽ ഷിബിൻ രാജ് തുഴയെറിഞ്ഞിരുന്നു. ഈ പ്രാവശ്യം കേരളപ്പിറവി ദിനത്തിൽ നടത്താനിരുന്ന ജലോത്സവത്തിൽ കൃഷ്ണപ്പിള്ളയ്ക്ക് വേണ്ടി മത്സരത്തിനിറങ്ങാൻ ചെന്നൈയിലെ ജോലി സ്ഥലത്ത് നിന്ന് ഷിബിൻ രാജ് എത്തിയിരുന്നു. 

എന്നാൽ നീലേശ്വരം അഞ്ഞുറ്റമ്പലം വീർകാവിലെ ഉത്സവത്തിന് സുഹൃത്തിനോടൊപ്പം പോയ ഷിബിൻ രാജിന് അവിടെ നടന്ന വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. നല്ല തുഴച്ചിലുകാരന് വേണ്ടുന്ന എല്ലാവിധ ഗുണങ്ങളും ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരനാണ് ഷിബിൻ രാജെന്ന് കൃഷ്ണപ്പിള്ള ടീമിനു വേണ്ടി അമരത്ത് ഇരുന്ന് തുഴയുന്ന സി.എ.അമ്പാടി പറഞ്ഞു. 18വയസിൽ തന്നെ വള്ളംകളി മത്സരത്തിൽ തുഴച്ചിലുകാരനായി എത്തിയ ഷിബിൻ ടീമിന് തീരാ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Achamthuruthi team from Azhikode emerged victorious at the thrilling North Malabar Boat Race held in Cheruvathur. The team, rowing a borrowed "Churulan" boat, overcame financial challenges to claim victory. The race also served as a tribute to Shibin Raj, a young rower who tragically passed away in the Nileshwaram fireworks accident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com