എൻക്യുഎഎസ് അംഗീകാരം നേടി മുണ്ടയ്ക്കൽ അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രം; ഗുണനിലവാര മാനദണ്ഡം ഇങ്ങനെ
Mail This Article
കൊല്ലം ∙ മുണ്ടയ്ക്കൽ അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കേന്ദ്രസർക്കാരിന്റെ നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് (എൻക്യുഎഎസ്) അംഗീകാരം. 2 ലക്ഷം രൂപ ഇൻസന്റീവ് ലഭിക്കും. ജില്ലയിൽ ആദ്യമായാണ് അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ഇൗ അംഗീകാരം ലഭിക്കുന്നത്. കുണ്ടറ ഇളമ്പള്ളൂർ കുടുംബാരോഗ്യകേന്ദ്രത്തിനും അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് 11 ആശുപത്രികൾക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. ഇതിൽ രണ്ടെണ്ണം കൊല്ലം ജില്ലയിലാണ്. ഇളമ്പള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു 95.26 ശതമാനവും മുണ്ടയ്ക്കൽ അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 91.8 ശതമാനവും സ്കോർ ലഭിച്ചു.
1934ൽ ശിശുസംരക്ഷണ കേന്ദ്രമായി തുടങ്ങിയതാണു മുണ്ടയ്ക്കൽ അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രം. 1979ൽ പൊന്നുംവിലയ്ക്കു കൊല്ലം നഗരസഭ ഏറ്റെടുത്ത 1.26 ഏക്കർ സ്ഥലത്തേക്കു മാറിയതോടെയാണു സ്വന്തം കെട്ടിടം ഉണ്ടായത്. എട്ടു വിഭാഗങ്ങളിൽ ഏകദേശം 6500 ചെക്പോയിന്റുകൾ വിലയിരുത്തിയാണു കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകാരം നൽകുന്നത്. ജില്ലാതല പരിശോധന, സംസ്ഥാനതല പരിശോധന എന്നിവയ്ക്കു ശേഷം ദേശീയതല പരിശോധന നടത്തിയാണു ഗുണനിലവാര മാനദണ്ഡം ഉറപ്പുവരുത്തുന്നത്.
ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്കാണ് അംഗീകാരം ലഭിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപയും മറ്റ് ആശുപത്രികൾക്ക് കിടക്കയ്ക്ക് 10,000 രൂപ വീതവുമാണ് ഇൻസന്റീവ്. സംസ്ഥാനത്ത് ഇതുവരെ 119 ആശുപത്രികൾക്ക് എൻക്യുഎഎസ് അംഗീകാരം ലഭിച്ചിട്ടുണ്ട്. 3 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 7 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 28 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 77 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.