ADVERTISEMENT

ഇരവിപുരം∙ ജോലിക്കു നിന്ന വീട്ടിൽ നിന്നും 40 പവനും മൊബൈൽ ഫോണും കവർന്ന യുവതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കൽ തെക്കുംഭാഗം ഗാർഫിൽ നഗർ ലെനിൻ വില്ലയിൽ നിഷാ ദാസൻ (33) ആണ് പിടിയിലായത്.  കാക്കത്തോപ്പ് കൊല്ലെന്റഴികത്ത് ജോർജ് ബർണയുടെ വീട്ടിൽ നിന്നാണ് നിഷ സ്വർണവും മൊബൈൽ ഫോണും കവർന്നത്. വീട്ടുടമയുടെ മൊബൈൽ ഫോൺ മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിഷാ ദാസ് സ്വർണം കവർന്നതായും തെളിഞ്ഞത്.  

പൊലീസ് പറഞ്ഞത് : വീട്ടിൽ ജോർജ് ബർണയും ഭാര്യയും മാത്രമാണ് താമസം. ഇവരുടെ മക്കൾ സിംഗപ്പൂരിലാണ്. 2017ൽ മക്കൾ നാട്ടിൽ വന്നു മടങ്ങി.  വീട്ടിലെ അലമാരയിൽ പ്രത്യേക അറയിലാണ് മക്കൾ സ്വർണം സൂക്ഷിച്ചിരുന്നത്. മാതാപിതാക്കൾക്ക് ഉപയോഗിക്കാനുള്ള സ്വർണം അലമാരയുടെ ആദ്യത്തെ അറയിലാണ് സൂക്ഷിച്ചത്. അലമാരയുടെ അകത്തെ അറയിൽ തുണിയിൽ കെട്ടി സൂക്ഷിച്ചിരുന്ന സ്വർണം  2 വർഷം മുൻപ് നിഷാ ദാസ് കവർന്നെങ്കിലും മോഷണ വിവരം പക്ഷേ വീട്ടുകാർ അറിഞ്ഞിരുന്നില്ല.

വീട്ടിലുണ്ടായിരുന്ന സിം ഇടാത്ത മൊബൈൽ ഫോൺ മോഷണം പോയെന്നു കാണിച്ച് 2 ദിവസം മുൻപാണ് ജോർജ് ബർണ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. മൊബൈൽ ഫോൺ പോയ വിവരം വീട്ടുകാർ അന്വേഷിച്ചതോടെ നിഷ പിന്നീടു ജോലിക്ക് എത്തിയില്ല. ഇതു കൂടി മനസ്സിലാക്കിയ പൊലീസ് നിഷാ ദാസനെ പിന്തുടർന്നു. 

ഫോണിന്റെ ഐഎംഐ നമ്പർ കണ്ടെത്തി സൈബർ സെല്ലിന്റ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് നിഷയെ പിടികൂടിയത്. മോഷണം പോയ സ്വർണം ഇവർ പണയം വച്ചതായി ചോദ്യം ചെയ്തപ്പോൾ‌ തെളിഞ്ഞിട്ടുണ്ട്.  പിടിയിലായ നിഷയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വർണം കണ്ടെടുക്കുന്നതിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. ഇരവിപുരം സിഐ വിനോദ് കുമാർ, എസ്ഐ ബിനോദ് കുമാർ, എഎസ്ഐമാരായ ദിനേശൻ, ഷിബു പീറ്റർ, വനിതാ സിപിഒ മഞ്ചുഷ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

വിരമിച്ച അധ്യാപക ദമ്പതികളുടെ  വീട്ടിൽ മോഷണം

കൊല്ലം ∙ വിരമിച്ച അധ്യാപക ദമ്പതികളുടെ വീട്ടിൽ ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായി. പേരൂർ കൊറ്റംങ്കര പുതുച്ചിറ വീട്ടിൽ റിബു സഖറിയ കോശിയുടെ വീട്ടിലാണു മോഷണം നടന്നത്. ഇന്നലെ രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണു മോഷണം വിവരം അറിഞ്ഞത്. ആയുധം ഉപയോഗിച്ചു വീടിന്റെ പിന്നിലെ കതക് തകർത്ത് ഉള്ളിൽ കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുകയായിരുന്നു. കിളികൊല്ലൂർ പൊലീസ് സ്ഥല പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com