മധൂരിലെ വാർഡ് വിഭജനം രാഷ്ട്രീയ ഇടപെടലെന്ന് യുഡിഎഫ് ആരോപണം
Mail This Article
മധൂർ ∙പഞ്ചായത്തിലെ വാർഡ് പുനർവിഭജനത്തിൽ പുതുതായി 4 വാർഡുകൾ കൂട്ടാനുള്ള കരട് നിർദേശത്തിൽ മാനദണ്ഡങ്ങൾ പരക്കെ ലംഘിച്ചതായി യുഡിഎഫ് ആരോപണം. മധൂർ പഞ്ചായത്ത് ബിജെപിയുടെ കോട്ടയായി നിലനിർത്താനുള്ള ശ്രമമാണിതെന്നാണ് ആരോപണം. ബിജെപി വാർഡുകൾ ജനറൽ ആയും യുഡിഎഫ് സ്വാധീന വാർഡുകൾ ഏറെയും വനിത സംവരണം ആകുന്ന നിലയിലാണ് കരടു പട്ടിക ഇറങ്ങിയതെന്നും ജനസംഖ്യ, വീട് അനുപാതം ശരിയായ രീതിയിലല്ല നിർണയിച്ചതെന്നുമാണ് യുഡിഎഫ് പരാതി. എണ്ണത്തിൽ 10 ശതമാനം കുറവോ കൂടുതലോ ആകാം. എന്നാൽ 4 ാം വാർഡ് കൊല്യയിൽ 11.23 % കുറവും 6ാം വാർഡ് ഉളിയയിൽ 14.12 ശതമാനം, 7ാം വാർഡ് മധൂരിൽ 13. 31 ശതമാനം, 9ാം വാർഡ് ഹിദായത്ത് നഗറിൽ 16.96 ശതമാനം, 11 ാം വാർഡ് ഉദയഗിരിയിൽ 23.38 ശതമാനവും കൂടുതൽ ചേർത്താണ് കരട് പട്ടിക നിർദേശം ഇറങ്ങിയതെന്നാണ് പരാതി. 20 വാർഡുകളുള്ള പഞ്ചായത്തിൽ 4 വാർഡ് ആണ് കൂടുന്നത്. വാർഡ് 3 ഏരിക്കള, വാർഡ് 9 ഹിദായത്ത്നഗർ സൗത്ത്, വാർഡ് 14 ചൂരി, വാർഡ് 22 നാഷനൽ നഗർ എന്നിങ്ങനെയാണ് പുതിയ വാർഡുകൾ അനുവദിക്കുന്നതിനുള്ള കരടു നിർദേശം.
ജനസംഖ്യ 1557 തിട്ടപ്പെടുത്തിയാണ് ഏരിക്കള വാർഡ് വരാനുള്ള നിർദേശം. വടക്ക് ബദിയടുക്ക പഞ്ചായത്ത്, കിഴക്ക് ബേള വില്ലേജ് അതിർത്തി, തെക്ക് പട്‍ല– കൊല്യ റോഡ്, കൊല്യ കോട്ടക്കണി– കൊല്ലംങ്കാന റോഡ്, പടിഞ്ഞാറ് കോയിപ്പാടി നടുപ്പള്ള റോഡ് എന്നിങ്ങനെയാണ് അതിർത്തി തിരിച്ചിട്ടുള്ളത്. ഹിദായത്ത് നഗർ സൗത്ത് ജനസംഖ്യ 2021, അതിർത്തി വടക്ക് എസ്പി നഗർ – ഹിദായത്ത് നഗർ റോഡ്, ചെട്ടുംകുഴി റോഡ്, കിഴക്ക് മധുവാഹിനി പുഴ, തെക്ക് പന്നിപ്പാറ റോഡ് ചെങ്കള പഞ്ചായത്ത്, പടിഞ്ഞാറ് ഹിദായത്ത്നഗർ ചെട്ടുംകുഴി റോഡ്. ചൂരി ജനസംഖ്യ 1560, വടക്ക് മീപ്പുഗുരി കാള്യങ്ങാട് തോട്, കിഴക്ക് കാസർകോട് നഗരസഭ, തെക്ക് ചൂരിതോട്, ചൂരി മെട്രോ റോഡ്, പടിഞ്ഞാറ് ചൂരി കാള്യങ്കാട് റോഡ്, ചൂരി തോട് എന്നിങ്ങനെയാണ് അതിർത്തി. നാഷനൽ നഗർ ജനസംഖ്യ 1975, വടക്ക് ഷിറിബാഗിലു മഞ്ചത്തടുക്ക റോഡ്, കിഴക്ക് മധൂർ റോഡ്, റഹ്മത്ത് നഗർ റോഡ്, തെക്ക് കാന്തിക്കര ഉളിയത്തടുക്ക റോഡ്, പടിഞ്ഞാറ് ജികെ നഗർ ചാതടുക്ക– പുളിക്കൂർ തോട് എന്നിങ്ങനെയാണ് അതിർത്തി തിരിച്ചിട്ടുള്ളത്.
ഉളിയത്തടുക്ക വാർഡിലെ നൂറോളം വീടുകൾ ഹിദായത്ത് നഗർ നോർത്ത് വാർഡും കടന്നു ഹിദായത്ത് സൗത്ത് വാർഡിൽ ആണ് ചേർത്തിട്ടുള്ളത്. കൊല്യ വാർഡിന്റെ അതിർത്തി നിർണയത്തിലും പാകപ്പിഴ ആരോപിക്കുന്നുണ്ട്. ബദിയടുക്ക പഞ്ചായത്ത് അതിർത്തി മറച്ചുവച്ചു എന്നാണ് പരാതി. കാസർകോട് നഗരസഭ, ബദിയടുക്ക, ചെങ്കള, മൊഗ്രാൽപുത്തൂർ, കുമ്പള പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്ത് ആണ് മധൂർ.
പുനർവിഭജനത്തിൽ പുതിയ വാർഡുകൾ വരുന്നത് കൂടാതെ പുതിയ പേരിൽ ചില വാർഡുകൾ കൂടി വരാൻ നിർദേശത്തിലുണ്ട്. പേരുകളിൽ അറന്തോട് വാർഡ് കൊല്ലങ്കാനയും കുഡ്‌ലു വാർഡ് മന്നിപ്പാടി വാർഡായും മന്നിപ്പാടി വാർഡ് പഞ്ചായത്ത് ഓഫിസ് വാർഡ് എന്ന പേരിലുമായി മാറ്റി. നിലവിലുള്ള 18 ാം വാർഡ് ഉളിയ 6 ാം വാർഡായി. 2011 ലെ കണക്കെടുപ്പ് പ്രകാരം മധൂർ പഞ്ചായത്തിൽ ജനസംഖ്യ 41472. പഞ്ചായത്തിൽ 14463 വീടുകളുണ്ട്. അതനുസരിച്ച് ഒരു വാർഡിൽ മിനിമം വീട് 540, കൂടിയത് 660 വരെ ആകാം. ജനസംഖ്യ മിനിമം 1728 ആണ്.
കുമ്പളയിൽ ഒരു വാർഡ് അധികം വരും
കുമ്പള ∙ വാർഡ് പുനർ വിഭജനത്തിൽ കുമ്പള പഞ്ചായത്തിൽ മുളിയടുക്കത്ത് പുതിയ വാർഡിനു നിർദേശം. ഇതോടെ നിലവിലുള്ള വാർഡുകളുടെ എണ്ണം 23 ൽ നിന്നു 24 ആയി ഉയരും.ജനസംഖ്യ 1898 ആയി തിട്ടപ്പെടുത്തി വടക്ക് ഇച്ചിലംപാടി വലിയതോട്, കിഴക്ക് ഐസി റോഡ്, പുത്തിഗെ പഞ്ചായത്ത് അതിർത്തി, തെക്ക് ഇച്ചിലംപാടി തോട്, കോട്ടക്കാർ റോഡ്, മുജംഗാവ് ക്ഷേത്രം റോഡ്, പടിഞ്ഞാർ കോട്ടക്കാർ റോഡ് എന്നിങ്ങനെ അതിർത്തി തിരിച്ചാണ് പുതിയ വാർഡ് കരട് നിർദേശം ഇറങ്ങിയത്.
10 ാം വാർഡ് ആയിട്ടാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്.വാർഡ് തല ജനസംഖ്യയിൽ ഏറ്റവും കൂടുതൽ 7 ാം വാർഡ് കളത്ത ആണ്. 2139 പേരുണ്ട് ഇവിടെ. വാർഡ് 2 ആരിക്കാടിയിലാണ് ഏറ്റവും കുറവ്. ജനസംഖ്യ 1784. പുഴ, റെയിൽപാളം, റോഡ്, നടപ്പാത തുടങ്ങിയവ അടിസ്ഥാനത്തിൽ ആയിരുന്നു വിഭജന നിർദേശം. നിലവിലുള്ള 8 ാം വാർഡ് മദ്യ ഒഴിവായി ഇച്ചിലംപാടി വാർഡ് ആയി മാറ്റാനാണ് കരട് പട്ടിക ഇറങ്ങിയത്. നിലവിലുള്ള വാർഡ് 15 ബദരിയ നഗർ വാർഡ് സിഎച്ച്സി ആയി. ബദരിയ നഗർ വാർഡ് 17 ആയി മാറ്റാനാണ് നിർദേശം. പല വാർഡുകളിലെയും വീടുകൾ കൂട്ടിച്ചേർക്കൽ, മറ്റു വാർഡുകളിലേക്ക് മാറ്റൽ വഴി പേരും വാർഡ് നമ്പരും മാറ്റത്തോടെയാണ് കരട് നിർദേശം. ബിജെപി ഭരിക്കുന്ന പഞ്ചായത്തിൽ ഇതു സംബന്ധിച്ച് എതിർ രാഷ്ട്രീയ കക്ഷി നേതാക്കൾ പരിശോധിച്ചു വരുന്നതേയുള്ളൂ. ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ ഡിസംബർ 3 വരെ സമയമുണ്ട്.