മഹാശിലാ കാലഘട്ടത്തിലെ ചവിട്ട് അടയാളങ്ങൾ കണ്ടെത്തി
Mail This Article
നീലേശ്വരം ∙ കാഞ്ഞിരപ്പൊയിലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മഹാ ശില കാലഘട്ടത്തിൽ നിർമിച്ചതെന്ന് കരുതുന്ന പാറയിൽ കൊത്തിയെടുത്ത ചവിട്ട് അടയാളങ്ങൾ കണ്ടെത്തി. പ്രാദേശിക പുരാവസ്തു നിരീക്ഷകനായ സതീശൻ കാളിയാനം വ്യക്തമല്ലാത്ത ശില ചിത്രങ്ങൾ കാണപ്പെടുന്ന വിവരം അറിയച്ചതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച പുരാവസ്തു ഗവേഷകനായ പ്രൊഫ. അജിത്ത് കുമാർ, ചരിത്ര ഗവേഷകനായ ഡോ. നന്ദകുമാർ കോറോത്ത് എന്നിവരാണ് പാറപ്പുറത്ത് വളർന്നു നിൽക്കുന്ന പുല്ലുകൾക്ക് ഇടയിൽ പുരാതന സംസ്കാരത്തിന്റെ വിസ്മയകരമായ തെളിവുകൾ തിരിച്ചറിഞ്ഞത്.
ഇരുപത്തിനാല് ജോഡി കാൽ പാദങ്ങളും മനുഷ്യ രൂപവുമാണ് പാറയിൽ ഇരുമ്പ് ആയുധങ്ങൾ കൊണ്ട് കൊറിയിട്ട നിലയിലുള്ളത്. ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത് ഇഞ്ച് നീളത്തിലുള്ളതാണ് കാൽ പാദങ്ങൾ എന്നത് കുട്ടികളുടേയും പ്രായമായവരുടേയും കാൽ പാദങ്ങളാണ് ചിത്രീകരിച്ചത് എന്നതിന് തെളിവാണ്. കാൽ പാദങ്ങൾ അവസാനിക്കുന്നിടത്ത് ഒരു മനുഷ്യ രൂപവും കൊത്തി വച്ചിട്ടുണ്ട്. മനുഷ്യ രൂപത്തിന്റെ ചുറ്റിലുമായി വൃത്താകൃതിയിലുള്ള നാല് കുഴികളും കാണാം. സമാനമായ ശില ചിത്രങ്ങൾ ഉഡുപ്പി ജില്ലയിലെ അവലക്കി പാറയിൽ വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയിട്ടുണ്ട്.