ADVERTISEMENT

കൊട്ടാരക്കര ∙ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു തോട്ടണ്ടി  ഇറക്കുമതി ചെയ്തു നൽകാമെന്നു വിശ്വസിപ്പിച്ചു കശുവണ്ടി ഫാക്ടറി ഉടമകളിൽനിന്നു കോടികൾ തട്ടിയെടുത്ത യുവാവ് പിടിയിൽ.   വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമ  അനീഷ് ബാബു (29) അറസ്റ്റിലായത്. 50 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായാണു പൊലീസിനു ലഭിച്ച വിവരം. 

അഞ്ചൽ റോയൽ കാഷ്യൂ ഉടമ പി.ടി. കുഞ്ഞുമോന്റെ  14.37 കോടി രൂപയും ആദിച്ചനല്ലൂർ കൊക്കോ റിവ അഗ്രോ ഉടമ  ഫെർണാണ്ടസ് ജോണിന്റെ  4.48 കോടി രൂപയും ആഫ്രിക്കൻ സ്വദേശിയായ മൈക്കിളിൽനിന്ന്  76 ലക്ഷം രൂപയും തട്ടിയെടുത്തതായാണു  കൊട്ടാരക്കര പൊലീസ് റജിസ്റ്റർ ചെയ്ത കേസുകൾ. ഇടനിലക്കാരനായ പുത്തൂർ സ്വദേശിയും അനീഷ് ബാബുവിന്റെ അടുത്ത ബന്ധുക്കളും ജീവനക്കാരും കേസിൽ പ്രതികളാണെന്നു  പൊലീസ് അറിയിച്ചു. 

മറ്റൊരു ഫാക്ടറി ഉടമയിൽനിന്ന് 12 കോടി രൂപയും കാർ മറിച്ചു വിറ്റു തട്ടിപ്പു നടത്തിയെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ ജയലക്ഷ്മി കാഷ്യൂസ് ഉടമയിൽനിന്ന് 6 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കൊല്ലം ഈസ്റ്റ് പൊലീസ് അനീഷ്ബാബുവിനെ നേരത്തേ പിടികൂടിയിരുന്നു. 40 ദിവസത്തിനു ശേഷമാണു ജാമ്യം ലഭിച്ചത്. 

കൊല്ലം റൂറൽ എസ്പി ഹരിശങ്കർ രൂപീകരിച്ച പ്രത്യേക സംഘമാണു     ശാസ്തമംഗലത്തെ  ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞ രാത്രി അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര ഇൻസ്പെക്ടർ ടി.ബിനുകുമാർ, എസ്.ഐ.സാബുജി മാസ്, എ.സി.ഷാജഹാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബി.അജയകുമാർ, കെ.കെ. രാധാകൃഷ്ണപിള്ള,  സലിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com