ADVERTISEMENT

തെന്മല ∙ റോസ്മല കണ്ടു സുഹൃത്തിനൊപ്പം മടങ്ങുമ്പോൾ വന്യമൃഗത്തിന്റെ മുന്നിൽപെട്ട് ഭയന്നോടി വനത്തിൽ കുടുങ്ങിയ യുവാവിനെ 17 മണിക്കൂറിനു ശേഷം കണ്ടെത്തി. കോട്ടയം പുതുപ്പള്ളി കൊച്ചുപാറയിൽ കൊച്ചുമോന്റെ മകൻ സുമേഷാണ് (23) മണിക്കൂറുകളോളം വനത്തിൽ കുടുങ്ങിയത്.  ഞായർ വൈകിട്ട് 4 മുതൽ ആര്യങ്കാവ് – റോസ്മല പാതയിലെ വിളക്കുമരത്തിനു സമീപത്തു നിന്നായിരുന്നു സുമേഷിനെ കാണാതായത്. സുമേഷും സുഹൃത്ത് അജേഷും റോസ്മല കാണാൻ ഞായറാഴ്ച ബൈക്കിലാണ് എത്തിയത്. മടങ്ങും വഴി വിശ്രമിക്കാൻ വാഹനം നിർത്തി. വനത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ പിന്നീട് ഇവർ രണ്ടു ദിശയിലേക്കു മാറി.

തുടർന്നു നടന്നത് സുമേഷിന്റെ വാക്കുകളിൽ: 

ഫോട്ടോയെടുക്കാൻ‌ വനത്തിനുള്ളിലേക്കു കടന്നതോടെ എന്തോ അനക്കം. അത് അടുത്തേക്കു വരുന്നതായി തോന്നി. പിന്നെയൊന്നും ഓർക്കാതെ ഓടി. മൃഗം പിന്തുടരുന്നതായി തോന്നിയതു കൊണ്ടു മുന്നിൽക്കണ്ട പ്രതിസന്ധികളെല്ലാം ചാടിക്കടന്നു. തളർന്നപ്പോൾ ഓട്ടം നിർത്തി. അജേഷിനെ വിളിക്കാൻ ശ്രമിച്ചപ്പോഴാണ് ഫോണിനു റേഞ്ചില്ലെന്നു മനസ്സിലായത്. ദിക്കറിയാതെ മുന്നോട്ടു നടന്നു. മരത്തിന്റെ മുകളിൽ റേ‍ഞ്ച് കിട്ടുമെന്ന പ്രതീക്ഷയിൽ പകുതിയോളം കയറി. ഇതിനിടയിൽ കഴുത്തിനു പരുക്കേറ്റു. 

ശിഖരത്തിൽ ഇരുന്ന ശേഷം അജേഷിനെ വിളിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് ഏറെനേരം പരിശ്രമിച്ചശേഷം പൊലീസിന്റെ എമർജൻസി നമ്പരിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഉടൻ തന്നെ തെന്മല എസ്ഐ വി.എസ്. പ്രവീണിന്റെ ഫോണിൽ ബന്ധപ്പെട്ടു. ഞാനിരിക്കുന്ന സ്ഥലം മനസ്സിലാക്കിയെന്നും ഭയപ്പെടേണ്ട ഉടൻ എത്തുമെന്നും പറഞ്ഞു. രാത്രിയായിട്ടും ആരും വന്നില്ല.

ഞാനിരുന്ന മരം അത്ര സുരക്ഷിതമല്ലെന്നു തോന്നിയപ്പോൾ താഴെയിറങ്ങി. കുറച്ചുകൂടി വലിയ മരത്തിലേക്കു കയറി. പേടിച്ചു വിറയ്ക്കുകയായിരുന്നതിനാൽ ഇതിനിടെ പലതവണ വീണു. പിന്നീട് ഒരുവിധം മുകളിലെത്തി. ഒരുപോള കണ്ണടയ്ക്കാതെ നേരം വെളുപ്പിച്ചു. 6.30 ആയപ്പോൾ താഴെയിറങ്ങി കഴിഞ്ഞ ദിവസം ഓട്ടത്തിനിടെ കണ്ട അരുവിക്കരികിലെത്തി. വെള്ളം കുടിച്ചു ക്ഷീണം മാറ്റി.

വീണ്ടും നടന്നു. എത്ര ദൂരം പിന്നിട്ടെന്നറിയില്ല, അപ്പോൾ ‌ഇരുചക്ര വാഹനത്തിന്റെ ശബ്ദം കേട്ടു. റോഡിന് അടുത്തിരുന്നു. ഇരുചക്രവാഹനത്തിൽ വന്നവർ എന്നെ കണ്ടെന്ന് ഉറപ്പായതിനാൽ അവിടെത്തന്നെയിരുന്നു. അവർ എന്നെയടുത്ത് വണ്ടിയിൽ ഇരുത്തി, റവന്യുവകുപ്പിന്റെ വാഹനത്തിൽ എത്തിച്ചു. ഈ സമയം അജേഷിനെയും കണ്ടു. അപ്പോഴാണ് ജീവൻ തിരിച്ചു കിട്ടിയെന്നു ശരിക്കും വിശ്വസിക്കാനായത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com