ജനങ്ങളുടെ പ്രിയപ്പെട്ട പി. കുഞ്ഞിക്കണ്ണൻ ഇനി ഓർമ
Mail This Article
നീലേശ്വരം ∙കോൺഗ്രസിന്റെ ബലമായിരുന്ന പി. കുഞ്ഞിക്കണ്ണൻ ഇനി ഓർമ. കോൺഗ്രസിനെ ഹൃദയത്തിൽ കൊണ്ട് നടന്ന ഈ നേതാവിനെ ജനങ്ങൾക്ക് ഏറെ ഇഷ്ടമായിരുന്നു. എഐസിസിയിലേക്ക് മത്സരിച്ചു വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും കുഞ്ഞിക്കണ്ണൻ അറിയപ്പെട്ടത് എഐസിസി കുഞ്ഞിക്കണ്ണൻ എന്ന പേരിലായിരുന്നു. കരുവാച്ചേരിയിലെ കോൺഗ്രസ് നേതാവ് പി. കുഞ്ഞിക്കണ്ണന്റെ വേർപാട് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണ്. ആദർശ രാഷ്ട്രീയത്തിൽ കെഎസ്‌യുവിലൂടെയും പിന്നീട് യൂത്ത് കോൺഗ്രസിലൂടെയും തിളങ്ങി നിന്ന അദ്ദേഹം എ.കെ.ആന്റണി, ഉമ്മൻചാണ്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, പി.രാമകൃഷ്ണൻ എന്നിങ്ങനെയുള്ള നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചിരുന്നു.
വർഷങ്ങൾക്ക് മുൻപ് വടക്കൻ കേരളത്തിൽ കോൺഗ്രസിന്റെ തലമുതിർന്ന നേതാവായിരുന്ന പരേതനായ കെ.വി കുഞ്ഞമ്പുവിനെതിരെയാണ് എഐസിസിയിലേക്ക് കുഞ്ഞിക്കണ്ണൻ മത്സരിച്ചത്. 1977 കാലങ്ങളിലായിരുന്നു കുഞ്ഞിക്കണ്ണന്റെ രാഷ്ട്രീയ ജീവിതം തിളങ്ങി നിന്നത്. പിന്നീട് കോൺഗ്രസിലെ പഴയ കാല നേതൃനിരകളൊക്കെ നിലപാടിന്റെ വഴികളിലേക്ക് വഴി മാറിപോയപ്പോൾ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് ഇദ്ദേഹവും വഴിമാറി. വിശ്രമ ജീവിതം നയിക്കുമ്പോഴും പഴയ കാല നേതാക്കളുമായി നല്ല ബന്ധം പുലർത്താൻ കുഞ്ഞിക്കണ്ണന് കഴിഞ്ഞു. നീലേശ്വരം സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, കോൺഗ്രസ് നേതാക്കളായ വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ അനുശോചിച്ചു. രാഷ്ട്രീയത്തിൽ ആദർശത്തിന്റെ നിലപാടുകൾക്ക് ഏറെ പ്രാമുഖ്യം കാണിച്ച നേതാവായിരുന്നു കുഞ്ഞിക്കണ്ണനെന്ന് മന്ത്രി കടന്നപ്പള്ളി പറഞ്ഞു.