ബാങ്ക് കവർച്ചാശ്രമം ‘ലൈവ് ’; സൈറൺ കേട്ടു കള്ളൻ കടന്നു
Mail This Article
ഓച്ചിറ∙ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓച്ചിറ ശാഖയിൽ കവർച്ചാശ്രമം. മോഷ്ടാവിന്റെ സിസി ടിവി ചിത്രവും മൊബൈൽ ഫോണും പൊലീസിനു ലഭിച്ചു. ഇന്നലെ പുലർച്ചെ 2.40നു ആയിരുന്നു സംഭവം. ജനൽ കമ്പി മുറിച്ചു അകത്ത് കടന്ന മോഷ്ടാവ് സ്ട്രോങ് റൂം തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ അപായ സൈറൺ മുഴങ്ങുകയും സമീപത്തെ വ്യാപാര സമുച്ചയത്തിലെ സുരക്ഷാ ജീവനക്കാരൻ ക്ലാപ്പന സ്വദേശി ഷാജി പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
മുഖംമൂടി ധരിച്ച മോഷ്ടാവ് ബാങ്കിനുള്ളിൽ കയറി മൊബൈൽ ഫോണിലെ ടോർച്ച് വെളിച്ചത്തിൽ സ്ട്രോങ് റൂം തുറക്കാൻ ശ്രമിക്കുന്നത് ബാങ്കിന്റെ കൊച്ചി യൂണിറ്റിലെ കേന്ദ്ര സിസിടിവി നിരീക്ഷകരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. അവിടെനിന്നുള്ള നിർദേശ പ്രകാരമാണ് ഓച്ചിറ ശാഖയിൽ അപായ സൈറൺ മുഴങ്ങിയതെന്നു പൊലീസ് പറഞ്ഞു. പൊലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും ജനൽ വിടവിലൂടെ മോഷ്ടാവ് കടന്നുകളഞ്ഞു.
പ്രതിയെക്കുറിച്ചു ലഭിച്ച സുചനകളുടെ അടിസ്ഥാനത്തിൽ ഓച്ചിറ സിഐ ആർ.പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഉൗർജിതമാക്കി. ജനലഴികൾ മുറിക്കാൻ ഉപയോഗിച്ച ഹാക്സോ ബ്ലേഡും ലഭിച്ചിട്ടുണ്ട്. 5 മാസം മുൻപ് ബാങ്കിന് എതിർ ദിശയിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ലാഭം സൂപ്പർ മാർക്കറ്റിലും സമാന രീതിയിൽ ജനൽ ഇളക്കി കവർച്ച നടത്തിയിരുന്നു.