മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ കൗമാരക്കാരൻ വരുത്തിവച്ചത് 1,20,000 രൂപയുടെ പിഴ; നാടകീയ ക്ലൈമാക്സ്!
Mail This Article
കാഞ്ഞങ്ങാട് ∙ 15 വർഷമായി പൂട്ടിയിട്ട തറവാട്ടുവീട്ടിലെ ഷെഡിൽ സൂക്ഷിച്ച ബൈക്ക് നിയമലംഘനം നടത്തുന്നതായി മോട്ടർ വാഹന വകുപ്പിൽനിന്ന് നിരന്തരം നോട്ടിസ് ലഭിച്ചപ്പോഴാണ് ബൈക്ക് മോഷണംപോയ വിവരം വീട്ടുകാരും അറിയുന്നത്. നോട്ടിസുകളിലെ സൂചന പിൻതുടർന്ന് മോഷ്ടാവിനെ കണ്ടെത്തിയെങ്കിലും കൗമാരക്കാരന്റെ വീട്ടിലെ ദയനീയാവസ്ഥ കണ്ട് കേസിൽനിന്ന് ഒഴിവാക്കി. 1,20,000 രൂപയിലധികംവരുന്ന പിഴത്തുകയ്ക്ക് അദാലത്തിലോ മറ്റോ ഇളവുകിട്ടുമോ എന്നു നോക്കാനുള്ള തീരുമാനത്തിലാണ് വീട്ടുകാർ. പഴയങ്ങാടി മാട്ടൂൽ സ്വദേശി സഖറിയയ്ക്കാണ് വെള്ളിക്കോത്ത് സ്വദേശി മുട്ടൻ പണികൊടുത്തത്. മൂന്നുമാസം മുൻപാണ് സഖറിയയ്ക്ക് നോട്ടിസുകൾ വന്നുതുടങ്ങിയത്. പൊലീസിനെ അറിയിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല.
ബൈക്ക് ഓടുന്നത് ചിത്താരി– മഡിയൻ പ്രദേശത്താണെന്ന് നോട്ടിസുകളിൽനിന്ന് മനസ്സിലാക്കിയ സഖറിയ, മകൻ ഈസ, സുഹൃത്തുക്കളായ ഫൈസൽ സുലൈമാൻ, സുഹൈൽ എന്നിവർ കഴിഞ്ഞ ദിവസം കാസർകോട്ടേക്കു തിരിച്ചു.കാഞ്ഞങ്ങാടിനു സമീപം മഡിയനിലെ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളാണ് കൂടുതലും നോട്ടിസുകളിലുള്ളത്. ഹെൽമറ്റില്ലാതെയും നാലുപേരെ കയറ്റിയും ക്യാമറയിലേക്ക് അശ്ലീല ആംഗ്യങ്ങൾ കാണിച്ചുമാണ് യാത്രകൾ. വർക്‌ഷോപ്പുകളും പെട്രോൾ പമ്പും കേന്ദ്രീകരിച്ച് തിരച്ചിൽ തുടങ്ങി. പലരും ബൈക്ക് കണ്ടിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിഞ്ഞില്ല. ചിത്താരിയിലെ പെട്രോൾ പമ്പ് ജീവനക്കാരും മാനേജരുമാണ് ബൈക്ക് ഓടിക്കുന്ന കൗമാരക്കാരനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞദിവസം ഗൂഗിൾ പേ ചെയ്തതിൽ നിന്ന് ഫോൺ നമ്പറും കണ്ടെത്തി. അതിൽ വിളിച്ചെങ്കിലും പ്രവർത്തന രഹിതമായിരുന്നു.
നോട്ടിസുകളിൽ പതിഞ്ഞ ചിത്രത്തിൽ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അവളുടെ യൂണിഫോം പിന്തുടർന്ന് നഗരത്തിലെ സ്കൂളിലെത്തിയ സംഘം കുട്ടിയെ തിരിച്ചറിഞ്ഞ് വിവരങ്ങൾ ആരാഞ്ഞെങ്കിലും പേടിച്ചുപോയ കുട്ടി ഒന്നും പറഞ്ഞില്ല. എന്നാൽ, സ്കൂളിന് പുറത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ ബൈക്ക് ഓടിക്കുന്നയാളെ തിരിച്ചറിഞ്ഞു. ഹൊസ്ദുർഗ് സ്റ്റേഷനിലെ സി.ഐ പി.അജിത്കുമാർ, എസ്ഐ അൻസാർ എന്നിവർ സഹായിക്കാനെത്തി. വൈകിട്ട് 6 മുതൽ രാത്രി 11 വരെ വെള്ളിക്കോത്തെ ക്വർട്ടേഴ്സിനരുകിൽ കാത്തിരുന്ന സംഘം ബൈക്കിൽ വന്ന യുവാവിനെ പിടികൂടി. യുവാവിന് പ്രായപൂർത്തി ആയിട്ടില്ലെന്നും ഇത്രയും വലിയ തുക അടയ്ക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നും മനസ്സിലായതോടെ പരാതി നൽകാതെ ബൈക്കുമായി മടങ്ങുകയായിരുന്നു.