കാഞ്ഞങ്ങാട് സൗത്ത് റെയിൽവേ മേൽപാലത്തിന് പച്ചക്കൊടി
Mail This Article
കാഞ്ഞങ്ങാട് ∙ റെയിൽവേ മേൽനടപാലമെന്ന കാഞ്ഞങ്ങാട് സൗത്തിന്റെ സ്വപ്നത്തിന് റെയിൽവേയുടെ പച്ചക്കൊടി. പ്രതിദിനം നൂറിലേറെ വിദ്യാർഥികൾ പാളം മുറിച്ചു കടക്കുന്ന കാഞ്ഞങ്ങാട് സൗത്ത് ഗവ.ഹയർസെക്കൻഡറി സ്കൂളിന് മുൻപിൽ മേൽനടപ്പാലം വേണമെന്ന നാട്ടുകാരുടെയും നഗരസഭയുടെയും ആവശ്യത്തിനാണ് റെയിൽവേ പച്ചക്കൊടി കാട്ടിയത്. നേരത്തെ, നഗരസഭ 4 കോടി കെട്ടി വച്ചാൽ മേൽനടപ്പാലം അനുവദിക്കാം എന്നായിരുന്ന റെയിൽവേയുടെ നിലപാട്. ഷെർണൂർ-മംഗളൂരു പാതയിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനുള്ള തയാറെടുപ്പിലാണ് റെയിൽവേ. ഇതിന്റെ ഭാഗമായാണ് 10 കിലോമീറ്ററിനുള്ളിൽ മേൽനടപ്പാലം, മേൽപാലം എന്നിവ ഇല്ലാത്ത സ്ഥലങ്ങളിൽ അവ അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചത്.
ഇതോടെയാണ് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന് മുൻപിലും നീലേശ്വരം മൂലപ്പള്ളി സ്കൂളിന് മുൻപിലും മേൽനടപ്പാലം അനുവദിക്കാമെന്ന് റെയിൽവേ നഗരസഭകളെ അറിയിച്ചത്. ഇരുഭാഗത്തും അനുബന്ധ റോഡുകൾ ഉള്ള സ്ഥലങ്ങൾക്കാണ് മുൻഗണന. സൗത്ത് സ്കൂളിന് സമീപം ഇരുഭാഗത്തും അനുബന്ധ റോഡ് ഉണ്ട്. നടപടികളുടെ ഭാഗമായി ഇന്നലെ റെയിൽവേ എൻജിനീയർ കെ.സന്ദീപ് സ്ഥലം സന്ദർശിച്ചു. നഗരസഭാധ്യക്ഷ കെ.വി.സുജാത, ഉപാധ്യക്ഷൻ ബി.അബ്ദുല്ല, സ്ഥിര സമിതി അധ്യക്ഷരായ കെ.ലത, കെ.പ്രഭാവതി, കെ.അനീശൻ, കൗൺസിലർ അബ്ദുൽ റഹ്മാൻ, സ്കൂൾ പ്രധാനാധ്യാപകൻ അബ്ദുൽ ബഷീർ പൊതുപ്രവർത്തകരായ എ.ശബരീശൻ, കെ.വി ദാമോദരൻ എന്നിവരും സ്ഥലത്തെത്തി.
നഗരസഭയുടെ ഭാഗത്തു നിന്നുള്ള നിരാക്ഷേപ പത്രം സ്ഥലത്ത് വച്ചു തന്നെ നഗരസഭാധ്യക്ഷ റെയിൽവേ ഉദ്യോഗസ്ഥന് കൈമാറി. റെയിൽവേ ഫണ്ടും ആവശ്യമെങ്കിൽ നഗരസഭ വികസന ഫണ്ടും ഉപയോഗിച്ച് മേൽനടപ്പാലം വേഗത്തിൽ യഥാർഥ്യമാക്കാൻ ശ്രമിക്കുമെന്നും കെ.വി.സുജാത പറഞ്ഞു. സൗത്ത് ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ 1300 കുട്ടികളാണ് പഠിക്കുന്നത്. ഇതിൽ 90 ശതമാനം കുട്ടികളും സ്കൂളിൽ എത്തുന്നത് റെയിൽവേ പാളം മുറിച്ച് കടന്നാണ്. ആയിരത്തിലധികം കുട്ടികളാണ് പല നേരങ്ങളിലായി സ്കൂളിലേക്ക് എത്തുന്നത്. കുട്ടികളെ റെയിൽപാളം മുറിച്ച് കടത്താൻ അധ്യാപകരും പൊലീസുമാണ് സഹായിക്കുന്നത്. ഓരോ ദിവസവും 4 അധ്യാപകർ വീതം മാറി മാറിയാണ് കുട്ടികളെ പാളം മുറിച്ചു കടത്താൻ സഹായിക്കുന്നത്. മേൽനടപ്പാലമെന്ന നാട്ടുകാരുടെ ആവശ്യം ചൂണ്ടിക്കാട്ടി നേരത്തെ മനോരമ ക്യാംപെയ്നും നടത്തിയിരുന്നു.