ADVERTISEMENT

കാസർകോട് ∙ ‌കേരള പ്ലാന്റേഷൻ കോർപറേഷന്റെ (പിസികെ) ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കുന്നത് സംബന്ധിച്ച പരിശോധനകൾക്കായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ജില്ലയിലെത്തി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ(എൻജിടി) നിർദേശപ്രകാരമാണ് സിപിസിബി ദക്ഷിണമേഖല റീജനൽ ഡയറക്ടർ ഡോ.ജെ.ചന്ദ്രബാബുവും സംഘവും എത്തിയത്. പെരിയ, ചീമേനി ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ ഇന്നലെ സംഘം പരിശോധിച്ചു. ഇവിടെ നിന്നു സാംപിളുകൾ ശേഖരിച്ചു. കലക്ടറേറ്റിൽ എൻഡോസൾഫാൻ സെൽ ഡപ്യൂട്ടി കലക്ടർ സുർജിത്തുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇവർ പരിശോധന തുടങ്ങിയത്.  എൻഡോസൾഫാൻ സൂക്ഷിച്ച ബാരലുകളുടെ സുരക്ഷിതത്വം ഉൾപ്പെടെയുള്ള കാര്യങ്ങളും ഇവർ പരിശോധിച്ചു. രാജപുരത്തെ ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ ഇന്നും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എസ്റ്റേറ്റിലേതു നാളെയും പരിശോധിക്കും.


പെരിയ പ്ലാന്റേഷൻ കോർപറേഷൻ ഗോഡൗണിൽ സൂക്ഷിച്ച എൻഡോസൾഫാൻ  കീടനാശിനി പരിശോധിച്ച ശേഷം പുറത്തിറങ്ങിയ വിദഗ്ധ സംഘം.  ചിത്രം: മനോരമ
പെരിയ പ്ലാന്റേഷൻ കോർപറേഷൻ ഗോഡൗണിൽ സൂക്ഷിച്ച എൻഡോസൾഫാൻ കീടനാശിനി പരിശോധിച്ച ശേഷം പുറത്തിറങ്ങിയ വിദഗ്ധ സംഘം. ചിത്രം: മനോരമ

എൻഡോസൾഫാൻ ഉൾപ്പെടെ അപകടകരമായ കീടനാശിനി മാലിന്യങ്ങൾ നിർവീര്യമാക്കുന്നതിൽ മികവ് തെളിയിച്ചിട്ടുള്ള രാജ്യത്തെ പ്രമുഖ ഏജൻസികളായ ബറൂച്ച് എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്(ബിഇഐഎൽ), റാംകി എൻവിറോ എൻജിനീർസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പ്രതിനിധികളും സംഘത്തിൽ ഉണ്ടായിരുന്നു. ഇവരാണ് സാംപിളുകൾ ശേഖരിച്ചത്. ഇവ ലാബുകളിൽ പരിശോധിച്ച് നിർവീര്യമാക്കാനുള്ള എസ്റ്റിമേറ്റ് കമ്പനികൾ സിപിസിബിക്കു സമർപ്പിക്കും. ഏറ്റവും കുറച്ചു തുക ക്വോട്ട് ചെയ്യുന്ന കമ്പനിയെ ഇതിനായി ചുമതലപ്പെടുത്താനാണ് തീരുമാനം. ഇക്കാര്യം അടുത്ത മാസം 2 നു നടക്കുന്ന സിറ്റിങിൽ സിപിസിബി ദേശീയ ഹരിത ട്രൈബ്യുണലിനെ അറിയിക്കും.  കാസർകോട് എസ്റ്റേറ്റിൽ 700 ലീറ്ററും രാജപുരം എസ്റ്റേറ്റിൽ 450 ലീറ്ററും മണ്ണാർക്കാട് എസ്റ്റേറ്റിൽ 304 ലീറ്ററും ചീമേനി എസ്റ്റേറ്റിൽ ഖന രൂപത്തിൽ 10 കിലോ എൻഡോസൾഫാനുമാണ് കെട്ടിക്കിടക്കുന്നത്.

1985 മുതൽ 2000 വരെ പ്ലാന്റേഷൻ കോർപറേഷൻ കശുമാവിൻ തോട്ടത്തിൽ തേയിലക്കൊതുകിന്റെ ആക്രമണം തടയാൻ എൻഡോസൾഫാൻ ഹെലികോപ്ടർ വഴി തളിച്ചിരുന്നു. ഇതു ദുരന്തത്തിനു കാരണമായതോടെ പ്രതിഷേധത്തെ തുടർന്നു 2000 ൽ നിർത്തുകയും നിരോധിക്കുകയും ചെയ്തു. ആ സമയത്തു ബാക്കിയായ എൻഡോസൾഫാനാണു ഇങ്ങനെ നിർവീര്യമാക്കാതെ കിടക്കുന്നത്. ഇവ നിർവീര്യമാക്കാൻ ഡിആർഡിഒയുടെയും കേരള കാർഷിക സർവകലാശാലയുടെയും സഹകരണത്തോടെ പിസികെ ശ്രമിച്ചെങ്കിലും ജനങ്ങളുടെ എതിർപ്പു കാരണം നടന്നില്ല.

പിസികെയുടെ മിഞ്ചിപദവിലെ കശുമാവിൻ തോട്ടത്തിൽ എൻഡോസൾഫാൻ അശാസ്ത്രീയമായി കുഴിച്ചു മൂടിയെന്ന കേസിൽ വാദം കേൾക്കവെയാണു പിസികെ ഗോഡൗണിലെ എൻഡോസൾഫാൻ നിർവീര്യമാക്കുന്നതിനുള്ള നടപടികൾക്കായി എൻജിടി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനെ ചുമതലപ്പെടുത്തിയത്. സിപിസിബി സയന്റിസ്റ്റ് ഡോ.വി.ദീപേഷ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫിസർ കെ.എസ്.ദിനേശ്, എഇ പി.വി.സിദ്ധാർഥ്, പിസികെ മാനേജർ യു.സജീവ്, പെരിയ വില്ലേജ് ഓഫിസർ അബ്ദുൽ മുത്തലീബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

English Summary:

A CPCB-led team inspected Endosulfan storage at Kerala Plantation Corporation warehouses in Kasaragod following NGT orders. The team collected samples and assessed safety measures. Companies specializing in hazardous waste disposal will provide estimates for the disposal process. The findings will be presented to the NGT.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com